ബിഎസ്എൻഎൽ ക്വാർട്ടേഴ്സുകൾ ചിതലരിക്കുന്നു

നഗരസഭ എട്ടാം വാർഡ് ചിന്താമണി റോഡിലെ കാടുമൂടിയ ബിഎസ്എൻഎൽ ക്വാർട്ടേഴ്സ്, പട്ടാൽ ക്വാറി റോഡിൽ സ്ഥിതിചെയ്യുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സ്
പെരുമ്പാവൂർ
ബിഎസ്എൻഎൽ ക്വാർട്ടേഴ്സുകൾ ആൾത്താമസമില്ലാതെ കാടുമൂടി സാമൂഹ്യവിരുദ്ധരുടെ താവളമായി. നഗരസഭ എട്ടാംവാർഡിലെ ചിന്താമണി റോഡിലുള്ള നാല് ക്വാർട്ടേഴ്സുകളും പട്ടാല്‍ 14–ാം വാർഡിലെ ക്വാറി റോഡിലെ 27 ക്വാർട്ടേഴ്സുകളും അടങ്ങുന്ന ബഹുനിലകെട്ടിടങ്ങളാണ് നശിക്കുന്നത്.
ചിന്താമണി റോഡിലെ ക്വാർട്ടേഴ്സിനോടുചേർന്ന കെട്ടിടത്തിൽ ആദ്യകാലങ്ങളിൽ ദീർഘദൂര ഫോൺകോൾ സർവീസ് നൽകിയിരുന്ന ക്വയാക്കിൻ സ്റ്റേഷനും പ്രവർത്തിച്ചിരുന്നു. ഈ കെട്ടിടങ്ങൾ ആകെ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. സമീപവാസികൾക്ക് ഈ ക്വാർട്ടേഴ്സ് ഒരു പേടിസ്വപ്നമാണ്. ഇതിനകത്തെ വിലപിടിപ്പുള്ള സാധനസാമഗ്രികൾ ഒന്നുംതന്നെ അവശേഷിക്കാൻ സാധ്യതയില്ല. മുൻഗേറ്റ് ചങ്ങലയിട്ട് പൂട്ടിയനിലയിലാണ്. പട്ടാലിലെ ക്വാർട്ടേഴ്സാകട്ടെ, പുതുമ നശിച്ചിട്ടില്ലാത്ത ബഹുനിലമന്ദിരമാണ്. അടുത്തകാലംവരെ ക്വാർട്ടേഴ്സിൽ താമസക്കാരുണ്ടായിരുന്നു.
കേന്ദ്രസർക്കാർനയത്തിന്റെ ഭാഗമായി ബിഎസ്എൻഎല്ലിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ വിആർഎസ് എടുപ്പിച്ച് പിരിച്ചുവിട്ടതോടെയാണ് ക്വാർട്ടേഴ്സുകൾ താമസക്കാരില്ലാതെ പ്രേതാലയങ്ങളായത്. 24 സ്റ്റാഫ് ക്വാർട്ടേഴ്സും മൂന്ന് ഓഫീസേഴ്‌സ് ക്വാർട്ടേഴ്സും അടങ്ങുന്ന ഈ ബഹുനിലമന്ദിരം ഇന്ന് സാമൂഹ്യവിരുദ്ധരുടെ ഇഷ്ടതാവളമാണ്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലായതിനാൽ ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെടാറില്ല.
ചിന്താമണി റോഡിലെ ക്വാർട്ടേഴ്സിന്റെ നാശം ഏതാണ്ട് പൂർണമാണ്. എന്നാൽ, പട്ടാൽ ക്വാർട്ടേഴ്സ് അത്യാവശ്യം അറ്റകുറ്റപ്പണി ചെയ്താൽ താമസയോഗ്യവുമാണ്. കേന്ദ്രസർക്കാരിന്റെതന്നെ ഇതരവിഭാഗങ്ങൾക്കോ സംസ്ഥാന ജീവനക്കാർക്കോ ഇത് ഉപയോഗിക്കാനാകുംവിധം നടപടി സ്വീകരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം. കോടികൾ വിലമതിക്കുന്ന പൊതുസ്വത്താണ് സർക്കാരിന്റെയും വകുപ്പിന്റെയും നിരുത്തരവാദസമീപനംമൂലം ചിതലരിച്ച് വീഴുന്നത്.









0 comments