ad
Deshabhimani

print edition പരിസ്ഥിതി ലോല മേഖല: മരുതയിലും ദേവാലയിലും സ്വർണ 
ഖനനത്തിനുള്ള തുടർപഠനം നിലച്ചു

Gold Exploration marutha

വഴിക്കടവ് പഞ്ചായത്തിലെ മരുത മണ്ണിച്ചീനിയിൽ 1993 ൽ സ്വർണ ഖനന 
പഠനത്തിനായി കുഴിച്ചെടുത്ത വെള്ളാരംകല്ലുകൾ ​

avatar
വി കെ ഷാനവാസ്‌

Published on Sep 14, 2026, 02:06 AM | 1 min read

എടക്കര: പരിസ്ഥിതി ലോല മേഖലയിൽ മരുത, ദേവാല മലമ്പ്രദേശങ്ങൾ ഉൾപ്പെട്ടതിനാൽ സ്വർണ ഖനനം നിലച്ചു. മരുത മലയിലെ ഖനനത്തിന് പര്യവേഷണ അനുമതി നൽകാനുള്ള ഫയലുകൾ എന്നന്നേക്കുമായി ഉപേക്ഷിച്ചു. നീലഗിരി മലനിരകളിലാണ് വഴിക്കടവ് മരുത മലയും, തമിഴ്‌നാട്‌ പന്തല്ലൂർ ദേവാല മലയും.


1990വരെ വഴിക്കടവ് പഞ്ചായത്തിലെ മരുത നിവാസികളുടെ വരുമാന മാർഗമായിരുന്നു മലവാരത്തെ പൊന്നരിക്കൽ. മഴപെയ്താൽ നാടൊന്നാകെ മലകയറും. കുത്തിയൊലിക്കുന്ന വെള്ളത്തിൽ മലതുരന്ന് സ്വർണത്തരികളുമായി തിരികെയെത്തും. 1993ൽ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ച് പഠനം നടത്തി. മരുത മലനിരകളിൽ മാത്രം രണ്ടായിരം കിലോഗ്രാം സ്വർണ ശേഖരമുള്ളതായാണ് പ്രാഥമിക കണ്ടെത്തൽ.


ഒരു ടൺ അയിരിൽനിന്ന്‌ 12ഗ്രാം സ്വർണം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാല് ഗ്രാം കിട്ടിയാൽ പോലും ഖനനം ലാഭകരമാക്കാം. വഴിക്കടവ് ഫോറസ്റ്റ് റെയ്ഞ്ചിലെ മരുത ഔട്ട് പോസ്റ്റിന് സമീപം മണ്ണീച്ചിനി മലതുരന്നാണ് കേന്ദ്ര ഖനി മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രാഥമിക പഠനം നടത്തിയത്. 200 അടി താഴ്ചയിൽ മലതുരന്ന് രണ്ട് കിണറുകൾ കുഴിച്ച് പരിശോധിച്ചു. മേഖലയിലെ വെള്ളാരംകല്ലുകൾ ശേഖരിച്ചും പരിശോധിച്ചു. ഖനനം നടത്തിയാൽ ലാഭകരമാക്കാനും പ്രാദേശികമായി തൊഴിൽ ഉറപ്പാക്കാനുമാകുമെന്നുകണ്ട് തുടർപഠന ഫയലുകൾ തുറന്നു. പ്രാദേശികമായി ജനങ്ങൾ മരുത മല തുരക്കുന്നത് നിരോധിക്കാനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വനം വകുപ്പ് ഉത്തരവിറക്കി.


അന്ന്‌ ചെറുതും വലുതുമായ 20 സ്വർണക്കടകളാണ് മരുതയിൽ ഉണ്ടായിരുന്നത്. വറുതിയുടെ കാലത്ത് മരുതക്കാരിൽ പലരും പട്ടിണിയില്ലാതെ ജീവിച്ചത് പൊന്നരിച്ചായിരുന്നു. എന്നാൽ ഇവിടം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഖനനം ഇല്ലാതായി. പര്യവേഷണ അനുമതിക്കുള്ള ഫയൽ നീക്കവും നിലച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home