വല്ലാർപാടത്തേക്ക് തീർഥാടകപ്രവാഹം

വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ നേതൃത്വത്തിൽ 140 ബലൂണുകൾ പറത്തുന്നു
കൊച്ചി
വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള മരിയന്‍ തീർഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍നിന്നാരംഭിച്ച കിഴക്കൻ മേഖലാ തീർഥാടനവും ഗോശ്രീ ജങ്‌ഷനിൽനിന്നാരംഭിച്ച പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള തീർഥാടനവും ബിഷപ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനംചെയ്തു.
വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള പതാക അല്മായ സംഘടനാഭാരവാഹികൾ ബിഷപ് ആന്റണി വാലുങ്കലിൽനിന്ന് ഏറ്റുവാങ്ങി. തീർഥാടന ദീപശിഖ യുവജന സംഘടനാനേതാക്കൾക്ക് ബിഷപ് കൈമാറി. തീർഥാടകരെ വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 140 വർഷത്തെ അനുസ്‌മരിച്ച് 140 ബഹുവർണ ബലൂണുകൾ പറത്തി. വിജയപുരം സഹായമെത്രാൻ ബിഷപ് ഡോ. ജെസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, അതിരൂപതാ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറയ്‌ക്കൽ, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവർ പങ്കെടുത്തു. 16 മുതൽ 24 വരെയാണ് തിരുനാൾ.









0 comments