print edition പുനർജനി തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ്; അന്തിമ നടപടിക്ക് മടിച്ച് വിജിലൻസ്

വി ഡി സതീശൻ

റഷീദ് ആനപ്പുറം
Published on Sep 14, 2026, 02:24 AM | 1 min read
തിരുവനന്തപുരം : പുനർജനി തട്ടിപ്പിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റമുക്തനാക്കിയ സർക്കാർ നിർദേശത്തിൽ അന്തിമ തീരുമാനമെടുക്കാതെ വിജിലൻസ്. കേസന്വേഷണം പൂർണമായും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തി ഒന്നരമാസമായിട്ടും ഫയൽ ആഭ്യന്തരവകുപ്പിൽനിന്ന് വിജിലൻസ് ആസ്ഥാനത്ത് എത്തിയിട്ടില്ല. ജൂലൈ 30നാണ് അന്വേഷണം അവസാനിച്ചതായി ചെന്നിത്തല വെളിപ്പെടുത്തിയത്.
വകുപ്പിലെ ഒരു ഉന്നതൻ ആഭ്യന്തരമന്ത്രിയുടെ ഫയൽ നോട്ടിൽ സംശയം ഉന്നയിച്ചതായാണ് വിവരം. വിജിലൻസ് അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടറും ഫയൽ പരിശോധിച്ചിട്ടില്ല. വി ഡി സതീശന് ക്ലീൻചിറ്റ് നൽകി കേസ് അവസാനിപ്പിച്ചത് വിവാദമായിരുന്നു.
പുനർജനി പദ്ധതിക്കായി വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ പണംപിരിച്ചെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഫെമ ലംഘനമുള്ളതിനാൽ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വിജിലൻസ് സർക്കാരിന് ശുപാർശ നൽകി. എന്നാൽ, കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ മടക്കി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഭരണമാറ്റം. അതോടെ തെളിവില്ലെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
റിപ്പോർട്ടിൽ വിജിലൻസ് തുടർനടപടി സ്വീകരിച്ചിട്ടില്ലെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും പറയുന്നു. സർക്കാർ തീരുമാനത്തിലെ നിയമപ്രശ്‌നങ്ങളാണ് കാരണമെന്നറിയുന്നു. അന്വേഷണവിവരം ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടായിരുന്നു. പുനർജനിയിൽ ഫെമ നിയമം ലംഘിച്ചുവെന്നാണ് 2025 ഏപ്രിൽ 30ന് വിജിലൻസ് സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്.








0 comments