print edition ഓൺലൈൻ വായ്‌പ തട്ടിപ്പ് ആപ്പുകൾ സജീവം; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

Representative Image
തിരുവനന്തപുരം: ഓൺലൈനിൽ വായ്പ വാഗ്ദാനം നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. അംഗീകൃത ആപ്പുകളെന്ന വ്യാജേന വ്യാജ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകൾ. തുടർന്ന് കോൺടാക്‌ടുകൾ, കോൾ വിവരങ്ങൾ, കാമറ, മൈക്രോഫോൺ, ലൊക്കേഷൻ എന്നിവയുടെ നിയന്ത്രണം കൈക്കലാക്കും. ആധാർ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ജോലി സംബന്ധമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും ആവശ്യപ്പെടും.
വിശ്വാസ്യതയ്ക്ക് ‘ലോൺ അപ്രൂവ്ഡ്' എന്ന സന്ദേശത്തോടൊപ്പം ചെറിയൊരു തുക അക്കൗണ്ടിലേക്ക് അയച്ചുനൽകും. പിന്നീട് പ്രോസസിങ് ഫീ, ജിഎസ്ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ പല ഘട്ടങ്ങളിലായി വൻതുക ആവശ്യപ്പെടും. പണം ലഭിച്ചുകഴിയുമ്പോൾ തട്ടിപ്പുസംഘം മുങ്ങും. വ്യക്തിഗത രേഖകളും ഫോട്ടോകളും ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തും. മോർഫ്ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണംതട്ടുന്നു. രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എടുത്ത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്താനും പ്രതികൾ മുതിരുന്നുണ്ട്.
പ്ലേസ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴിമാത്രം വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. മുൻകൂർ പണം ആവശ്യപ്പെടുന്ന വായ്പാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കുക. ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, സിവിവി തുടങ്ങിയ വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്. തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകാം.









0 comments