print edition സ്വാതന്ത്ര്യദിനത്തിൽ ഏറ്റുവാങ്ങിയത് ക്രൂരമർദനം; അടിയന്തരാവസ്ഥയിൽ അറസ്റ്റിലായത് 2 തവണ

ബേബി ജോണിന്റെ മൃതദേഹം സൺ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
കെ എൻ സനിൽ
Published on Sep 14, 2026, 02:15 AM | 1 min read
തൃശൂർ: കരിനിയമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിനെത്തുടർന്ന് അടിയന്തരാവസ്ഥക്കാലത്ത് ബേബിജോൺ അറസ്റ്റിലായത് രണ്ടുതവണ. സ്വാതന്ത്ര്യദിനത്തിലെ ക്രൂര മർദനത്തിന്റെ നടുക്കുന്ന ഓർമകളാണ് ബേബിജോണിന് അടിയന്തരാവസ്ഥ. 1975 ആഗസ്‌ത് 14ന് രാത്രിയാണ് അറസ്റ്റിലായത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം സ്വാതന്ത്ര്യദിനം കരിദിനമായി ആചരിക്കാൻ കെഎസ‍്--വെെഎഫ് തീരുമാനിച്ചു. അതിന്റെ ഭാഗമായി 14ന് രാത്രി കരിങ്കൊടി കെട്ടാൻ എത്തിയതായിരുന്നു ബേബിജോണും പാലുവായിലെ മാമരക്കാട്ട് ബാലനും. അവിടെനിന്നാണ് ഡിഫൻസ് ഓഫ് ഇന്ത്യാ റൂൾസ് പ്രകാരം അറസ്റ്റുചെയ്യപ്പെട്ടത്. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷമായിരുന്നു അതിക്രൂര മർദനം. 15ന് രാവിലെ ദേശീയ പതാക ഉയർത്തിയശേഷം സ്റ്റേഷനിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും വന്ന് അതിഭീകരമായി മർദിച്ചു. പിന്നീടും അതിക്രൂര മർദനത്തിനിരയായി. ദിവസങ്ങൾക്കുശേഷം മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയപ്പോൾ വിട്ടയക്കുകയായിരുന്നു. ഒരുവർഷത്തോളം നീണ്ട കേസിൽനിന്ന് പിന്നീട് ഇരുവരെയും വെറുതെവിട്ടു.
അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തിലാണ് വീണ്ടും അറസ്റ്റിലാവുന്നത്. അന്ന് കെഎസ്‌വൈഎഫ് ചാവക്കാട് താലൂക്ക് ഭാരവാഹിയാണ്. സംഘടനായോഗം നടക്കുന്നതിനിടെ പൊലീസ് യോഗസ്ഥലം വളഞ്ഞാണ് ബേബിജോണിനെ അറസ്റ്റ് ചെയ്തത്. അന്ന് അവിടെ കൂടിയിരുന്ന എല്ലാവരേയും അറസ്റ്റ് ചെയ്‌തു. 52 ദിവസം ജയിലിൽ കിടന്നു. അടിയന്തരാവസ്ഥ പിൻവലിച്ചശേഷമാണ് പുറത്തിറങ്ങിയത്. ജയിലിൽനിന്ന് നേരെ പോയത് തെരഞ്ഞെടുപ്പു കൺവൻഷനിലേക്കാണ്.
രാഷ്‌ട്രീയ നിലപാടിന്റെ പേരിലാണ് അറസ്റ്റ് ചെയ്‌തതെങ്കിലും രാഷ്‌ട്രീയത്തടവുകാരുടെ ഒരു പരിഗണനയും ലഭിച്ചിരുന്നില്ല. ക്രിമിനൽ തടവുകാർക്കൊപ്പമാണ് ബേബിജോണിനെയും ഒപ്പം അറസ്റ്റിലായവരെയും പാർപ്പിച്ചത്. പത്രം പോലും വായിക്കാൻ കിട്ടിയിരുന്നില്ല. ജയിലിലെത്തിയ ഉടൻ കഴുത്തിൽപ്പിടിച്ചു തള്ളിയാണ് സെല്ലിനകത്തേക്ക് കയറ്റിയത്.
ആദ്യ അറസ്റ്റിനുശേഷം വലിയതോതിൽ സാമൂഹ്യ ബഹിഷ്‌കരണം അനുഭവിച്ചു. ആളുകൾ മുഖത്തുനോക്കാൻ പോലും മടിച്ചു. ചായക്കടയിൽനിന്ന് ചായ കിട്ടില്ല. അസാധാരണമായ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിന്നിരുന്നതെന്ന് ബേബിജോൺ പലപ്പോഴും ഓർത്തുപറയുമായിരുന്നു.









0 comments