print edition അൾത്താര ബാലനിൽനിന്ന് ജനനേതാവിലേക്ക്

ബേബി ജോണും സീതാറാം യെച്ചൂരിയും ഇ എം രാധയും (ഫയൽ ചിത്രം)

കെ വി അബ്ദുൾ ഖാദർ
Published on Sep 14, 2026, 02:12 AM | 2 min read
അൾത്താര ബാലനായിരുന്ന, പാലുവായ് ചക്രമാക്കിൽ അന്തോണിയുടെ മകൻ ബേബിജോൺ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃസമിതിയിലേക്ക് ഉയർന്നത് ത്യാഗനിർഭരമായ പോരാട്ടങ്ങളിലൂടെയാണ്.
പാലുവായിലെ പ്രസിദ്ധമായ റോമൻ കത്തോലിക്ക കുടുംബമായ ചക്രമാക്കിൽ തറവാട്ടിൽ പിറന്ന ബേബി ജോൺ പള്ളിയിലെ അൾത്താര ശുശ്രൂഷയിലെ സഹായിയായിരുന്നു. പിൽക്കാലത്ത് കേരള കോൺഗ്രസ് എം നേതാവായി മാറിയ എ എൽ സെബാസ്റ്റ്യനും അന്ന് കൂടെയുണ്ടായിരുന്നു.
പുരോഹിതനാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. പരന്ന വായനയും അറുപതുകളുടെ അവസാന വർഷങ്ങളിലെ തിളച്ചു മറിയുന്ന രാഷ്ട്രീയവും ബേബിജോണിനെ ഇടതുപക്ഷ ആശയങ്ങളിലേക്ക് നയിച്ചു. എസ്എസ്എൽസി പാസായശേഷം ടി ടിസിക്ക് ചേർന്നതോടെ കെഎസ്‌വൈഎഫ് പ്രവർത്തനങ്ങളിൽ സജീവമായി. ചാവക്കാട് താലൂക്ക് ഭാരവാഹിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായി. മലപ്പുറം പി മൂസ, അമ്പാടി വേണു, കെ വി പീതാംബരൻ, സി കെ രവി, പിൽക്കാലത്ത് പ്രമുഖ മാധ്യമ പ്രവർത്തകനായി മാറിയ നീലൻ (പ്രേംജിയുടെ മകൻ എം പി നീലകണ്ഠൻ) എന്നിവർ ഇക്കാലത്ത് സഹപ്രവർത്തകരായിരുന്നു. 1970 ൽ കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പി വിഎം എൽപി സ്കൂളിൽ അധ്യാപകനായി. അന്ന് ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു ഈ ലേഖകൻ. ചെറുപ്പകാലത്ത് കളിക്കിടയിൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായിരുന്നു. ഇക്കാലത്ത് യുവജന, പാർടി വേദികളിൽ തീപ്പൊരി പ്രസംഗകനായി മാറി ബേബിമാഷ്.
അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് 1975 ആഗസ്ത് 14ന് കരിങ്കൊടി പ്രകടനം നടത്താൻ കെഎസ്‌വൈഎഫ് ആഹ്വാനം ചെയ്തു. ഗുരുവായൂരിൽ ഏതാനും പ്രവർത്തകർക്കൊപ്പം കരിങ്കൊടി കാണിച്ച് പ്രകടനം നടത്തിയ ബേബി ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലൻ എന്നൊരു പ്രവർത്തകനും അറസ്റ്റിലായി. ഭീകരമായ മർദനമുറകൾക്ക് ബേബി ജോൺ വിധേയനായി. തുടർച്ചയായി പൊലീസ് ചൂരൽകൊണ്ട് കാലിന്നടിയിൽ അടിച്ചു. അടിയേറ്റ് പൊട്ടിപ്പൊളിഞ്ഞ കാൽ പഴുത്തു. അറസ്റ്റ് രേഖപ്പെടുത്താതെ രണ്ടാഴ്ചയിലേറെ ലോക്കപ്പുകളിൽ മാറ്റിപ്പാർപ്പിച്ചു.
മതിയായ ചികിത്സയും നൽകിയില്ല. പിന്നീട് കോടതിയിൽ ഹാജരാക്കി ചാവക്കാട് സബ് ജയിലിൽ റിമാൻഡ് ചെയ്തു. ജയിലിലും ബേബിജോൺ സമരം നടത്തി. സി വി ശ്രീരാമൻ ഇതേക്കുറിച്ച് ഒരു കഥയിൽ പരാമർശിക്കുന്നുണ്ട്.
സിപിഐ എം പാലുവായ് ബ്രാഞ്ച് സെക്രട്ടറിയായാണ് പാർടി സംഘടനാരംഗത്തെ തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ ചാവക്കാട് ഏരിയ കമ്മിറ്റി അംഗമായി. കടപ്പുറം, ഒരുമനയൂർ, ചാവക്കാട് പ്രദേശങ്ങൾ ചേർന്ന് ഒരു ലോക്കൽ കമ്മിറ്റിയായിരുന്നു. ഇതിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1980 ൽ ചാവക്കാട് നഗരസഭയായി മാറിയപ്പോൾ ആദ്യ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് ബൈപാസ് റോഡ് ആവിഷ്കരിച്ചത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന ബേബിജോണിന്റെ നേതൃത്വത്തിലാണ്. 1987 ലും നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
ചാവക്കാട് പാർടി കമ്മിറ്റി വിഭജിച്ച് 1984 ൽ മണലൂർ, ചാവക്കാട് ഏരിയ കമ്മിറ്റികൾ രൂപീകരിച്ചപ്പോൾ ചാവക്കാട് ഏരിയ സെക്രട്ടറിയായി . ചാവക്കാട് മേഖലയിൽ പാർടിയുടെ
വിപുലീകരണത്തിന് നിസ്തുല സംഭാവനയാണ് അദ്ദേഹം നൽകിയത്. തീരദേശത്തിന്റെ സവിശേഷ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അടിമകളായി കണക്കാക്കുന്ന എടവം പതിനാറിന്റെ "മാറ്റിപ്പെയ്ത്ത് " തുറന്നുകാണിച്ച് രണ്ടു ദിവസങ്ങളിലായി ബേബിജോൺ ദേശാഭിമാനി എഡിറ്റ് പേജിൽ എഴുതിയ ലേഖനം വലിയ ചർച്ചയായി.
ഇ കെ ഇമ്പിച്ചിബാവ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി നേതാക്കൾ ചാവക്കാട്ടെത്തി പ്രശ്നം ഏറ്റെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി. മാറ്റിപ്പെയ്ത്ത് ഇന്ന് പഴങ്കഥയായി. ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. ബീഡി യൂണിയന്റെ ജില്ലാ സംസ്ഥാന നേതൃതലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ചെത്ത് - മദ്യ വ്യവസായ തൊഴിലാളി യൂണിയൻ രംഗത്തും പ്രവർത്തിച്ചു. അധ്യാപകനായിരിക്കെ കെപിടിയു ഭാരവാഹിയായും പ്രവർത്തിച്ചു. സംസ്ഥാനത്തെ മികച്ച പ്രസംഗകരിൽ ഒരാളായിരുന്നു ബേബിജോൺ.









0 comments