print edition നദി കരകവിഞ്ഞു; ബിഹാറിൽ സ്‌കൂളിലെത്താൻ ജീവന്മരണ പോരാട്ടം

കുട്ടികൾ ഇരുമ്പ് ബോയയിൽ കയറി നദി മുറിച്ചുകടക്കുന്നു
പട്‌ന: ബിഹാർ പട്നയിൽ പ്രളയജലത്തെ അതിജീവിച്ച് സ്കൂളിലെത്താൻ കുരുന്നുകൾ നടത്തുന്നത് ജീവൻമരണ പോരാട്ടം. ഗംഗയിലെ വെള്ളപ്പൊക്കത്തെതുടർന്ന് കരകവിഞ്ഞൊഴുകുന്ന മുഹാനെ നദിയിൽ താൽക്കാലികമായി സ്ഥാപിച്ച ഇരുമ്പ് ബോയയിൽ കയറിയാണ് ബാർഹ് എക്‌ദംഗ പഞ്ചായത്തിലെ കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. അപകടകരമായ രീതിയിൽ നദി മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധമുയർന്നു. വിദ്യാർഥികൾക്ക് മറ്റ് യാത്രാസൗകര്യം ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടിട്ടില്ല. പാലമെന്ന ദീർഘകാല ആവശ്യവും പരിഗണിച്ചില്ല.
വിവാദമായതോടെ വിഷയത്തിൽ ന്യായീകരണവുമായി ബാർഹ് വിദ്യാഭ്യാസ ഓഫീസർ അമിത് കുമാർ രംഗത്തെത്തി. സ്കൂളിലേക്ക് പോകുന്നതിനായി റോഡുണ്ടെന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നുമാണ് വിശദീകരണം. എന്നാൽ പ്രളയകാലത്ത് റോഡുകൾ തകർന്നുകിടക്കുകയാണെന്നും മറ്റു വാഹനങ്ങൾ ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.










0 comments