ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാവരുടേതുമാക്കണം ജനജീവിതവും കാഴ്ചപ്പാടുകളും വർഗീയവൽക്കരിക്കാൻ ശ്രമം- എംവി ഗോവിന്ദൻ

കോഴിക്കോട്: ജനജീവിതവും കാഴ്ചപ്പാടുകളും വർഗീയവൽക്കരിക്കാനുള്ള ശ്രമമുണ്ട്. വർഗീയവൽക്കരണത്തെയും അതിന്റെ ലളിതവൽക്കരണത്തെയും പ്രതിരോധിക്കുകയെന്നത് യോഗത്തിന്റെ പ്രധാന ചർച്ചയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ ഉത്സവങ്ങളും ആഘോഷമാക്കി മാറ്റാനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന നിർദേശം ചർച്ചയിലുയർന്നു. ഉത്സവാഘോഷങ്ങളെ വെള്ളം കടക്കാത്ത അറപോലെ സ്വകാര്യ ഇടങ്ങളാക്കി മാറ്റുന്നുണ്ട്. ആചാരപരമായ രീതികൾ ചൂണ്ടിക്കാട്ടി ആഘോഷങ്ങൾക്ക് അപരവിദ്വേഷത്തിന്റെ പശ്ചാത്തലമൊരുക്കുന്നത് ഒഴിവാക്കപ്പെടണം. അന്ധവിശ്വാസജഡിലമായ തെറ്റായ നിലപാടുകളും സ്ത്രീവിരുദ്ധ പരാമർശങ്ങളും ഉയർന്നുവരുമ്പോൾ അവയെല്ലാം ശരിയായ ദിശാബോധത്തിൽ നേരിടാനാകണം.
ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പാർടി വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും ഉയർന്നുവന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംശയനിവാരണത്തിനായി പ്രത്യേക ആപ്പുകൾ രൂപീകരിക്കാനാകണമെന്ന ആവശ്യവുമുയർന്നു. ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ കേരളത്തിനുണ്ടായ വളർച്ചയും ഇപ്പോഴുണ്ടാകുന്ന വലതുപക്ഷവൽക്കരണവും അതിന്റെ സാമ്പത്തിക വികാസവുമെല്ലാം സംബന്ധിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ഗവേഷണപരമായി സമീപിക്കാൻ സാധിക്കുന്ന കേന്ദ്രങ്ങളായി പഠനഗവേഷണ കേന്ദ്രങ്ങളെ പരിവർത്തിപ്പിക്കണം.
നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന വലതുപക്ഷ ചെയ്തികളെ ചെറുക്കുന്നതിന്റെ ഭാഗമായി ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടതുണ്ട്.മാധ്യമരംഗത്ത് വലതുപക്ഷ – വർഗീയ ശക്തികൾ നടത്തുന്ന പ്രചാരണങ്ങളെ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുകയെന്നത് യോഗത്തിന്റെ ഉന്നമാണ്. ഇതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് പ്രതിരോധം തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. കേന്ദ്രനയങ്ങൾ അതേപടി നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിരോധമുയർത്തണം. ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമുയർത്തണമെന്ന നിർദേശങ്ങളും ചർച്ചയിലുയർന്നതായി എം വി ഗോവിന്ദൻ പറഞ്ഞു.









0 comments