സുശാന്തിന്റെ മുൻമാനേജരുടെ മരണം: ആദിത്യ താക്കറെ ഉൾപ്പെടെയുള്ളവരുടെ പേരുകൾ സിബിഐ എഫ്‌ഐആറിൽ

ദിശ സാലിയൻ, ആദിത്യ താക്കറെ, ദിനോ മോറിയ, റിയ ചക്രവർത്തി
മുംബൈ: സുശാന്ത് സിങ് രാജ്പുതിൻരെ മുൻ മാനേജറായിരുന്ന ദിശ സാലിയന്റെ മരണത്തിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ശിവസേനാ (ഉദ്ധവ് താക്കറെ) നേതാവും എംഎൽഎയുമായ ആദിത്യ താക്കറെ, അഭിനേതാക്കളായ ദിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവർത്തി എന്നിവരുടെ അടക്കമുള്ളവരുടെ പേരുകൾ എഫ്ഐആറിലുണ്ട്.
2020 ജൂൺ എട്ടിനാണ് മലാഡിലെ സ്വന്തം ഫ്ലാറ്റിന്റെ പതിനാലാം നിലയിൽനിന്ന് വീണ് ദിശയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആറ് ദിവസങ്ങൾക്ക് ശേഷം ബോളിവുഡ് താരം സുശാന്ത് സിങിനെയും ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ട് മരണവും ആത്മഹത്യയാണെന്നാണ് പൊലീസ് വിലയിരുത്തിയത്.
തന്റെ മകൾ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് ആരോപിച്ചുകൊണ്ട് ദിശ സാലിയന്റെ പിതാവ് സതീഷ് സാലിയൻ ഹൈക്കോടതിയിൽ ഹർജി നൽകുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുൻപാണ് ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിശ കൂട്ടബലാത്സംഗത്തിനിരയായശേഷം കൊല്ലപ്പെട്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസ് അട്ടിമറിക്കാൻ ഉന്നതതലത്തിൽ ശ്രമങ്ങളുണ്ടായി. തെളിവ് നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും പരാതിയുണ്ട്.
എന്നാൽ, ആദിത്യ താക്കറെയുടെ പേര് എഫ്ഐആറിൽ ചേർത്തത് ശിവസേനയെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമെന്നാണ് ശിവസേനയുടെ പ്രതികരണം.








0 comments