ad
Deshabhimani

റാങ്ക്‌ലിസ്‌റ്റ്‌ നീട്ടാനാകില്ല; മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളെ പറഞ്ഞു പറ്റിച്ചു

LPST PSC rank Holders Protest

ഉദ്യോഗാർത്ഥികൾ സെക്രട്ടറിയറ്റിന് മുൻപിൽ നടത്തിയ സമരം (ഫയൽ)

വെബ് ഡെസ്ക്

Published on Sep 14, 2026, 06:46 PM | 2 min read

തിരുവനന്തപുരം: നിയമവശങ്ങൾ പരിഗണിക്കാതെ ​റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ പിഎസ്‌സിയ്‌ക്ക്‌ ശുപാർശ നൽകിയ സർക്കാർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന്‌ തെളിഞ്ഞു. 18 കാറ്റഗറികളിലായി സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന അധ്യാപക ലിസ്‌റ്റുകൾ ആറ് മാസം നീട്ടണമെന്നാണ്‌ സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, നിയമപരമല്ലെന്ന്‌ വ്യക്തമാക്കി തിങ്കളാഴ്‌ച ചേർന്ന പിഎസ്‌സി യോഗം ഇ‍ൗ ശുപാർശ തള്ളി. നിയമനത്തിനായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്‌ത റാങ്ക്‌ ഹോൾഡേഴ്‌സിനെ റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി നീട്ടുമെന്ന്‌ വാഗ്‌ദാനം നൽകിയാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ മടക്കി അയച്ചത്‌. റാങ്ക്‌ ലിസ്‌റ്റ്‌ നീട്ടൽ പ്രായോഗികമല്ലെന്ന്‌ പിന്നീട്‌ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട്‌ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയായിരുന്നു.


നിയമപ്രകാരം ഒരു പ്രത്യേക കാലയളവിലെ റാങ്ക് ലിസ്‌റ്റ്‌ നീട്ടുകയാണെങ്കിൽ നിശ്‌ചിത തസ്‌തിക മാത്രമായി നീട്ടാനാകില്ല. ആ കാലയളവിൽ കാലാവധി കഴിയുന്ന മുഴുവൻ തസ്തികകളുടെയും ലിസ്‌റ്റുകൾ നീട്ടേണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിരീക്ഷണങ്ങളുണ്ട്.


സർക്കാർ ശുപാർശ ചെയ്‌ത കാലയളവിൽ എണ്ണൂറിലേറെ പട്ടികകളുടെ കാലാവധി അവസാനിക്കുന്നുണ്ട്. ഇതെല്ലാം നീട്ടിയാൽ വരാനിരിക്കുന്ന ലിസ്‌റ്റുകളിലെ നിയമനങ്ങളിൽ അനിശ്ചിതത്വമുണ്ടാകും. റാങ്ക് ലിസ്‌റ്റ്‌ നീട്ടൽ തുടർന്നാൽ പിഎസ്‌സിയുടെ തുല്യനീതി നിയമന സംവിധാനവും അട്ടിമറിക്കപ്പെടും. ഇതെല്ലാം പരിഗണിച്ചാണ്‌ പിഎസ്‌സി യോഗം സർക്കാർ ശുപാർശ തള്ളിയത്‌.


കാലാവധി നീട്ടാൻ ശുപാർശ നൽകിയ 18 തസ്തികകളിൽ വിവിധ ജില്ലകളിലായി 106 റാങ്ക് ലിസ്‌റ്റുകളാണുള്ളത്. ഇതിൽ 90 ശതമാനത്തിലേറെ നിയമനം നടത്തിയ ലിസ്‌റ്റുകളും മെയിൻ ലിസ്‌റ്റിൽ നിന്ന്‌ പൂർണമായും നിയമനം നടന്നവയുമുണ്ട്. ഇതെല്ലാം നീട്ടുന്നത് വരാനിരിക്കുന്ന റാങ്ക് ലിസ്‌റ്റുകളിലെ നിയമനത്തെ ബാധിക്കും. പുതിയ പരീക്ഷ നടത്തി ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുന്ന നടപടി വൈകുകയും ചെയ്യും.


പിഎസ്‍സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി തുടർച്ചയായി നീട്ടുന്നത് നിയമന നിരോധനം മറയ്ക്കാനുള്ള തന്ത്രം കൂടിയാണ്‌. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ പുതിയത്‌ പ്രസിദ്ധീകരിക്കുന്നതിനു പകരം നിയമന നിരോധനം ലക്ഷ്യം വെച്ചാണ് പട്ടിക നീട്ടുന്നത്. എല്ലാ ലിസ്റ്റുകളും നീട്ടാതെ ചിലതു മാത്രം നീട്ടുന്നതിൽ അനീതിയുമുണ്ട്‌.


യുഡിഎഫ് അധികാരത്തിൽ വന്നശേഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും വലിയതോതിൽ കുറഞ്ഞു. പല ഓഫീസുകളിലും ഒഴിവുകളുണ്ടെങ്കിലും തൽക്കാലം അതൊന്നും പിഎസ്‌സിയ്‌ക്ക്‌ റിപ്പോർട്ട്‌ ചെയ്യേണ്ടെന്ന നിർദ്ദേശമാണ്‌ ഓഫീസ്‌ മേധാവികൾക്ക്‌ മുകളിൽ നിന്ന്‌ ലഭിച്ചിരിക്കുന്നത്‌. ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ എല്ലാ തരത്തിലും വഞ്ചിക്കുകയാണ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home