ad
Deshabhimani

print edition ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി 
ഭൂരിപക്ഷം സൃഷ്ടിക്കുന്നു: കപിൽ സിബൽ

Kapil Sibal AILU

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ 15–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കുതിരക്കച്ചവടവും ജനാധിപത്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Sep 14, 2026, 01:21 AM | 1 min read

കൊച്ചി: രാജ്യത്ത്‌ ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങി ഭൂരിപക്ഷം സൃഷ്ടിക്കുന്ന സ്ഥിതിയാണെന്ന്‌ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഇതിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനുപകരം കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കുതിരക്കച്ചവടവും ജനാധിപത്യവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ജനപ്രതിനിധികൾ കൂട്ടത്തോടെ കളംമാറുമ്പോൾ വോട്ടറുടെ തീരുമാനം വിൽപ്പനച്ചരക്കാകുകയാണ്‌. ഇതിലൂടെ ഭൂരിപക്ഷം ന്യൂനപക്ഷവും ന്യൂനപക്ഷം ഭൂരിപക്ഷവുമാകും. 2024-ലെ റിപ്പോർട്ടുകൾപ്രകാരം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിരുന്ന 25 നേതാക്കൾ 2014നുശേഷം ബിജെപിയിലെത്തിയിട്ടുണ്ട്‌. ഇതിൽ 23 കേസുകളിലും അന്വേഷണം അവസാനിപ്പിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തു. അവരിൽ ചിലർ മുഖ്യമന്ത്രിമാർവരെയായി.


എസ്‌ഐആറിന്റെ മറവിൽ വോട്ടർപ്പട്ടികയിൽനിന്ന്‌ വ്യാപകമായി ജനങ്ങളെ ഒഴിവാക്കുന്നു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ കൂട്ടത്തോടെ പേരുകൾ വെട്ടിമാറ്റുന്നത്. രാഷ്ട്രീയ പാർടികൾ ഇതിനെതിരെ ശക്തമായ നിലപാട്‌ എടുക്കണം– കപിൽ സിബൽ പറഞ്ഞു.


ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ ഗോപാലകൃഷ്ണക്കുറുപ്പ്‌ അധ്യക്ഷനായി. ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി ഭരണഘടനയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൈപ്പുസ്‌തകം കപിൽ സിബൽ പ്രകാശിപ്പിച്ചു. സംഘടനയുടെ ഉപഹാരമായി ആറന്മുള കണ്ണാടി അദ്ദേഹത്തിന്‌ സമ്മാനിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, ജോയിന്റ്‌ സെക്രട്ടറി എൻ മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. ഒക്ടോബര്‍ ഒന്പതുമുതൽ 11 വരെ തലശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നഗറിലാണ്‌ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home