ബാബുരാജിന് ഗാന്ധിഭവനിൽ അഭയം

ബാബുരാജ് ഗാന്ധിഭവനിൽ
പത്തനാപുരം
ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ട് ഡൽഹിയിൽ സേവനമനുഷ്ഠിച്ച ബാബുരാജിന്, ജീവിതസായാഹ്നത്തിൽ ഗാന്ധിഭവനിൽ അഭയം. ഗുരുതര രോഗങ്ങളെത്തുടർന്ന് പരിചരിക്കാനും സംരക്ഷിക്കാനും ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ എഴുപത്തിമൂന്നുകാരൻ എം എസ് ബാബുരാജിനെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കായംകുളം രാമപുരം സ്വദേശിയായ ബാബുരാജ് 1972ലെ അടിയന്തിരാവസ്ഥ കാലത്താണ് ഡൽഹിയിൽ എത്തുന്നത്. അവിടെ ഹോട്ടൽ മാനേജരായി ജോലിചെയ്ത് ജീവിതം ആരംഭിച്ചു. ഇതിനിടെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് രണ്ടു മക്കളുണ്ടായി. ഇരുവർക്കും നല്ല വിദ്യാഭ്യാസവും നൽകി. ആരോഗ്യാവസ്ഥ മോശമായതോടെ ഭാര്യയും മക്കളും ബാബുരാജിനെ ഉപേക്ഷിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ഡൽഹിയിലെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജീവ ചികിത്സകൾ പൂർത്തിയായതിനെ തുടർന്ന് പതിവ് മെഡിക്കൽ നിരീക്ഷണവും ചികിത്സയും മാത്രമാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട് പരിചരിക്കാൻ ആരുമില്ലാതെ നിസ്സഹായനായ ബാബുരാജിന്റെ ദയനീയാവസ്ഥ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ചെയർപേഴ്സൺ ദീപ ജോസഫ് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുഹൃത്ത് ജോസഫ് മാർഷൽ ബാബുരാജിനെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. ബാബുരാജിന് ആവശ്യമായ ദൈനംദിന പരിചരണം, ഭക്ഷണം, ആവശ്യമായ തുടർചികിത്സ എന്നിവ ഉറപ്പാക്കുമെന്ന് ഗാന്ധിഭവൻ അധികൃതർ പറഞ്ഞു.










0 comments