അണക്കെട്ടുകളിൽ ചെളി നിറയുന്നു
മലമ്പുഴയിലും കാഞ്ഞിരപ്പുഴയിലും സംഭരണശേഷി കുറയുന്നു

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയർ
വി പ്രശോഭ്
Published on Sep 14, 2026, 12:44 AM | 1 min read
മണ്ണാർക്കാട്
ജില്ലയിലെ പ്രധാന ജലസംഭരണികളായ കാഞ്ഞിരപ്പുഴ, മലമ്പുഴ അണക്കെട്ടുകളുടെ റിസർവോയറുകളിൽ വൻതോതിൽ മണ്ണും ചെളിയും മണലും അടിഞ്ഞുകൂടി സംഭരണശേഷി കുറയുന്നതായി റിപ്പോർട്ട്. ജലസേചന വകുപ്പിന്റെ പീച്ചിയിൽനിന്നുള്ള മണ്ണ് പരിശോധനാ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പഠനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1.63 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. 1980ൽ ഭാഗികമായി കമീഷൻ ചെയ്ത കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മണലും ഇതുവരെനീക്കം ചെയ്തിട്ടില്ല. ഇതോടെ റിസർവോയറിന്റെ പല ഭാഗങ്ങളിലും വൻതോതിൽ മണ്ണടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് അണക്കെട്ടിന്റെ ജലസംഭരണശേഷിയെ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മലമ്പുഴ അണക്കെട്ടിലും സമാനമായ സ്ഥിതിയാണ്. റിസർവോയറിന്റെ സംഭരണശേഷിയുടെ 20 ശതമാനത്തോളം ചെളി നിറഞ്ഞതായാണ് പ്രാഥമിക കണക്ക്. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ പരമാവധി ജലസംഭരണനിരപ്പ് 97.50 മീറ്ററാണ്. റിസർവോയറിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്താൽ സംഭരണശേഷി വർധിപ്പിക്കാനാകും. ഇത് ജില്ലയിലെ കാർഷികമേഖലയ്ക്കും കുടിവെള്ള പദ്ധതികൾക്കും വലിയ നേട്ടമാകും. മഴക്കാലത്ത് ജില്ലയിൽ ആദ്യം ഷട്ടറുകൾ തുറക്കുന്നത് കാഞ്ഞിരപ്പുഴയിൽനിന്നാണ് മണ്ണാർക്കാട്, ചെർപ്പുളശേരി, ഒറ്റപ്പാലം നഗരസഭകളിലെ കാർഷിക ആവശ്യങ്ങൾക്കും കാഞ്ഞിരപ്പുഴ, കാരാകുറുശി, തച്ചമ്പാറ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾക്കും വെള്ളം ലഭിക്കുന്നത്. മലമ്പുഴ അണക്കെട്ടും പാലക്കാട്, മലമ്പുഴ, മുണ്ടൂർ മേഖലകളിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സാണ്. അതിനാൽ രണ്ട് അണക്കെട്ടുകളുടെയും റിസർവോയറുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.









0 comments