ബേബി ജോൺ അന്തരിച്ചു

തൃശൂർ
സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ (74) അന്തരിച്ചു. ഞായർ വൈകിട്ട് 4.30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കൾ പകൽ 10 മുതൽ 11വരെ സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലും 2.30വരെ പൂവത്തൂരിലെ വീട്ടിലും മൂന്നുമുതൽ ചാവക്കാട് മുനിസിപ്പൽ ഓഫീസ് പരിസരത്തും തുടർന്ന് ചാവക്കാട് ഹോചിമിൻ മന്ദിരത്തിലും പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌കാരം വൈകിട്ട് നാലിന് ചാവക്കാട് പൊതുശ്‌മശാനത്തിൽ. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, തൃശൂർ ജില്ലാ സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011ൽ മണലൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, കെഎസ്‌വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റ് എന്നീ ചുമതലകളിലും പ്രവർത്തിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസം ജയിലിലായി. ബ്ലാങ്ങാട് പിവിഎം എൽപി സ്‌കൂളിൽ അധ്യാപകനായിരുന്നു. രണ്ടുതവണ ചാവക്കാട് നഗരസഭാ കൗൺസിലറായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു.ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചു. തൈക്കാട് ചക്രമാക്കിൽ പരേതരായ അന്തോണിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: പരേതയായ ഷീല. മക്കൾ: മാനവൻ (ഗൾഫ്), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണ ബാങ്ക്). മരുമക്കൾ: ജ്യോതി, സൗമ്യ, അനിൽ.









0 comments