പന്നിയങ്കര ടോൾ പ്ലാസ; ഇന്നുമുതൽ പ്രതിഷേധം

വടക്കഞ്ചേരി
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽനിന്ന് ടോൾ ഇടാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. വടക്കഞ്ചേരി ജനകീയ വേദി, വ്യാപാരി സംരക്ഷണ സമിതി, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ തിങ്കൾ വൈകിട്ട് ടോൾ പ്ലാസയിൽ ഉപരോധ സമരം നടത്തും. കഴിഞ്ഞ ദിവസം ജനകീയവേദിയുടെ നേതൃത്വത്തിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു. 9.4 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന സർവകക്ഷിയോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുക, ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനങ്ങൾ ടോൾ കമ്പനി നടപ്പാക്കുക, ആറ് പഞ്ചായത്തിലെ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കലക്‌ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ദേശീയപാത അതോറിറ്റിയും ടോൾ കമ്പനിയും ഉൾപ്പെട്ട യോഗം ഉടൻ വിളിക്കണമെന്നും അല്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ചൊവ്വാഴ്ച പന്തലാംപാടം ജനകീയ സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിൽ സമരം നടത്തും.






0 comments