താഴുന്നില്ല താപം

പാലക്കാട്
ഒരാഴ്‌ച പിന്നിട്ടിട്ടും ഉയർന്ന ചൂടിന് മാറ്റമില്ല. ഞായറാഴ്‌ചയും രേഖപ്പെടുത്തിയത് 34 ഡിഗ്രി സെൽഷ്യസ്. കനത്ത ചൂടിൽ ജലസ്രോതസ്സുകളിലെ വെള്ളം താഴുന്നു. അണക്കെട്ടുകളിൽനിന്നുള്ള കനാൽ വെള്ളം നിലച്ചതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ നെൽകൃഷിയുടെ സ്ഥിതി ദയനീയമാണ്. കിണറുകളിൽനിന്ന് പമ്പുചെയ്താണ് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. മഴ ഇനിയും കനിഞ്ഞില്ലെങ്കിൽ കുടിവെള്ള ക്ഷാമത്തിലേക്ക് ജില്ല നീങ്ങും. കഴിഞ്ഞ വർഷം നിറഞ്ഞൊഴുകിയിരുന്ന അണക്കെട്ടുകളിൽ ഇപ്പോൾ ആവശ്യത്തിന് വെള്ളമില്ല. പോത്തുണ്ടി –70 ശതമാനം, മലമ്പുഴ – 50, വാളയാർ – 15, മീങ്കര – 30, ചുള്ളിയാർ – 20 ശതമാനം എന്നിങ്ങനെയാണ് നിലവിൽ അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ്. കാഞ്ഞിരപ്പുഴ (93 ശതമാനം), മംഗലം (85 ശതമാനം) അണക്കെട്ടുകളിൽ മാത്രമാണ് മെച്ചപ്പെട്ട അളവിൽ വെള്ളമുള്ളത്. കനത്ത മഴ ലഭിക്കേണ്ടിയിരുന്ന ജൂൺമുതൽ ഇതുവരെയുള്ള ദിവസങ്ങളിൽ 28 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. നേരത്തേ 1,444.9 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന ജില്ലയിൽ ഇത്തവണ 1,039.1 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. മഴ കുറവുള്ള ജില്ലകൾ ഉൾപ്പെട്ട "ഡെഫിഷ്യന്റ്' വിഭാഗത്തിലാണ് പാലക്കാട്. അതേ സമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്‌ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ മഞ്ഞ ജാഗ്രതയാണ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.





0 comments