ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന പാളി
ഓണവിപണിയിലുമെത്തി വ്യാജ അരി

പാറശാല
വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷനരി പിടികൂടി. പാറശാലയ്ക്കുസമീപം വന്യക്കോട് നിന്നാണ് ചാക്കുകളിൽ സൂഷിച്ചിരുന്ന അരി പിടിച്ചെടുത്തത്. സുരേഖ, സോടെക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരുള്ള ചാക്കിലാക്കി വിൽപ്പനയ്‌ക്ക് സൂഷിച്ചിരുന്ന അരിയാണ് പിടികൂടിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷനരി പോളിഷ് ചെയ്‌ത് രൂപമാറ്റം വരുത്തി ബ്രാൻഡഡാക്കി മറിച്ച് വിൽക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. അതിർത്തി പ്രദേശങ്ങളിലെ ഗോഡൗണുകളിൽ പരിശോധന ആരംഭിച്ചതോടെ വീട് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. പിടിച്ചെടുത്ത റേഷൻ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. അരി കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും സിവിൽ സപ്ലൈസ് വിഭാഗത്തിന്റെയും പരിശോധനയിലുണ്ടായ കുറവ് മുതലെടുത്താണ് കരിഞ്ചന്തക്കാർ വ്യാപകമായി റേഷനരി കടത്തുന്നത്. ഓണത്തിനുമുമ്പേ കേരളത്തിൽ വിൽപ്പന നടത്തിയത് ഇത്തരത്തിൽ പോളിഷ്ചെയ്ത് ബ്രാൻഡഡാക്കിയ അരിയാണെന്നാണ് സൂചന. തമിഴ്നാട്ടിലെ റേഷൻകടകളിൽനിന്ന് അരി തുച്ഛ വില നൽകി വാങ്ങി ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്താനാണ് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അതിർത്തി കേന്ദ്രീകരിച്ച് കളിയിക്കാവിള, ഇഞ്ചിവിള, കാരാളി, ഊരമ്പ്, പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളിലായി അമ്പതോളം അനധികൃത ഗോഡൗണുകൾ പ്രവർത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് ലോറികളിലും കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി രാത്രികാലങ്ങളിലാണ് വൻതോതിൽ അരി ഗോഡൗണുകളിലെത്തിക്കുന്നത്. തുടർന്ന് മണിക്കൂറുകൾക്കകം പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിവിധ ബ്രാൻഡുകളിലെ ചാക്കുകളിലാണ് വിൽപ്പനക്കെത്തിക്കുന്നത്.





0 comments