പാലക്കാട് ഡിവിഷൻ വിഭജനം
ജീവനക്കാരും യാത്രക്കാരും വലയും


സ്വന്തം ലേഖകൻ
Published on Sep 14, 2026, 12:34 AM | 1 min read
പാലക്കാട്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള കേന്ദ്ര നീക്കം യാഥാർഥ്യമാകുന്നതോടെ യാത്രക്കാരും ജീവനക്കാരും ദുരിതത്തിലാകും. ജീവനക്കാരുടെ സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നതിനൊപ്പം ജോലിഭാരം വർധിക്കാനും ഗതാഗത നിയന്ത്രണം താളംതെറ്റാനും സാധ്യതയുണ്ട്. മംഗളൂരു മേഖലയിൽ ജോലി ചെയ്യുന്ന 1200ലേറെ ജീവനക്കാരിൽ 70 ശതമാനത്തിലധികം പേർ നിലവിലെ സ്ഥലത്തുതന്നെ തുടരാൻ നിർബന്ധിതരാകും. ജീവനക്കാരുടെ പുനഃക്രമീകരണം വൈകുന്നതിനൊപ്പം വിവിധ വിഭാഗങ്ങളിലെ ജോലിഭാരം ഇരട്ടിയാകും. മംഗളൂരുവിൽനിന്ന് ഉള്ളാൾ ഭാഗത്തേക്കുള്ള 20ൽ താഴെ കിലോമീറ്റർ പാത മാത്രമാണ് വിഭജിക്കുന്നതെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ മംഗളൂരു, പനമ്പൂർ, ജക്കോട്ട, തോക്കൂർ തുടങ്ങിയ പ്രദേശങ്ങളിലെ യാർഡ് ലൈനുകൾ ഉൾപ്പെടെ പാഡിൽവരെയുള്ള 60 കിലോമീറ്ററിലേറെ ട്രാക്ക് പാലക്കാട് ഡിവിഷന്റെ പരിധിയിൽനിന്ന് ഒഴിവാക്കപ്പെടും. ഇതാണ് ജീവനക്കാരുടെ വിന്യാസത്തിലും പ്രവർത്തന ഏകോപനത്തിലും വലിയ പ്രതിസന്ധിയുണ്ടാക്കുക. മംഗളൂരു–മൈസൂരു റൂട്ടിന് ഏകദേശം 50 കിലോമീറ്റർ ദൈർഘ്യമുണ്ട്. 50ലേറെ ടണലുകളുള്ള സിംഗിൾ ലൈൻ പാതയാണിത്. യാർഡുകളിലുൾപ്പെടെ ചെറുതോ വലുതോ ആയ അപകടങ്ങളുണ്ടായാൽ മൈസൂരുവിൽനിന്ന് ഓഫീസർമാരും സൂപ്പർവൈസർമാരും മറ്റ് ജീവനക്കാരും വേഗത്തിൽ മംഗളൂരുവിലെത്തുക പ്രയാസകരമാകും. റെയിൽവേ അപകടങ്ങളുണ്ടാകുമ്പോൾ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ഈ ‘ഗോൾഡൻ അവർ’ നഷ്ടപ്പെടുന്നത് ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനെ ഗുരുതരമായി ബാധിക്കും. മംഗലാപുരത്തുനിന്ന് കേരളത്തിലൂടെയുള്ള ട്രെയിൻ സർവീസുകളാണ് താറുമാറാകുക. മൈസൂരുവിൽനിന്ന് ജീവനക്കാർക്ക് അടിയന്തരമായി മംഗളൂരുവിലെത്താൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പാലക്കാട് ഉൾപ്പെടെയുള്ള മറ്റ് മേഖലകളിൽനിന്ന് ജീവനക്കാരെ മംഗളൂരുവിലേക്ക് നിയോഗിക്കേണ്ടിവരും. ഇത് പാലക്കാട് ഡിവിഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും.







0 comments