print edition ജെർമൻ വെടിയുണ്ട

ടൊറന്റോ: ഡെനിസ് ഉന്ദാവിന് നന്ദി. എട്ട് വർഷത്തെ കാത്തിരിപ്പ് ജർമനി അവസാനിപ്പിച്ചത് ഉന്ദാവിന്റെ ഇരട്ടഗോളിലാണ്. ലോകകപ്പ് ഫുട്‌ബോളിൽ ഐവറികോസ്‌റ്റിനെതിരെ 68–ാം മിനിറ്റ്‌വരെ ഒരു ഗോളിന് പിന്നിലായിരുന്നു മുൻ ചാന്പ്യൻമാർ. അവസാന രണ്ട് ലോകകപ്പിലും ആദ്യ റൗണ്ടിൽ തോറ്റുമടങ്ങിയ ചരിത്രം അവരെ ഭയപ്പെടുത്തി. കോച്ച് ജൂലിയൻ നാഗെൽസ്‌മാൻ 60–ാം മിനിറ്റിൽ ഉന്ദാവിനെ രംഗത്തിറക്കി. പിന്നെ നടന്നത് ചരിത്രം. ഇറങ്ങി എട്ടാം മിനിറ്റിൽ സമനില ഗോൾ. പരിക്കുസമയത്ത് ജയവും നോക്കൗട്ടിലേക്കുള്ള ടിക്കറ്റും ഉറപ്പാക്കി.
കുറസാവോയെ 7–1ന് തകർത്തുവന്ന ജർമനിക്ക് ഐവറി വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. തുടക്കത്തിൽ അലെക്‌സാണ്ടർ പവ്‌ലോവിച്ച് വല കണ്ടു. പക്ഷേ, ഐവറി ഗോൾകീപ്പർ യഹിയ ഫൊഫാനയെ ഫൗൾ ചെയ്‌തതിനാൽ ഗോൾ അനുവദിച്ചില്ല. ജർമനിയുടെ നീക്കങ്ങൾക്ക് മൂർച്ചയുണ്ടായില്ല. ഐവറി യുവതാരങ്ങളിലൂടെ കളംപിടിച്ചു. പത്തൊന്പതുകാരൻ യാൻ ദിയോമാൻഡെ തൊടുത്ത ക്രോസാണ് ഗോളിലേക്ക് വഴിതുറന്നത്. ക്ലോസ് റേഞ്ചിൽ അമയാദ് ദിയാല്ലോ അടിതൊടുത്തെങ്കിലും ജർമൻ പ്രതിരോധക്കാരൻ നതാനിയേൽ ബ്രൗൺ തട്ടിയകറ്റി. പന്ത് കിട്ടിയത് ഫ്രാങ്ക് കെസിയെയുടെ കാലിൽ. ഐവറി ക്യാപ്‌റ്റൻ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
ജർമനി പതറി. ഇതിനിടെ കയ് ഹവേർട്‌സിന്റെ ഗോളും റഫറി ഓഫ് സൈഡ് വിധിച്ചു. ജമാൽ മുസിയാലയുടെ ഒറ്റയാൾ ശ്രമങ്ങൾ മാത്രമായി ജർമനി ഒതുങ്ങി. മറുവശത്ത്, ക്രൈസ്‌റ്റ് ഇനാനോ ഒൗലായിയും കെസിയെയും തുറന്ന അവസരങ്ങൾ പാഴാക്കിയതിന് ഐവറി വലിയ വിലകൊടുക്കേണ്ടിവന്നു.
ഫൊഫാന, ബ്രൗണിന്റെയും നദിയെം അമിരിയുടെയും ശ്രമങ്ങൾ തട്ടിയകറ്റിയെങ്കിലും ഉന്ദാവിനെ തടയാനായില്ല. മുസിയാലയ്‌ക്ക് പകരം കളത്തിലെത്തിയ ഇരുപത്തൊന്പതുകാരൻ അമിരിയുടെ ക്രോസിൽ കാൽവച്ചാണ് ജർമനിയെ ഒപ്പമെത്തിച്ചത്. പരിക്കുസമയത്തിന്റെ നാലാം മിനിറ്റിൽ ഫെലിക്‌സ് നെമിച്ച നൽകിയ പാസ് പിടിച്ചെടുത്ത് ജയവുമൊരുക്കി.
ഗ്രൂപ്പ് ‘ഇ’യിൽ 26ന് ഇക്വഡോറുമായാണ് ഗ്രൂപ്പിലെ അവസാന കളി.









0 comments