ad
Deshabhimani

print edition കുറസാവോയുടെ സ്വപ്നറൂം

SPORTS.
വെബ് ഡെസ്ക്

Published on Jun 22, 2026, 12:28 AM | 1 min read

കൻസാസ്‌: മലയായും മഴയായും എത്തി ഇക്വഡോർ. കാറ്റായും കടലായും വന്നു ഇക്വഡോർ. കുലുങ്ങിയില്ല എലോയ്‌ റ‍‍ൂം. പതറിയില്ല കുറസാവോ ഗോൾകീപ്പർ. കേപ്‌ വെർദെയുടെ വൊസീന്യയെപ്പോലെ കുറസാവോയുടെ വീരനായകനായി മുപ്പത്തേഴുകാരൻ റ‍ൂം.


ആകെ 28 ഷോട്ടുകൾ. അതിൽ 15 എണ്ണം ലക്ഷ്യത്തിലേക്ക്‌. ഇക്വഡോർ ക്യാപ്‌റ്റൻ എന്നെർ വലെൻഷ്യയുടെ ക്ലോസ്‌ റേഞ്ചിൽവച്ചുള്ള ഷോട്ടും അതിലുൾപ്പെട്ടു. ഒന്നും അകത്തേക്ക്‌ കടത്തിയില്ല റൂം. ഒന്നരലക്ഷം ജനങ്ങളുടെ സ്വപ്‌നമായിരുന്നു ആ കരങ്ങളിൽ വിരിഞ്ഞത്‌. കുറസാവോയെന്ന കൊച്ചുരാജ്യം അങ്ങനെ ലോകകപ്പ്‌ ഫുട്‌ബോളിൽ മുദ്ര പതിപ്പിച്ചു. ലാറ്റിനമേരിക്കൻ കരുത്തരെ 0–0ന്‌ കുരുക്കി ആദ്യമായൊരു പോയിന്റ്‌. ലോകകപ്പ്‌ ജയംപോലെ കുറസാവോ അത്‌ ആഘോഷിച്ചു.


ലോകകപ്പ്‌ ചരിത്രത്തിൽ 90 മിനിറ്റ്‌ സമയത്തിൽ ഏറ്റവും കൂടുതൽ ശ്രമങ്ങൾ തടഞ്ഞത്‌ റൂം ആണ്‌. അമേരിക്കക്കാരൻ ടിം ഹൊവാർഡ്‌ 2014ൽ ബൽജിയത്തിനെതിരെ 16 ഷോട്ടുകൾ തടഞ്ഞിരുന്നു. അധികസമയംവരെ കളി നീണ്ടിരുന്നു. നിശ്‌ചിതസമയത്ത്‌ 12 സേവുകളാണ്‌ ഹൊവാർഡ്‌ നടത്തിയത്‌.


കുറസാവോയുടെ ഫുട്‌ബോൾ സ്വപ്‌നത്തിലേക്കുള്ള പാലമാണ്‌ റൂം. 2011ൽ മാത്രം ഫിഫ അംഗത്വം ലഭിച്ച കുറസാവോയെ 2015ൽ പരിശീലിപ്പിച്ചത്‌ മുൻ ഡച്ച്‌ താരം പാട്രിക്‌ ക്ലൈവർട്ട്‌. ഡച്ചിന്റെ അണ്ടർ 20 ടീമിൽ കളിച്ചശേഷം സീനിയർ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയായിരുന്നു ആ സമയം റ‍ൂം. ക്ലൈവർട്ട്‌ റ‍ൂമിനെ വിളിച്ചു. റൂം കുറസാവോ പ‍ൗരത്വം സ‍്വീകരിച്ചു. കൃത്യമായ ഘടനയോ സംവിധാനമോ ചരിത്രമോ ഇല്ലാത്ത കുറസാവോ ടീം ജീവൻ വയ്‌ക്കുന്നത്‌ ഇ‍ൗ നീക്കത്തിലൂടെയായിരുന്നു. പിന്നാലെ കൂടുതൽ ഡച്ചുകാർ ടീമിലേക്കെത്തി.


കഴിഞ്ഞ മത്സരത്തിൽ ജർമനിക്കെതിരെ ഏഴ്‌ ഗോൾ വഴങ്ങിയ കുറസാവോയെ അല്ല കാൻസാസ്‌ സിറ്റി സ്‌റ്റേഡിയത്തിൽ കണ്ടത്‌. അഞ്ച്‌ പ്രതിരോധക്കാരെ അണിനിരത്തിയാണ്‌ കുറസാവോ ഇറങ്ങിയത്‌. 75 ശതമാനം പന്തടക്കത്തോടെ 644 പാസുമായി കളം നിറഞ്ഞെങ്കിലും ഇക്വഡോറിന്‌ ഗോൾ വഴി കാണാനായില്ല. സമനിലയോടെ ഗ്രൂപ്പ്‌ ‘ഇ’യിൽ ഇക്വഡോറിന്റെ സാധ്യതകൾക്ക്‌ മങ്ങലേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home