ad
Deshabhimani

രണ്ടു നൂറ്റാണ്ടായി കാണാനില്ല, അപൂര്‍വ്വ സസ്യം വീണ്ടും ഗവേഷകരുടെ കൺമുന്നിൽ

HENCKELIA MONOPHYLLA
avatar
എൻ എ ബക്കർ

Published on Mar 14, 2026, 03:46 PM | 1 min read

ഇറ്റാനഗർ: ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് അപ്രത്യക്ഷമായെന്ന് കരുതിയ അപൂർവ്വ സസ്യത്തെ അരുണാചൽ പ്രദേശിൽ വീണ്ടും കണ്ടെത്തി. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് ഈ അപൂര്‍വ്വ പുനസമാഗമത്തിന് പിന്നിൽ. അരുണാചലിലെ ലോഹിത് ജില്ലയിൽ ഫീൽഡ് സര്‍വ്വെ നടത്തുകയായിരുന്നു സംഘം. ഹെൻകെലിയ മോണോഫില്ല' (Henckelia monophylla) എന്നാണ് നിലം പറ്റി വളരുന്ന ഈ പൂച്ചെടിയുടെ പേര്.


ഏകദേശം 189വര്‍ഷങ്ങൾക്ക് മുൻപാണ് അവസാനമായി രേഖപ്പെടുത്തിയത്. പിന്നീട് എവിടെയും കണ്ടതായി രേഖയില്ല. സര്‍വേകളിൽ ഒന്നിലും രേഖപ്പെടുത്തിയതായും അറിവില്ല.


കിഴക്കൻ ഹിമാലയത്തിലെ സസ്യജാലങ്ങളെ സംബന്ധിച്ച പഠനങ്ങളിൽ നിർണ്ണായകമായ ഒന്നാണ് ഈ കണ്ടെത്തൽ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ സസ്യത്തെ ഇതിനുമുമ്പ് അവസാനമായി രേഖപ്പെടുത്തിയത്.


ഗെസ്നേറിയേസി (Gesneriaceae)കുടുംബത്തിൽപ്പെട്ടതാണ് ഈ സസ്യം. ഈർപ്പമുള്ള വനസാഹചര്യങ്ങളിൽ വളരുന്നു. ദീർഘകാലം നിലനിൽക്കുന്ന ഒരു കുറ്റിച്ചെടിയാണ്. ഈ ചെടികൾക്ക് സാധാരണയായി നിവർന്നതോ അല്ലെങ്കിൽ നിലത്തു പടരുന്നതോ ആയ തണ്ടുകളാണുള്ളത്. അണ്ഡാകൃതിയിലോ കുന്താകൃതിയിലോ ഉള്ള ലളിതമായ ഇലകളാണ്. കുഴൽ രൂപത്തിലോ ഫണൽ രൂപത്തിലോ ഉള്ള മനോഹരമായ പൂക്കളാണ് ഇവയിൽ വളരുന്നത് .ധാരാളം ചെറിയ വിത്തുകളുള്ള നീളമേറിയ കായ്കളാണ് മറ്റൊരു ശ്രദ്ധയാകര്‍ഷിക്കുന്ന പ്രത്യേകത.

Henckelia monophylla

ഇത്രയും മനോഹരവും ആയുസുള്ളതുമായിട്ടും രണ്ട് നൂറ്റാണ്ടോളം മനുഷ്യന്റെ കൺമുന്നിൽ എത്തിയില്ല. എത്തിയാലും തിരിച്ചറിയപ്പെട്ടുമില്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ മേഖലകളിലൊന്നാണ് അരുണാചൽ. ഇവിടെ ജൈവജന്തു വൈവിധ്യങ്ങൾ തേടി ഇത്തരം അന്വേഷക സംഘങ്ങൾ എത്തുന്നത് പതിവാണ്. കാടും മേടും എല്ലാം കയറി നടക്കാറുണ്ടെങ്കിലും ഹെൻകെലിയ മോണോഫില്ല ഇത്രകാലമായി മറഞ്ഞു കിടക്കുക തന്നെയായിരുന്നു.


അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സര്‍വേക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. "അരുണാചൽ പ്രദേശിന്റെ മാത്രം പ്രത്യേകതയായ ഹെൻകെലിയ മോണോഫില്ല 189വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തിയതിൽ അതിയായ സന്തോഷമുണ്ട്. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ അംഗങ്ങളെ ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നു,"എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home