Deshabhimani

ചന്ദ്രനിൽ താമസിച്ച് ജോലി ചെയ്യാൻ ആളെത്തേടി നാസ

nasa
വെബ് ഡെസ്ക്

Published on Nov 12, 2026, 12:55 PM | 1 min read

ചന്ദനിൽ നിർമിക്കുന്ന കേന്ദ്രത്തിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ. ഹ്രസ്വകാല സന്ദർശനങ്ങൾക്കപ്പുറം അവിടെ സ്ഥിരമായി താമസിച്ച് ഗവേഷണങ്ങൾ നടത്താനും ആർട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമാകാനും കഴിയുന്നവരെയാണ് നാസ തേടുന്നത്. അവിടെ സ്ഥിരമായ മനുഷ്യവാസ കേന്ദ്രം അഥവാ മൂൺ ബേസ് കേന്ദ്രമാക്കിയാവും തൊഴിൽ.


ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യയും അനുഭവസമ്പത്തും വികസിപ്പിക്കാൻ ഇവർക്ക് നേതൃ പരിശീലനം നൽകുമെന്നും പറയുന്നു. ഇതിനായി ചന്ദ്രന്റെ ദക്ഷിണധ്രുവം കേന്ദ്രീകരിച്ച് പര്യവേഷണങ്ങൾ നടത്താനും താമസസ്ഥലങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, വാഹനങ്ങൾ, റോബോട്ടിക് ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാനും ആർട്ടെമിസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.


ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ നിഴൽ വീണുകിടക്കുന്ന പ്രദേശങ്ങളിൽ ജലാംശം ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭാവിയിൽ കുടിവെള്ളത്തിനും ഓക്സിജനുമായി ഇത് ഉപയോഗിക്കാൻ സാധിക്കും. ചന്ദ്രനിൽ നിന്ന് ലഭിക്കുന്ന ഈ അനുഭവസമ്പത്താണ് ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യത്തിന് അടിത്തറയാവുക. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി 2028-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കും. പൂർണ്ണതോതിലുള്ള ഒരു 'മൂൺ ബേസ്' യാഥാർത്ഥ്യമാകാൻ നിരവധി ദൗത്യങ്ങളും കൂടുതൽ സമയവും ആവശ്യമായി വരും.


ആർക്കാണ് അവസരം


തത്ക്കാലം അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (Master's Degree) ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ യോഗ്യതയുള്ളവർക്കും, നിശ്ചിത പി.എച്ച്.ഡി അല്ലെങ്കിൽ ടെസ്റ്റ്-പൈലറ്റ് പരിശീലനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.



പൈലറ്റുമാർക്ക് നിശ്ചിത മണിക്കൂർ വിമാനം പറത്തിയുള്ള പരിചയം ഉണ്ടായിരിക്കണം. കൂടാതെ, ദീർഘകാല ബഹിരാകാശ യാത്രയ്ക്ക് അനുയോജ്യമാണെന്ന് തെളിയിക്കുന്ന നാസയുടെ കർശനമായ വൈദ്യപരിശോധനയും (Medical Examination) വിജയിക്കണം. പ്രൊഫഷണൽ യോഗ്യതകൾക്കൊപ്പം നേതൃത്വപാടവം, ടീം വർക്ക്, ആശയവിനിമയ ശേഷി എന്നിവയും വിലയിരുത്തും.


തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ ഏകദേശം രണ്ട് വർഷത്തെ പ്രാഥമിക പരിശീലനം നൽകും. ബഹിരാകാശ നടത്തം പേടകങ്ങളുടെ നിയന്ത്രണം, വിമാനം പറത്തൽ, റോബോട്ടിക് ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഡിസംബർ 4-ന് ഇന്ത്യൻ സമയം രാവിലെ 10:29 വരെ അപേക്ഷകൾ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home