ഭ്രമണപഥങ്ങളിലെ മാലിന്യ നിക്ഷേപം നീരീക്ഷിക്കാൻ ചൈനയുടെ സാറ്റലൈറ്റ് ശൃംഖല; ആദ്യ ഉപഗ്രഹം എത്തി

ബീജിംഗ്:ബഹിരാകാശ രംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനും ട്രാഫിക് മാനേജ്‌മെന്റ് ശക്തമാക്കുന്നതിനുമായി ചൈനയുടെ സാറ്റലൈറ്റ് ശൃംഖല. 24 മണിക്കൂറും എല്ലാ ഭ്രമണപഥങ്ങളിലുമുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ ശേഷിയുള്ള 'ഗാന്ധെ കോൺസ്റ്റലേഷൻ' എന്ന ശൃംഖലയാണ് ചൈന ഒരുക്കുന്നത്. ഇതിനായുള്ള വാണിജ്യ സാറ്റലൈറ്റ് ശൃംഖലയിലെ ആദ്യ വിക്ഷേപണം വിജയകരമായി.
വടക്കുപടിഞ്ഞാറൻ ചൈനയിൽ നിന്ന് 'ലിജിയാൻ-1' എന്ന വാണിജ്യ റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഭ്രമണപഥങ്ങളിലും മാലിന്യ പ്രശ്നം
പ്രവർത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങൾ, റോക്കറ്റുകളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ബഹിരാകാശ മാലിന്യങ്ങളായി കരുതപ്പെടുന്നത്. ഇവ സ്വയം മാലിന്യമായി തീരുന്നു എന്നുമാത്രമല്ല മറ്റ് ബഹിരാകാശ പേടകങ്ങൾക്കും സാറ്റലൈറ്റുകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് എന്ത് പരിഹാരമെന്ന ചിന്ത ഏറെക്കാലമായി ലോക ബഹിരാകാശ രംഗത്തെ ആശങ്കയും ചര്‍ച്ചയുമാണ്. മാലിന്യ ഭീഷണി തുടക്കത്തിലേ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യാനാണ് 120 ഉപഗ്രഹങ്ങൾ അടങ്ങുന്ന ഗാന്ധെ ശൃംഖല ചൈന നിർമ്മിക്കുന്നത്.
ഗാന്ധെ കോൺസ്റ്റലേഷനിലെ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണങ്ങൾ കുറച്ച് സ്വയം നിരീക്ഷണവും അടിയന്തര സന്ദേശങ്ങൾ കൈമാറലും ഭ്രമണപഥങ്ങളിൽ തന്നെ ഉറപ്പാക്കാനാവും. ഭ്രമണപഥത്തിൽ മാറ്റങ്ങൾ വരുത്താനും, മറ്റ് അവശിഷ്ടങ്ങളുടെ വളരെ അടുത്തേക്ക് ചെന്ന് പരിശോധന നടത്താനും ഈ സാറ്റലൈറ്റിന് സാധിക്കും. മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
ലക്ഷ കണക്കിന് മാലിന്യ തുട്ടുകൾ ചുറ്റിത്തിരിയുന്നു
ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം ഒരു സെന്റിമീറ്ററിലും വലിപ്പമുള്ള 10 ലക്ഷത്തിലധികം അവശിഷ്ടങ്ങൾ നിലവിൽ ഭൂമിയെ വലയം ചെയ്യുന്നുണ്ട്. സെക്കൻഡിൽ 7.9 കിലോമീറ്റർ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഇവ പേടകങ്ങളിൽ ഇടിച്ചാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകും.ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളെ തന്നെയും ഇത് മുൻപ് ബാധിച്ചിട്ടുണ്ട്.

നേരത്തെ ഷെൻഷൗ-20 ദൗത്യത്തിനിടെ ബഹിരാകാശ മാലിന്യം തട്ടി റിട്ടേൺ കാപ്സ്യൂളിന്റെ ജനലിന് കേടുപാടുകൾ സംഭവിച്ച സംഭവം ഉണ്ടായി. അന്ന് ബഹിരാകാശ സഞ്ചാരികൾക്ക് ടിയാങ്ഗോങ് സ്പേസ് സ്റ്റേഷനിൽ കൂടുതൽ ദിവസം തങ്ങേണ്ടി വന്നു. ഷെൻഷൗ-17 ദൗത്യത്തിനിടെ സ്പേസ് സ്റ്റേഷന്റെ സോളാർ പാനലുകൾക്ക് അവശിഷ്ടങ്ങൾ തട്ടി കേടുപാടുകൾ സംഭവിച്ചപ്പോൾ യാത്രികർ പുറത്തിറങ്ങി അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നിരുന്നു.
യു എസ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ശൃംഖലയും അമേരിക്കയുടെ സ്‌പേസ് സർവൈലൻസ് പ്രോഗ്രാമുകളും തങ്ങളുടെ ഓർബിറ്റൽ നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിനിടയിലാണ് ചൈനയുടെയും ഈ നീക്കം. 2035-ഓടെ ആഗോള ബഹിരാകാശ ശക്തിയായി മാറാനാണ് ചൈനയുടെ ലക്ഷ്യം.










0 comments