കവർസ്റ്റോറി
നിത്യ താരാജാലം

എം ഡി മനോജ്
Published on Jul 27, 2026, 03:25 PM | 9 min read
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവീഥിയിൽ വൈകാരികതയും സ്വര സൗഭഗവും ഒത്തിണങ്ങിയ അപൂർവം ഗായികമാരിൽ ഒരാളാണ് എസ് ജാനകി. സൗമ്യാർദ്രമായ ഒരു ഭാവതലം ആ ശബ്ദത്തിൽ ഉൾച്ചേർന്നിരുന്നു. ഏതു സ്ഥായിയിൽ പാടിയാലും നിറയുന്ന ഭാവാത്മകതയുടെ നാദസൗന്ദര്യമായിരുന്നു അത്. അനുഭൂതി ധന്യമായ സംഗീത പ്രപഞ്ചത്തിന് ദേശഭാഷാതിർത്തികൾ അന്യമായിരുന്നു. ജാനകിയുടെ സ്വരം സമസ്‌ത ജീവിതഭാവങ്ങളെയും പാട്ടിൽ മികവോടെ ആവിഷ്‌കരിച്ചു.
ശ്രുതിയുടെ ലയസ്ഥിരതയിൽ പ്രയുക്തമാകുന്ന ജാനകിയുടെ സ്വരഭംഗികളുമായി നമുക്ക് എന്തെന്നില്ലാത്ത ശാബ്ദിക ബന്ധുത്വം (Sonic Affinity) ഉണ്ട്. രാഗാത്മകമായിരിക്കെത്തന്നെ പാട്ടിലെ ഭാവാത്മകതയ്‌ക്ക് അന്യാദൃശ്യത്തെളിച്ചം പകരാൻ അവർക്ക് സാധിച്ചു. വിവിധ സ്ഥായികളിൽ ആർദ്രതയാർന്ന ഗമക സഞ്ചാരങ്ങൾ, ശബ്ദലയം, ആലാപന വേഗം, വികാര വൈവിധ്യത്തിന്റെ ഭാവപ്രകാശനം എന്നിവയിൽ ജാനകിയുടെ ഗാനങ്ങൾ വേറിട്ടുനിന്നു. പാട്ടിൽ അവർ പുലർത്തുന്ന സമഗ്രത വളരെ പ്രാധാന്യമർഹിക്കുന്നു. ക്ലാസിക്കൽ ഭാവഭംഗിയുണ്ടായിരുന്നു ജാനകിയുടെ ഗാനങ്ങൾക്ക്. ജാനകിയുടെ ശബ്ദത്തിന്റെ ഹാർമണിക് ഘടനയിൽ ശബ്ദാഗാധതയും തെളിച്ചവും ഏറെ പ്രകടമാണ്. പാട്ടിലെ രസഭാവങ്ങളെ കൃത്യമായി ആവിഷ്‌കരിക്കുന്നത് സ്വന്തം സംഗീതലക്ഷ്യമായി കണ്ടു അവർ. വ്യക്തിപരമായ ഭാവവ്യാഖ്യാനം കൂടി അതിന് നൽകുമ്പോൾ ആ സ്വര സംഗീതം ഒരു പ്രൗഢസ്വരൂപത്തിന്റെയും അഭിജാതമായ വശ്യതയുടെയും കൂട്ടായിത്തീരുന്നു.
"നീലപൊൻമാൻ' സിനിമയുടെ റെക്കോർഡിങ് വേളയിൽ വയലാർ രാമവർമ്മ, സലിൽ ചൗധരി, കുഞ്ചാക്കോ, എസ് ജാനകി, ബി വസന്ത
വ്യക്തതയുള്ള ഒരു സ്വരസംസ്‌കാരത്തിന് ഉടമയായിരുന്നു എസ് ജാനകി. ശബ്ദത്തിന്റെ ആന്ദോളനത്തിൽ, ത്രിസ്ഥായികൾ സഞ്ചരിക്കുന്ന സ്വരസ്വരൂപത്തിൽ സ്വരത്തിനും ലയത്തിനുമിടയിൽ ജാനകി സ്ഥാപിച്ചെടുക്കുന്ന സംതുലനം ആകർഷകമായിരുന്നു. സ്വരജ്ഞാനവും സ്വരസ്ഥാനങ്ങളിലെ കൃത്യതയും അത്രത്തോളമായിരുന്നു ജാനകിയിൽ. പാട്ടിൽ ജാനകി എന്നും ഒരു വികാരലോകത്തെ ചേർത്തുപിടിച്ചു. ഉച്ചാരണം, വാക്കുകളുടെ ഭാവന, ലയ സൂക്ഷ്‌മതകൾ, ശബ്ദ വേരിയേഷനുകൾ, ഡൈനാമിക്‌സുകൾ, അപാരമായ ആഴം, കഥയുടെയും കഥാപാത്രത്തിന്റെയും മനോഗതിയെ പിന്തുടരുന്ന സൂക്ഷ്മത എന്നിവയെ സ്വരശുദ്ധിയുമായി ഇണക്കിച്ചേർത്തുകൊണ്ടായിരുന്നു ജാനകിയുടെ ഗാനപരിചരണങ്ങൾ.
ആർദ്രമായൊരു ത്രിസന്ധ്യയിൽ നിള പോലെ ശാലീനയായി ഒഴുകി വരുന്ന വിഷാദഗീതത്തിന്റെ പേരാണ് ജാനകി. ആ ഗാനങ്ങളിൽ നിലാവിന്റെ ചാരുതയുമിണങ്ങിനിന്നു. വിഷാദം, പ്രണയം, വിരഹം, പരിഭവം, ഭക്തി തുടങ്ങിയ വികാരങ്ങളെ പാട്ടിൽ പൂ പോലെ വിരിയിച്ചു അവർ. ലയസ്ഥായിയിൽ തങ്ങിനിൽക്കുന്ന വികാരഭരിത സ്വരവും അസാമാന്യ റേഞ്ചും ഗമക സുവ്യക്തതയും സ്വരങ്ങളുടെ ഊർജസ്വലതയും അവരുടെ ഗാനങ്ങളുടെ പ്രത്യേകതകളാണ്. എത്ര സങ്കീർണമായ പാട്ടിനെയും ആലാപന ലാളിത്യത്തിൽ ലയിപ്പിക്കാൻ പ്രത്യേക സിദ്ധി ജാനകിക്ക് സ്വന്തമായിരുന്നു. ഓരോ വരിയിലെയും രാഗഭാവങ്ങളെ തെളിയിച്ചെടുക്കുന്ന ലയസമൃദ്ധമായ ഒരു ഗാനപദ്ധതിയാണ് അവർ സംഗീതലോകത്തിന് കാഴ്‌ചവച്ചത്. ജാനകിയുടെ പാട്ടിലെ സൗന്ദര്യാനുഭവങ്ങൾ ജ്ഞാനപ്രധാനവും ഭക്തിപ്രധാനവുമായ സംഗീതത്തിന്റെ സമസ്‌ത ഭാവങ്ങളെയും ഒന്നിച്ചു പുൽകുന്നവയായിരുന്നു. മനോധർമത്തെ സ്വതന്ത്രമായി ആവിഷ്‌കരിക്കാനുള്ള ആലാപന വ്യഗ്രതകൾ അവരുടെ സ്വരവിന്യാസത്തിൽ പ്രകടമായിരുന്നു. പാട്ടിലെ ക്ലാസിക് ഭംഗികൾക്ക് പ്രാധാന്യം നൽകി. ശിൽപ്പഭംഗി കൊണ്ടും നാദസൗന്ദര്യംകൊണ്ടും ആ ഗാനങ്ങൾ മുൻപന്തിയിൽ നിന്നു.
എസ് ജാനകി ‐ ആദ്യകാല ചിത്രം
പാട്ടിനെ ഭാവപരമായി അഴിച്ചുപണിയുകയായിരുന്നു എസ് ജാനകി. പാട്ടിന്റെ മഹത്വം, പരമ്പരാഗത ക്ലാസിക്കൽ മൂല്യങ്ങൾക്കകത്ത് നിന്നുകൊണ്ട് ഭാവപരമായ ഒരു ലയത്തിന്റെ പ്രതിഷ്ഠ എന്നിവയൊക്കെ ഗായിക എന്ന നിലയിൽ അവർക്ക് പ്രധാനമായിരുന്നു. പാട്ടിനുള്ള അകൃത്രിമമായ ഒരു പ്രവാഹഗതിയാണ് ജാനകിയമ്മയുടെ വിജയം. കാൽപ്പനികതയുടെ ചാരുതകൾ ഉള്ളടങ്ങിയ പാട്ടുകളായിരുന്നു അവരുടേത്. മധ്യമ കാലത്തിൽ അവരുടെ ശബ്ദഭംഗി വളരെ അധികമാണ്. പാട്ടിന്റെ അകമറിഞ്ഞ് പാടുന്ന രീതിയെ പ്രോത്സാഹിപ്പിച്ചു അവർ. വാക്കുകളിൽ ഭാവത്തിന്റെ ശ്വാസം നൽകുന്ന കാര്യത്തിൽ കടുത്ത ജാഗ്രത പുലർത്തി. സ്വരങ്ങളിലെ നേരിയ സ്‌പർശത്തിൽ ജാനകി പാട്ടിൽ നിർമിക്കുന്ന മൃദുലഭാവങ്ങൾ, ശ്വാസനിയന്ത്രണം എന്നിവ പ്രസക്തമാണ്. അഭിജാതമായ ഒരു കലാരൂപമായി പാട്ടിനെ കണ്ട ഗായികയാണ് എസ് ജാനകി. എന്നാൽ പാട്ടിനെ അവർ സാധാരണക്കാരിലേക്ക് സംക്രമിപ്പിച്ചു. സത്യസന്ധമായ സമീപനം പാട്ടിനോട് പുലർത്തി. ജാനകിയുടെ പാട്ടിൽ പ്രണയം ആത്മീയ സമീപനം കണക്കെ പുലർന്നു.
ശ്രുതി മുഗ്ധമായ സ്വരമാണ് ജാനകിയുടേത്. മന്ദ്രമധ്യ താരസ്ഥായികളിൽ യഥേഷ്ടം സഞ്ചരിക്കുന്ന സാധക മാന്ത്രികതകൾ അവർക്ക് സ്വന്തമായിരുന്നു. ജാനകിയുടെ ഗാനങ്ങളിൽ ഈണവും ലയവും തമ്മിലുള്ള ഇണക്കം സീമാതീതം. പാട്ടിലെ ഭാവ പ്രസന്നതകൾ, പ്രാർഥനാവിശുദ്ധികൾ, സാത്വിക സംഗീത ധാരകൾ, ശാന്ത സുരഭിലമായ നാദവിശേഷങ്ങൾ എന്നിവ ജാനകിയുടെ ആലാപനവുമായി ചേർന്നു നിൽക്കുന്നു. പാട്ടു കേൾക്കുന്ന ആളിന്റെ മനോലോകവുമായി ലയിച്ചു ചേരുന്ന അപൂർവമായ ശ്രുതിശുദ്ധതയ്‌ക്ക് ഉടമയാണ് എസ് ജാനകി. ഉപകരണ സ്വരവുമായി ലയൈക്യം സ്ഥാപിച്ചെടുക്കുന്ന നാദമാണത്.
സഹഗായകരുമായി പാട്ട് പങ്കിടുമ്പോൾ പ്രസരിക്കുന്ന ഉദാത്ത ഭാവങ്ങൾ ശ്രദ്ധേയമാണ്. "ആരാരോ ആരിരാരോ’, "അകലെ അകലെ നീലാകാശം’, "താമരത്തോണിയിൽ’, "പൂവുകൾ ചിരിച്ചു’ എന്നിവയിലെല്ലാം യേശുദാസിന്റെ ശബ്ദത്തെ സൗമ്യമധുരമായി പിന്തുടരുകയാണ് ജാനകി. "ശിങ്കാരവേലനേ’ എന്ന അർധ ശാസ്‌ത്രീയഗാനത്തിലെ താരസ്ഥായിയും സ്വരപ്രസ്‌താരവും ചേർത്ത് ജാനകി നിർമിക്കുന്ന പാട്ടിന്റെ ഒരു നിർമല ഘടന അത്രയ്‌ക്കും പ്രധാനമാണ്. ശാസ്‌ത്രീയ സംഗീതം പഠിക്കാതെ തന്നെ അവർ കൃത്യമായ സ്വരസ്ഥാനങ്ങളിൽ ആയാസ രഹിതമായി പാടി നിറയുകയായിരുന്നു. സുശീലയുടെ കൂടെ തകർത്തുപാടിയ ‘ഇശൈ അരശി’ (ഇളയരാജ) ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രഗത്ഭരായ ഉപകരണസംഗീതജ്ഞരുമൊത്ത് സിനിമകൾക്ക് വേണ്ടി ജാനകിയമ്മ പിന്നണി പാടി. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹ്‌നായിയിലും ചൗരസ്യയുടെ പുല്ലാങ്കുഴലിലും കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാഗസ്വരത്തിലും എം എസ് ഗോപാലകൃഷ്‌ണന്റെ വയലിനിലും ജാനകിയുടെ സ്വരവും ശ്രുതിയും ഒരുപോലെ ലയം പ്രാപിക്കുന്നു. തോടിയും ആഭോഗിയും ചേർത്ത് എൽ ൈവദ്യനാഥൻ ചിട്ടപ്പെടുത്തിയ ശിവ ശിവ എന്നതാ നാളികേ എന്ന ഗാനവും ജാനകിയെ ശ്രദ്ധേയയാക്കി. സംഗീതോപകരണങ്ങൾ, പ്രത്യേകിച്ചും കമ്പിവാദ്യങ്ങളും സുഷിരവാദ്യങ്ങളും ആ സ്വരത്തോട് ഐക്യം സൃഷ്ടിക്കുന്നു. "ഒരു കൊച്ചു സ്വപ്‌നത്തിൻ’, "താമരക്കുമ്പിളല്ലോ’, "ജലശംഖു പുഷ്പം ചൂടും’, "മിഴിയോരം നനഞ്ഞൊഴുകും’, "നിദ്രതൻ നീരാഴി’ എന്നിവയൊക്കെ ശ്രദ്ധിച്ചാൽ ഈ ഏകതാ ഭാവത്തെ അറിയാനാകും.
ജാനകിയമ്മയുടെ സ്വരശുദ്ധിയും പ്രകൃതിയും തമ്മിലുള്ള സന്തുലനവും ശ്രദ്ധേയമാണ്. "പൂമാല പൂങ്കുഴലി’, "അന്നക്കിളി ഉന്നൈ തേടുവത്’, "ആടി വാ കാറ്റേ’, "കാട്ടരുവി ചിലങ്ക കെട്ടി’ ഇങ്ങനെയുള്ള ഗാനങ്ങൾ. ജാനകി പാടിയ കോറസ് ഗാനങ്ങളിലും കൂടെ പാടുന്ന സംഘവുമായുള്ള സംലയനം ശ്രദ്ധാർഹമാണ്. തീവ്രവും തീക്ഷ്‌ണവുമല്ലാത്ത സ്വരമായതിനാൽ സംഘഗാനങ്ങളിൽ അവർ ലയഭദ്രമായ അച്ചടക്കം പുലർത്തി. "ഈ മലർ കന്യകൾ’, "ഇല്ലിമുളംകിളി’, "കുയിലേ കുറുങ്കുഴലുമായ് വാ...’ ഈ ഗാനങ്ങളിൽ ഇത് പ്രകടവുമാണ്. കുട്ടികളുടെയും വൃദ്ധയുടെയും പുരുഷന്റെയുമൊക്കെ ശബ്ദങ്ങളിൽ പാടി അതുവരെ ആർക്കുമില്ലാത്ത അനായാസാലാപന ശൈലിയെ സാക്ഷാത്കരിച്ചു.
2016‐ൽ കോഴിക്കോട് ടാഗോർ ഹാളിൽ ഗീതപരിപാടിക്കെത്തിയ എസ് ജാനകിക്കൊപ്പം ഗായകരായ സുനിൽകുമാർ, മാധുരി എന്നിവർ
"ആഴക്കടലിന്റെ’, "കൊക്കാമന്തി’... ഇങ്ങനെ ഏത് പാട്ടിനും നൽകുന്ന ശ്രുതിയിണക്കവും എടുത്തുപറയണം. പ്രേമാർദ്ര വികാരങ്ങളുടെ ആലാപനത്തിളക്കമാണ് ജാനകിയമ്മ. മധുരിതമായ പ്രണയ നാദം. ഭാസ്‌കരൻ മാഷിന്റെ പാട്ടിലെ ടാഗോർ ഭാവനയെ ജാനകി തന്റെ മഹിതാലാപനത്താൽ വാനോളം ഉയർത്തി. സാഹിത്യവുമായി ഇണങ്ങിനിന്ന ആലാപന ഭാവനയാണ് ജാനകിയുടേത്. ആരുടെ പാട്ടായാലും അവർ തെളിമലയാളത്തിൽ പാടി. ഉദ്യാന പുഷ്‌പത്തിൻ പ്രേമകവാടം തുറന്നു വരുന്ന പാട്ടായിരുന്നു അത്. അനുരാഗത്തിന്റെ ഒരു മയിൽപ്പീലിത്തേൻമാവ് ആ പാട്ടുകളിൽ പൂത്തുനിന്നു. കാവ്യസ്‌പർശമുള്ള ഗാനങ്ങൾ, "വലംപിരി ശംഖിൽ’, "നീരദലതാഗൃഹം’ എന്നിവ ഓർമയിൽ ഓടിയെത്തുന്നു.
ജാനകിയുടെ സംഗീതത്തിലെ സ്ഥായി വികാരങ്ങൾ ദുഃഖം, ശോകം, കരുണ, വാത്സല്യം, ഭക്തി, പ്രേമം എന്നിവയൊക്കെയാണ്. മനുഷ്യ വികാരങ്ങളെ പ്രചോദിപ്പിക്കുന്ന ശബ്ദ ചൈതന്യത്താൽ ശോകഗാനങ്ങളിൽ ജാനകി അതുല്യമായ ഭാവമുഹൂർത്തങ്ങൾ സൃഷ്‌ടിച്ചു. "ഒരു കൊച്ചു സ്വപ്‌നത്തിൻ’, "തണൽ വിരിക്കാൻ’, "തളിരിട്ട കിനാക്കൾ തൻ’ , "ഇടയ്‌ക്കൊന്നു ചിരിച്ചും’, "ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ’, "കൊടുങ്കാറ്റേ നീ’, "തുഷാര ബിന്ദുക്കളേ’, "സ്വപ്‌നാടനം ഞാൻ’, "അഭയദീപമേ...’ ഇങ്ങനെ പോകുന്നു ആ നിര. "ലോകം മുഴുവൻ സുഖം പകരാനായി’ പാടിയ ഗായികയാണ് ജാനകി. അച്ചടക്കഭദ്രമായ ഒരാലാപന സൗന്ദര്യം. ജാനകി പാടിയ കൃഷ്‌ണഭക്തിഗാനങ്ങളിലുള്ള ആത്മീയ പ്രണയവും അനുപമമാണ്. "മനസ്സിന്റെ താളുകൾക്കിടയിൽ’, "കാളിന്ദി തടത്തിലെ രാധ’, "ഗുരുവായൂരുള്ളൊരു’, "മഴമുകിലൊളി വർണൻ’... എന്നിങ്ങനെ എത്രയെത്ര ഗാനങ്ങൾ.
"ഒരു മയിൽപ്പീലിയായ് ഞാൻ’... എന്ന ഗാനത്തിലെ പ്രണയമല്ല, "യദുകുല രതിദേവനെവിടെ’ എന്ന പാട്ടിലുള്ളത്. "മാനസമണിവേണുവിൽ’, "ഗോപുരമുകളിൽ’, "എൻ പ്രാണനായകനെ’ എന്നീ പാട്ടുകളിലെ പ്രണയവികാരം മറ്റൊരു തരത്തിൽ പ്രതിഫലിക്കുന്നു. "സൂര്യനമസ്‌കാരം’ എന്ന പാട്ടിലെ പ്രണയ നിർമലത മറ്റൊന്നാണ്. എല്ലാ വികാരങ്ങളുടെയും ഉത്കൃഷ്ടതയാണ് ജാനകിയുടെ പാട്ടുലോകം. താരാട്ടുപാട്ടിലും ഇത് പ്രകടമാണ്. "എൻ പൂവേ പൊൻ പൂവേ’ എന്ന് പാടുമ്പോഴുള്ള അമ്മയുടെ അദൃശ്യ വാത്സല്യവും "ഓലത്തുമ്പത്തിരുന്നൂയലാടും’ എന്ന് പാടുമ്പോഴുള്ള തരള വാത്സല്യവും, "ആഴക്കടലിന്റെ’ എന്ന് പാടുമ്പോഴുള്ള അമ്മൂമ്മ വാത്സല്യവും "ആലോലമാട് താലോലമാട്’ എന്ന് പാടുമ്പോഴുള്ള വാത്സല്യവും "മലർക്കൊടി പോലെ’ എന്ന് പാടുമ്പോഴുള്ള വാത്സല്യവും എല്ലാം വ്യത്യസ്‌തമാകുന്നു. ഭക്തിയുടെ ഭാവപ്രസന്നതയും പ്രണയവിശുദ്ധിയും നിർമല സ്‌നേഹവുമെല്ലാം ജാനകിയുടെ പാട്ടുകളിൽ നിരന്തരം പ്രത്യക്ഷമായി. "കേശാദി പാദം തൊഴുന്നേൻ’ എന്ന പാട്ടൊക്കെ അത്രയ്‌ക്കും ഭക്തിനിർഭരമാണ്. "മാനത്തെ മണ്ണാത്തിക്കൊരു പൂത്താലി കിട്ടി’ എന്ന പാട്ടിലെ വരികളുടെ ലാളിത്യം മുഴുവൻ ജാനകിയുടെ ആലാപനത്തിൽ തെളിഞ്ഞുനിന്നു. "നിന്റെ മൗനം പോലും മധുരം’ എന്ന പാട്ടിലെ "രോമാഞ്ചം മൂടവേ’ എന്ന ഭാഗത്ത് വിടരുന്ന ഭാവം അനന്യമാണ്. ജാനകിയമ്മയുടെ ശബ്ദത്തിന് വൈവിധ്യമാർന്ന ചലച്ചിത്ര സന്ദർഭങ്ങളിൽ പലതരം കഥാപാത്രങ്ങളാകാൻ കഴിയുന്നു. "എൻ പ്രാണനായകനെ’ എന്ന പാട്ട് പാടുമ്പോൾ ആ ശബ്ദത്തിലെ കുസൃതിയും "വീണേ വീണേ വീണക്കുഞ്ഞേ’ എന്ന് പാടുമ്പോഴുള്ള കൊഞ്ചലും "ആ നിമിഷത്തിന്റെ നിർവൃതിയിൽ’ എന്നാലപിക്കുമ്പോഴുള്ള കാതര നിർവൃതിയും എല്ലാം കാണാതെ പോകാനാവില്ല. "ഉണരുണരൂ’ എന്ന് ലോകത്തെ മുഴുവനും വിളിച്ചുണർത്തുന്ന മണ്ണിലെ നിത്യതേജസ്സായും ജാനകിയുടെ പാട്ട് മാറുന്നു.
‘തളിരിട്ട കിനാക്കളും’ ‘പൊട്ടിത്തകർന്ന കിനാക്കളും’ ഒരു പോലെ ആ പാട്ടുകളിൽ സ്‌പന്ദിക്കുന്നു. രതിസ്‌പർശമുള്ള ( രതിലയം രതിലയം) ഗാനങ്ങളിലും മിതത്വത്തിന്റെ ശബ്ദവേദിയായി. ഹമ്മിങ്ങുകളിലെ മായികതയും ചിരിയും കളിയും കരച്ചിലും കുളിരുമെല്ലാം ആ ശബ്ദത്തിൽ ഒരേസമയം വിടർന്നു. ബാബുരാജിന്റെയും ഇളയരാജയുടെയും ഗാനങ്ങളിൽ ജാനകി തന്റെ ശബ്ദത്തിന്റെ മനോഹരമായ കാലൊച്ചകൾ കേൾപ്പിച്ചു. ബാബുരാജാണ് മലയാളത്തിൽ എസ് ജാനകിയുടെ സ്‌നിഗ്ധ മധുരമായ ശബ്ദം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. "വാസന്തപഞ്ചമിനാളിൽ’, "തളിരിട്ട കിനാക്കൾ’, "പൊട്ടിത്തകർന്ന’, "ഒരു കൊച്ചു സ്വപ്‌നത്തിൻ’, "അഞ്ജനക്കണ്ണെഴുതി’, "താനേ തിരിഞ്ഞും മറിഞ്ഞും’ എന്ന പാട്ടിലെ "നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ’ എന്ന ഭാഗത്തുള്ള വികാരഭാവമൊന്നു വേറെയാണ്. "സ്വർണ മുകിലേ’ (ജോൺസൺ) എന്ന പാട്ടിലെ കൽപ്പനകളുമായി ഇഴചേരുന്ന അതുല്യമായ ഭാവാലാപനഭംഗികൾ ശ്രദ്ധിക്കേണ്ടതാണ്. കാമുകി, കുടുംബിനി, അമ്മ എന്നിവരുടെ പ്രണയം, പരിഭവം, ഭക്തി, വാത്സല്യം എന്നിവയെല്ലാം ജാനകി തന്റെ ഗാനങ്ങളിൽ ആവാഹിച്ചു. വികാര വൈവിധ്യത്തിന്റെ ഗാനശാല ആയിരുന്നു അത്.
ഹിന്ദി സംഗീത സംവിധായകൻ ജയദേവിനൊപ്പം ദർശന, എസ് ജാനകി,
പി ജയചന്ദ്രൻ
ശാരദ, ഷീല, ജയഭാരതി, ശോഭന അങ്ങനെ എല്ലാവർക്കും വേണ്ടി പാടിയെങ്കിലും ശാരദയ്‌ക്കുവേണ്ടി പാടിയപ്പോൾ അതിലെ മിതത്വവും ശോകസ്ഥായിയുമെല്ലാം ഗംഭീരമായി. ആത്മസംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ ഗാനങ്ങൾക്ക് ജാനകിയുടെ ശബ്ദം അത്രയ്‌ക്കും അനുയോജ്യമായി. "വാസന്ത പഞ്ചമി നാളിൽ’, "രാഗേന്ദു കിരണങ്ങൾ’, "മൗനമേ നിറയും മൗനമേ’, "സ്വപ്നാടനം ഞാൻ തുടരുന്നു’, "ജലശംഖു പുഷ്പം ചൂടും’, "സൂര്യകാന്തി’ ‘നാഥാ നീ വരും’ എന്നിവയിലെല്ലാം കഥാപാത്രങ്ങളുടെ നോവുകൾ ജാനകിയമ്മയുടെ ശബ്ദത്തിൽ ലയിക്കുന്നു. ജാനകിയുടെ ഗാനങ്ങൾ നിശ്ശബ്ദതയുടെ ഒരു സംവേദന ലോകം തുറന്നിടുന്നുണ്ട്. "മൗനമേ’, "മൗനം പോലും മധുരം’, "മൗനമേ വേദമാ’ എന്നിങ്ങനെ എത്രയെത്ര "മൗനരാഗങ്ങൾ’... "മൗനമേ’ എന്ന പാട്ടിലെ "കല്ലിന് പോലും കനവുകൾ നൽകി കന്നിവസന്തം പോയി’ എന്ന വരിയിലെ "പോയി’ എന്ന ഭാഗം ജാനകിയമ്മ പാടുമ്പോഴുള്ള വിരഹ കാതരതയുടെ കനം വളരെ വലുതാണ്. മനസ്സിൽ ഭീതി വളർത്തുന്ന ഗാനങ്ങളിലും ജാനകിയമ്മയുടെ ശബ്ദത്തിന്റെ വേരിയേഷനുകൾ അടുത്തറിയാവുന്നതാണ്. "നിഴലായ് നിന്റെ പിറകെ’ , "യാമിനി’, "നിഴലായ് ഒഴുകി വരുംഞാൻ’, "നിശീഥിനി’ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ചെറിയ ചെറിയ നോട്ടുകളിൽ പോലും ജാനകിയമ്മയുടെ ശ്രദ്ധയും ജാഗ്രതയും ഏറെയുണ്ടായിരുന്നു. വാക്കുകളിൽ പുലർത്തുന്ന നിഷ്ഠകൾ ചെറുതല്ല. "നാഥാ’, "സന്ധ്യേ’, "ശാരികേ’, "മുകിലേ’ എന്നിങ്ങനെയുള്ള സംബോധനയായാലും അർഥനയായാലും അവയിൽ കൊണ്ടുവരുന്ന വൈകാരിക ദീപ്തികൾ അളവറ്റതാണ്.
ഭാസ്‌കരൻ മാഷിന്റെ പാട്ടുകളിലെ മലയാളിത്തം തുളുമ്പുന്ന വാക്കുകൾക്ക് സ്വരഭാവം നൽകിയത് ജാനകിയമ്മയാണ്. തുമ്പപ്പൂച്ചോറ്, തൂശനില, ആലിലത്താലി, മുടി മേലേ കെട്ടി വെച്ച്, മുക്കുറ്റിച്ചാന്ത്, കണിവെള്ളരി, കുടമുല്ലമലർമാല... അങ്ങനെയങ്ങനെ... കാത്തിരിപ്പിന്റെ കാതരഭാവങ്ങൾ പാട്ടിലാക്കിയതും ജാനകിയമ്മയാണ്. "ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ’, ‘കായൽക്കരയിൽ തനിച്ച് വന്നത്’... അങ്ങനെ എത്ര പാട്ടുകൾ വേണമെങ്കിലുമുണ്ട്. ‘ഏതു കവിത പാടണം ഞാൻ ’, ‘എങ്ങനെ ഞാൻ തുടങ്ങണം’, ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’... എന്നിങ്ങനെ പാട്ടിൽ പ്രണയസമർപ്പണത്തിന്റെ സുന്ദര ഭാവങ്ങൾ. " സ്വർണമുകിലേ’ എന്ന പാട്ടിലെ വിഷാദം നിറഞ്ഞ വർഷകാല സന്ധ്യയുടെ ഭാവസൗന്ദര്യം നമ്മുടെ കാതിലുണ്ട്. "വർഷ സന്ധ്യാ’ എന്ന് കഴിഞ്ഞുള്ള ഹമ്മിങ്ങിൽ ആ വിഷാദ ദൂരം നാമറിയുന്നു. "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന പാട്ടിലെ "വിധുരയാമെന്നുടെ സ്വപ്‌നങ്ങൾ വിരിച്ചിട്ട പൂമണി മഞ്ചത്തിൽ ഭവാനിരുന്നു’ എന്ന ഭാഗത്തെ വിധുര സങ്കട ശ്രുതികൾ ജാനകിയമ്മയല്ലാതെ ആരു പാടി ഫലിപ്പിക്കും? "കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ്’ എന്ന കാവാലം വരികളിലെ ലാളിത്യത്തെ ജാനകിയമ്മ തന്റെ ആലാപന ശ്രുതിയിൽ കൂടുതൽ ഗൃഹാതുരമാക്കി. "പൊന്നുരുകും പൂക്കാലം’ എന്ന പാട്ട് കവിയുടെയും സംഗീത സംവിധായകന്റെയും (ഒ എൻ വി‐ജോൺസൺ) ആത്മാവറിഞ്ഞു കൊണ്ടാണ് പാടിയത്. "നിറങ്ങൾ തൻ നൃത്തം’ ജാനകിയമ്മയുടെ ഏറ്റവും മികച്ച പാട്ടിലൊന്നാണ്. എം ബി എസ് ‐ ഒ എൻ വി ടീം ഒരുക്കിയ നിറങ്ങളുടെ നൃത്തം. അതിലെ "അലിഞ്ഞലിഞ്ഞ് പോം അരിയ ജന്മമാം പവിഴദ്വീപിൽ ഞാൻ ഇരിപ്പതെന്തിനോ’ എന്ന് ജാനകിയമ്മ അലിവോടെ പാടുമ്പോൾ ആരും ഒരു നേരം വിതുമ്പിപ്പോകും. "പാവനനാം ആട്ടിടയാ’ എന്ന പാട്ടിലെ പാവനഭാവം ജാനകിയമ്മയ്‌ക്കവകാശപ്പെട്ടതാണ്. അതുപോലെ "മാതളപ്പൂ പോലൊരു മാനസം’ എന്ന പാട്ടിലെ മാനസ വിശുദ്ധിയും ഓർക്കാവുന്നതാണ്. " സന്ധ്യേ’ എന്ന പാട്ടിലെ മേൽസ്ഥായിയും കീഴ്സ്ഥായിയും ഇണക്കിയുള്ള ആലാപനത്തികവ് അതീവ ഹൃദ്യമാണ്. "കിളിയേ കിളിയേ’, "തുമ്പി വാ’, "തട്ടത്തിനുള്ളിൽ നാണിച്ചിരിക്കും’ എന്നിവയിലെല്ലാം ജാനകിയുടെ സ്വരം ഇഴപാകുന്ന ശിശുസഹജമായ ലാളിത്യത്തിന് മാറ്റേറെയാണ്.
ശബ്ദവും നിശ്ശബ്ദതയും തമ്മിലുള്ള അതിരുകളെ അനായാസമായി നിയന്ത്രിക്കുന്ന അനുപമമായ ഒരു അറിവാണ് ജാനകിയമ്മയുടെ പാട്ടിന്റെ അപൂർവത. ഇരുപതോളം ഭാഷയിൽ നാൽപ്പത്തിയയ്യായിരത്തോളം ഗാനങ്ങൾ പാടിയ ജാനകിയമ്മയുടെ സംഗീതജീവിതത്തിൽ ഇളയരാജയുടെ ഗാനങ്ങൾക്ക് വലിയ പങ്കുണ്ട്. "അന്നക്കിളി’യിൽ തുടങ്ങിയ ആ സംഗമം നൂറുകണക്കിന് പാട്ടുകളിൽ തുടർന്നു. "മച്ചാനെ പാർതിങ്കളാ’ എന്ന ഫോക്ക് മുതൽ, ക്ലാസിക്കൽ ഗാനംമുതൽ ക്യാബറേ റിഥം വരെ ഇളയരാജയുടെ സംഗീതത്തിൽ അവർ ആലപിച്ചു. "വാൻ മതിയേ’, "കാട്രിൽ എൻ ഗീതം’, "വെളക്കു വെച്ച’, "കുയിൽ മണി ഓശൈ, "സെന്ദൂരപ്പൂവേ’ (ആദ്യ ദേശീയ അവാർഡ്)... അങ്ങനെ എത്രയെത്ര രാജഗീതികൾ. ചിപ്പിക്കുൾ മുത്തിലെ "തുള്ളി തുള്ളി നീ പാടമ്മ’, "ചിന്നൻ ചിറുകിളിയേ’, "ചിന്നൻ ചിരിയ വണ്ണപ്പറവെ’ എന്ന ദർബാരി കാനഡയിലെ ഗാനത്തിൽ ജാനകിയമ്മയുടെ സ്വരത്തിന്റെ ആഴം, വൈകാരികത എന്നിവ ശ്രദ്ധേയം. കർണാടക സംഗീതവും സിനിമാ സംഗീതവും ഈ പാട്ടിൽ അത്രയ്‌ക്കും ഇണങ്ങിനിൽക്കുന്നു. "നേതു രാത്തിരിയമ്മ’ എന്ന പാട്ടിലെ പ്രണയം, "അഴകിയ കണ്ണെ’ എന്ന പാട്ടിലെ അമ്മവാത്സല്യം, "സൊല്ലയോ വാ തിരണ്ടു’ എന്ന ഷൺമുഖപ്രിയ ഗാനത്തിലെ വൈകാരിക ഭാവം എന്നിവയെല്ലാം ജാനകിയമ്മയുടെ ആലാപനത്തിലെ വ്യത്യസ്‌ത ഡയമൻഷനുകളെ കാണിച്ചുതരുന്നു. എ ആർ റഹ്‌മാൻ സംഗീതം ചെയ്‌ത് ജാനകി പാടിയ "ഒട്ടകത്തെ കെട്ടിക്കോ’, "ഗോപാലാ ഗോപാല’, "നെഞ്ചിനിലേ നെഞ്ചിനിലേ’, "മാർഗഴിത്തിങ്കളല്ലാ വാ’ എന്നിവയൊക്കെ ജാനകി എന്ന ഗായികയുടെ സ്വരവ്യാപ്തിയെ നിർണയിക്കുന്നുണ്ട്. ഹിന്ദിയിൽ അവർ പാടിയ ഗാനങ്ങൾ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. "ദിൽ മേ ഹേ തും', "ജവാൻ ഹൈൻ ദിൽ’... ബാപ്പിലാഹിരി, ലക്ഷ്മികാന്ത് പ്യാരേലാൽ, സലിൽ ചൗധുരി, ആർ ഡി ബർമൻ, ഉഷാ ഖന്ന, രവീന്ദ്ര ജെയിൻ, രവി ബോംബെ, അനു മാലിക്, ജയ്‌ദേവ്... അങ്ങനെ ഹിന്ദിയിൽ അവർ നിരവധി സംഗീത സംവിധായകർക്കൊപ്പം സഹകരിച്ചു. മനുഷ്യ ജീവിത ഘട്ടങ്ങളെ അവർ തന്റെ ശബ്ദത്തിൽ പുനർനിർമിച്ചു. പ്രകൃതിയിലെ എല്ലാ നാദങ്ങളെയും ഹൃദയത്തോട് ചേർത്തുവച്ചു. മലയാളത്തിൽ ആയിരത്തി ഇരുനൂറോളം പാട്ടുകൾ പാടി. മഞ്ഞണിപ്പൂനിലാവ് (രാഘവൻ മാഷ്), നിദ്രതൻ നീരാഴി (ചിദംബരനാഥ്), ഗോപുരമുകളിൽ (പുകഴേന്തി), ഇന്നലെ നീയൊരു (ദക്ഷിണാമൂർത്തി), സന്ധ്യേ (സലിൽ ചൗധരി), ആ നിമിഷത്തിന്റെ നിർവൃതിയിൽ (എം എസ് വി), നീലജലാശയത്തിൽ (എ ടി ഉമ്മർ), ഉണരൂ വേഗം നീ (ഉഷാ ഖന്ന), മിഴിയോരം (ജെറി അമൽദേവ്), നിറങ്ങൾ തൻ നൃത്തം (എം ബി എസ്), മൈനാകം (ശ്യാം), മാനസസാരസ മലർമഞ്ജരിയിൽ (ദേവരാജൻ മാഷ്), ഇളം മഞ്ഞിൻ (കണ്ണൂർ രാജൻ), നാഥാ നീ വരും (എം ജി രാധാകൃഷ്ണൻ), ഗോപികേ നിൻ വിരൽ (ജോൺസൺ), ശരപ്പൊളിമാല ചാർത്തി (രവീന്ദ്രൻ), തണൽ വിരിക്കാൻ (ഇളയരാജ)... അങ്ങനെ നിരവധി ഗാനങ്ങൾ.
1938ൽ ഏപ്രിൽ 23ന് ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച എസ് ജാനകി മൂന്നാം വയസ്സിൽ തന്നെ പാടിത്തുടങ്ങിയിരുന്നു. പത്താം വയസ്സിൽ പൈതി സ്വാമിയുടെ കീഴിൽ സംഗീതം ശാസ്‌ത്രീയമായി അഭ്യസിക്കാൻ തുടങ്ങി. ആകാശവാണി ദേശീയതലത്തിൽ സംഘടിപ്പിച്ച ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടി. 1957ൽ പത്തൊൻപതാം വയസ്സിൽ ‘വിധിയിൽ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി ചിലപ്പതിറാവു ഈണം പകർന്ന ഗാനം പാടിയാണ് ജാനകിയുടെ ചലച്ചിത്ര സംഗീതത്തിലെ അരങ്ങേറ്റം. സെന്ദൂരപ്പൂവേ, ഏറ്റുമാനൂരമ്പലത്തിൽ, വെന്നല്ലോ ഗോദാരി (തെലുങ്ക്), ഇഞ്ചി ഇടുപ്പഴകാ (തമിഴ്) എന്നിവ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ നേടി. എസ് ജാനകിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും അവർ അത് നിരസിക്കുകയാണുണ്ടായത്. ജാനകിയുടെ വിടവാങ്ങലോടെ നാദപ്രപഞ്ചത്തിലെ ചാരുതയാർന്ന ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. ജാനകിയമ്മയുടെ പാട്ടു മലർ കന്യകളിൽ പ്രേമമെന്ന തേനുണ്ടായിരുന്നു. അതിൽ ഓരോ തുള്ളിയും അവർ പകർന്നുതന്നു. പാടിയ പാട്ടിലെല്ലാം എന്തെന്തു മാധുര്യമായിരുന്നു. അവരുടെ ഗാനങ്ങൾ കാലമേറ്റുപാടുമെന്നുറപ്പാണ്... .










0 comments