ad
Deshabhimani

കഥ

കണ്ണാടിത്തെരുവ്‌

ചിത്രീകരണം: കെ സുധീഷ്‌
avatar
മനോജ്‌ മണിയൂർ

Published on Jul 27, 2026, 04:07 PM | 14 min read


തുക്കെ പതുക്കെ ജ്യോത്സ്ന സ്വബോധത്തിലേക്ക് മിഴികൾ തുറന്നു. കിടക്കുന്നത് എവിടെയാണ്, എത്ര നാളായി എന്നൊന്നും ഒരു നിശ്ചയവും ഇല്ല. വെളിയിലെ ആകാശം ജനൽ പഴുതിലൂടെ കാണാനാകുന്നുണ്ട്. പലനിറങ്ങൾ കലക്കി ഒഴിച്ചത് പോലുള്ള ആകാശം സന്ധ്യ മയങ്ങുന്നതിന്റെ സൂചനയാകാം. ആ നിറച്ചാർത്തിൽ കണ്ണുനട്ടു കിടക്കേ പെട്ടെന്ന് ഒരു വിറ ശരീരത്തെ ഗ്രസിച്ചു. ഉടനെ ആരോ ചെവിയിൽ മന്ത്രിക്കുന്നതു കേട്ടു. "ജ്യോത്സ്നാ, പട്ടിപ്പേടി ഒട്ടും വേണ്ടാട്ടോ. നീ ഇവിടെ തീർത്തും സുരക്ഷിതയാണ്. കെട്ടിടത്തിന്റെ ആറാം നിലയല്ലേ... ഇത്രയും ഉയരത്തിലേക്ക് ഗോവണി കയറി വളഞ്ഞുചുറ്റിപ്പോരാനൊക്കുമോ അവറ്റകൾക്ക്? ലിഫ്റ്റിൽ പൊങ്ങിപ്പോരാൻ കഴിയുമോ? എല്ലാ ഇടവും ക്യാമറകളുടെ നിരീക്ഷണത്തിലാണ്. പോരാത്തതിന് കാവൽക്കാരും. അകത്തും പുറത്തും ആളൊഴിഞ്ഞുള്ള നേരവും കാണില്ല.

എണീറ്റിരിക്കാൻ ഉള്ളിൽനിന്ന് കുത്തിപ്പിടയ്‌ക്കുന്നുണ്ട്. അത് ഏറ്റുപിടിക്കുവാനുള്ള പരുവത്തിലേ അല്ല ശരീരം. പരസ്‌പരബന്ധമില്ലാത്ത തുരുത്തുകൾ ആയി വേറിട്ട് നിൽക്കുകയാണ് സന്ധികൾ ഓരോന്നും. ചിലയിടങ്ങൾ ഉള്ളതായി അറിയുന്നേയില്ല. ഉണ്ടെന്നു തോന്നുന്നിടങ്ങളിൽ അനക്കുന്ന നേരത്ത് ജീവൻ പോകുന്ന വേദന. പതച്ചുപൊന്തുന്ന നീറ്റലും. പട്ടികളുടെ പല്ലും നഖവും അടയാളങ്ങളിടാത്ത ഒരിടവും ദേഹത്ത് ഉണ്ടെന്നു തോന്നുന്നില്ല.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

വെള്ള ഉടുപ്പിട്ട മാലാഖമാരെ കിടന്ന കിടപ്പിൽ ജ്യോത്സ്നയ്‌ക്ക്‌ ഒരുവിധം തിരിച്ചറിയുവാനായി. ഒപ്പം മരുന്നുകളുടെ രൂക്ഷഗന്ധം മൂർദ്ധാവ് തുളയ്‌ക്കാൻ കൂടി തുടങ്ങിയതോടെ കിടക്കുന്നത് എവിടെയാണെന്നത് സംബന്ധിച്ചു ബാക്കിയുണ്ടായിരുന്ന ഇത്തിരി നിശ്ചയക്കുറവും ഇല്ലാതായി.

കേട്ടതൊക്കെയും വാസ്‌തവം തന്നെ. കരുതലിന് ഒട്ടും കുറവുണ്ടായിട്ടില്ല. കിടയ്‌ക്കക്ക് അരികിൽ ഡ്രിപ് സ്റ്റാൻഡ് ഒരുക്കിവച്ചിട്ടുണ്ട്. അതിന്റെ കൈപ്പിടിയിൽ അടിയന്തര ഘട്ടങ്ങളിൽ സിരകളിൽ കുത്തി ഒഴുക്കുന്നതിനുള്ള ഐ വി ട്യൂബ് ഘടിപ്പിച്ച ഫ്ലൂയിഡ് ബോട്ടിൽ തൂങ്ങിക്കിടപ്പുണ്ട്. ചുമരരികിൽ സർവ സന്നാഹങ്ങളോടും കൂടെ പേരറിയാത്തൊരു മെഡിക്കൽ എക്യുപ്‌മെന്റ് ഒരുക്കി വച്ചിരിക്കുന്നു. അതിന്റെ തെയ്യക്കോലം നെഞ്ചിടിപ്പേറ്റുന്നു. ബാഹ്യശരീരത്തിൽനിന്ന് എണ്ണമറ്റ കേബിളുകൾ നീരാളി കൈകൾ പോലെ എങ്ങോട്ടെന്നറിയാതെ നീണ്ടുപോകുന്നു. ഒന്നിന്റെയും പിന്നാലെ കൂടുവാനുള്ള മനസ്സല്ല ഇപ്പോൾ. യന്ത്രം വ്യംഗ്യാർഥത്തിൽ മുക്കുന്നു, മുരളുന്നു. ചുകപ്പും പച്ചയും വെളിച്ചങ്ങളുടെ മിന്നിക്കെടലുകളിലൂടെ ആർക്കൊക്കെയോ എന്തൊക്കെയോ സൂചനകൾ നൽകുന്നു. മറയായി പിന്നണിയിൽ പച്ച തിരശ്ശീല.

കാണെക്കാണെ അകത്തെ ബിംബങ്ങൾ ഓരോന്നും മനസ്സിൽ പേടി കോരി നിറച്ചു. ഒന്നിനെയും കൂസാതെ മനുഷ്യലോകത്ത് സ്വൈരവിഹാരം നടത്തുന്ന പട്ടികൾക്ക് നഗരഹൃദയത്തിലെ വെറുമൊരു ആശുപത്രിയുടെ ആറാംനില എത്തിപ്പെടാൻ പറ്റാത്ത ഉയരമാകുമോ? നാലു ചുറ്റിൽനിന്നും ഉയർന്നു കേൾക്കുന്ന അപശബ്ദങ്ങൾ കാതടപ്പിക്കുന്നു. കണ്ണിൽ പെടുന്നതെല്ലാം വികൃതരൂപങ്ങളാവുന്നു. അവയ്‌ക്കിടയിൽനിന്ന് മുഖം അകത്തേക്കിട്ടു തെരുവ് പട്ടികൾ തന്നെ മാത്രം ചുഴിഞ്ഞു നോക്കുന്നു. വാ പിളർന്ന് തേറ്റ കാട്ടി ചോര വാരുന്ന നാക്ക് ഞാത്തി ചാടിക്കടിക്കുവാൻ തക്കം പാർക്കുന്നു. എവിടെ മാലാഖമാരുടെ കാവലാളുകൾ? ആൾക്കൂട്ടങ്ങൾക്കിടയിൽനിന്നു തന്നെയാണ് പട്ടികളുടെ കൂട്ടക്കുരയും ഉയർന്നു കേൾക്കുന്നത്. ഈ കിടപ്പിൽ താൻ എത്ര നിസ്സഹായയാണ്. ഇരയെ കൺമുമ്പിൽ കിട്ടിയതിന്റെ അർമാദം ഊയ്യാരവും കൂക്കിവിളിയുമായി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നു. അവറ്റകളുടെ മുഴങ്ങു മണമിതാ ജീവശ്വാസത്തിൽ പടരുന്നു. ഓക്കാനം വരുത്തുന്നു.

ഒരിക്കൽക്കൂടി അബോധാവസ്ഥയിലേക്ക് തെന്നി വീഴാതിരിക്കാൻ സ്വയം മുറുകെപ്പിടിച്ചു കിടന്നു ജ്യോത്സ്ന.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

സമീപത്ത് എവിടെയോനിന്ന് അപ്പോൾ ഒരു മൊബൈൽ ശബ്ദിച്ചു. ഹൃദയത്തിലേക്ക് നേരിട്ട് പതിച്ച വിരഹഗാനം. ഫോൺ തന്റേതല്ല. അതെവിടെയാകും? അന്ന് രാത്രി കലപിലയ്‌ക്കിടയിൽ കൈവിട്ടു പോയതാണ്. ആർക്കെങ്കിലും കിട്ടിയെങ്കിൽ തിരിച്ചേൽപ്പിക്കാതിരിക്കില്ല, ഏൽപ്പിച്ചോ എന്ന് അറിയുകയുമില്ല. ആദി ജാനേ... ആവർത്തിച്ചു കേൾക്കുന്നു. ഹരീഷ് വേറെ ആരുടെയെങ്കിലും നമ്പറിൽ വിളിക്കുന്നതാകുമോ? വിളിയുടെ തിടുക്കം കാണുമ്പോൾ അങ്ങനെ തോന്നിപ്പോകുന്നു. സ്വസ്ഥമായി അവിടെയിരുന്ന് ജോലി ചെയ്യാൻ കഴിയുന്നുണ്ടാവില്ല അവന്.

വിവരം അന്നുതന്നെ അറിഞ്ഞുകാണും. റോസ്മേരി പറയാതിരിക്കില്ലല്ലോ. അന്നന്നത്തെ രോഗപുരോഗതിയും അവളോട് അന്വേഷിച്ച് മനസ്സിലാക്കുന്നുണ്ടാകും പാവം. അവന്റെ ശബ്ദമൊന്ന് കേൾക്കാൻ മനസ്സു ദാഹിക്കുന്നു. ആരോടെങ്കിലും ചോദിച്ചുവാങ്ങി ഫോൺ ചെയ്യാൻ പോയിട്ട് നേരെ ചൊവ്വേ ശ്വാസം വിടാൻപോലും ശരീരംകൊണ്ട് സാധിക്കുന്നില്ലല്ലോ.

സിസ്റ്റർമാർ പോയ ഒഴിവിൽ പലരും വന്ന് ആശ്വാസവചന പ്രഘോഷണം നടത്തി പോകുന്നുണ്ട്. ഈ അവസ്ഥയിൽ കാണേണ്ടിവന്നതിൽ അഗാധമായ ദുഃഖമുണ്ട് പോലും. വാചകക്കസർത്തു കാട്ടുന്നതിനിടെ വിഷമിറ്റിച്ചു സ്ഥലം കാലിയാക്കുന്നവരും ഉണ്ട്. അക്കൂട്ടർ പോയിക്കഴിഞ്ഞാലാണ് വിഷധൂളികൾ അന്തരീക്ഷത്തിൽ പാറിപ്പറക്കാൻ തുടങ്ങുക.

ചതിക്കുഴികൾ പെരുത്ത നഗരം. നേരമല്ലാത്ത നേരം. പൊതുനിരത്തിലൂടെ പെണ്ണ് പോകാൻ തന്റേടം കാട്ടാമോ എന്ന്. ഒരുമ്പട്ടവരെ മാത്രമല്ലേ തെരുവുപട്ടികൾ നോട്ടമിടുന്നത് എന്നും.

ഓഫീസിനകത്ത് അതേ ചോദ്യങ്ങൾ ആവർത്തിച്ച് സൂപ്രണ്ടും പുക പരത്തുന്നുണ്ടാവും. ഈ ദുര്യോഗത്തിന് അയാൾ ഒരുത്തൻ മാത്രമാണ് ഉത്തരവാദി. ജീവനക്കാരെ ലേറ്റ് അവേഴ്‌സിലും ജോലി ചെയ്യിക്കുന്നത് ഒരു ത്രില്ല് പോലെയാണ് അയാൾക്ക്.

വർക്കിങ്‌ ടൈമിൽ ഇരിപ്പിടത്തിൽ ഇരിപ്പുറക്കില്ല. സർവവ്യാപി എന്ന് കാണിക്കാൻ കാരണവരെ പോലെ സെക്ഷനുകളിൽ നിന്ന് സെക്ഷനുകളിലേക്ക് ഉലാത്തിക്കൊണ്ടിരിക്കും. ജോലി ചെയ്യുന്നവരെ മെനക്കെടുത്തി സൊറ പറയും. ചിലരെ പഞ്ചാര വാക്കുകൾകൊണ്ട് കെണിയിൽ വീഴ്‌ത്തി അവരുടെ ചെലവിൽ പുറത്തുപോയി ചായ കുടിക്കും. എല്ലാം കഴിഞ്ഞു വർക്കിങ്‌ ടൈം തീരാറായ നേരത്തായിരിക്കും ഒടുക്കത്തെ ഫയൽ വിചാരം. ആത്മാർഥതയുടെ ഇരച്ചുകയറ്റം. അനിഷ്ടം നേരിട്ട് പ്രകടിപ്പിച്ചപ്പോഴൊക്കെ തന്റെ കഴുത്തിൽ വാക്കുകൾകൊണ്ട് കുടുക്കിട്ട് ഒരു വലിയുണ്ട്: "ഫ്ലാറ്റിൽ ചെന്ന് വെറുതെ ഇരിക്കുകയല്ലേ ജ്യോത്സ്നാ...'

ഏറെ വൈകുന്നതുവരെ സീറ്റിൽ പിടിച്ചിരുത്തിയതിന്റെ കലിപ്പിൽ അന്ന് ഓഫീസിൽനിന്ന് ഇറങ്ങിപ്പോരുമ്പോൾ എൻട്രൻസ് വരെ വന്ന് അയാൾ ക്ഷമാപണം ചെയ്‌തത് ഓർമയുണ്ട്. "ഇച്ചിരി നല്ലോണം വൈകി ല്ലേ?' സാറ് ഡ്രോപ്പ് ചെയ്‌തു തരുമോ? എന്ന യാചന അങ്ങോട്ട് പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം. അയാളെ ഗൗനിക്കാതെ പടിയിറങ്ങിപ്പോന്നു. "ഓട്ടോ പിടിച്ചേ പോകാവൂട്ടോ' എന്ന് പിന്നാലെ ഉപദേശിക്കുന്നതും കേട്ടു.

എത്ര ഇരുട്ടിയാലും ഫ്ലാറ്റിലേക്ക് നടന്നേ പോകൂ. അതും തെരുവിൻ നടുവിലൂടെ തന്നെ. ദൃഢനിശ്ചയം ചെയ്‌തുകൊണ്ട് മുന്നോട്ടു ചുവടുകൾ വച്ചു. എല്ലാം സ്വയം നിർണയിക്കുന്നവൾ ആണെന്ന മുദ്ര തനിക്ക് ആവോളം ചാർത്തിത്തന്നിട്ടുണ്ടല്ലോ നിരൂപകന്മാർ.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

ജോലിസ്ഥലത്തേക്കുള്ള ദീർഘയാത്ര ഒഴിവാക്കുന്നതിന് ഹരീഷ് സ്വയം നിശ്ചയിച്ച പകരം വയ്‌പ്പായിരുന്നു ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള പറിച്ചുനടൽ. വിവാഹം കഴിഞ്ഞാൽ ഉടനെ തന്നേയും ഗൾഫിലെ അവന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകും എന്നതായിരുന്നു വിവാഹപൂർവ ചർച്ചാ വേളകളിലെ വാഗ്ദാനം. അത് കേട്ട നിമിഷംമുതൽ വേറൊന്നിനെയും ഇടങ്കോലിടാൻ അനുവദിക്കാതെ ഹരീഷിന് ഒപ്പമുള്ള പ്രവാസജീവിതം പല പകിട്ടിൽ കൽപ്പിച്ചു കൂട്ടിക്കൊണ്ടിരുന്നു. കൽപ്പനകളെ മുഴുവൻ വർണാഭമാക്കുവാൻ പോന്ന നേർച്ചിത്രങ്ങളും വാഗ്മയ ചിത്രങ്ങളും അവിടെനിന്ന് അവൻ കൈമാറിക്കൊണ്ടിരിക്കുകയും ചെയ്‌തു. വൃത്തിയും വെടിപ്പും ഉള്ള മനാമയിലെ വിസ്‌തൃതമായ റോഡുകളും അംബരചുംബികളായ ടവറുകളും പേർഷ്യൻ കടലിടുക്കിലേക്ക് തള്ളിനിൽക്കുന്ന തുറമുഖവും വെള്ളിവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന രാത്രിയിൽ നഗരത്തിന്റെ മൊത്തം സ്‌കൈലൈൻ കാഴ്‌ചകളും മനസ്സിൽ കുളിരു കോരി നിറച്ചു. കണ്ടത് തന്നെ പലയാവർത്തി കണ്ടു. വരുന്നവർക്ക് സ്വാഗതമോതാനെന്നവണ്ണം കടലോരത്ത് തലകൾ ഉയർത്തി കൈകൾ കൂപ്പി നിൽക്കുന്ന കൂറ്റൻ ഇരട്ടഗോപുരങ്ങൾ കാണിച്ച് അവൻ ചോദിച്ചിരുന്നു: "ഉയരങ്ങൾ താണ്ടുവാൻ തിടുക്കം തോന്നുന്നുണ്ടോ?'

അതിനിടയിൽ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ പിഎസ് സിയുടെ എൽഡി ക്ലർക്ക് നിയമന ശുപാർശ വന്നു. വിവാഹം കഴിയുന്നതോടെ പോസ്റ്റിങ്ങും വരും എന്നായി. പരീക്ഷയ്‌ക്കൊരുങ്ങുന്ന വേളയിൽ കാണിച്ച ഉത്സാഹം ജോലി കൈയ്യെത്തും ദൂരത്തെത്തിയപ്പോൾ ഉണ്ടായില്ല. മനസ്സുകൊണ്ട് എന്നേ കടലു കടന്ന് കഴിഞ്ഞിരുന്നുവല്ലോ.

ഹരീഷ് പക്ഷേ ആ നിർണായക ഘട്ടത്തിൽ പെട്ടെന്നൊരു മലക്കം മറിഞ്ഞു. "ഡാ ഗൾഫുജീവിതം നീ വിചാരിക്കുന്നതുപോലെ അത്ര സുഖമുള്ളതൊന്നും അല്ല കേട്ടോ. ഒരു മുറിക്കകത്ത് ചടഞ്ഞുകൂടി ഇരിക്കേണ്ടി വരുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അല്ലെങ്കിൽ നിനക്ക് ഇവിടെ ഒരു ജോലി ഒപ്പിക്കാൻ കഴിയണം. എന്റെ തൊഴിൽ വെച്ചുനോക്കുമ്പോൾ അവിടെയും കാണും അഡ്ജസ്റ്റ്മെന്റ് പ്രോബ്ലംസ്. ഒരേ റൂട്ടിൽ രണ്ടു വേഗങ്ങളിലോടുന്ന രണ്ട് വണ്ടികൾ ആയിരിക്കും നമ്മൾ. നാട്ടിൽ തന്നെ ജോലി ചെയ്യുന്നതല്ലേ ബുദ്ധി?'

അവൻ ആവർത്തിച്ചു ചോദിച്ചു. സ്വപ്‌നചിത്രങ്ങളെ മുഴുവൻ തേച്ചുമായ്ച്ചു കളഞ്ഞ് അവസാനം ഹരീഷിന്റെ മനസ്സിലിരിപ്പിന് വഴങ്ങിക്കൊടുത്തു.

ലീവ് നീട്ടാൻ ഒരു സാധ്യതയുമില്ല എന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ഒരാഴ്‌ചപോലും കൂടെ കഴിയാതെ പറന്നുപോയ ആൾ പുതിയ സാഹചര്യത്തിൽ പോയതിലും വേഗത്തിൽ തിരിച്ചു പോന്നു. "ദിവസവും പോയി വരാൻ പറ്റുന്ന ഏറ്റവും അടുത്ത ഒരിടത്ത് പോസ്റ്റിങ് മേടിച്ചു തരുന്ന കാര്യം ഞാൻ ഏറ്റു.'

തുനിഞ്ഞിറങ്ങിയ ഹരീഷ് നിരാശപ്പെട്ടുകൊണ്ടാണ് ഓരോ തവണയും തിരിച്ചുപോന്നത്. ഒഴിവുകൾ ഉള്ളതൊക്കെയും റിമോട്ട് ഏരിയകളിലാണ്. ഒടുവിൽ നഗരത്തിലെ ഡിപ്പാർട്ട്മെന്റ് ഹെഡ് ഓഫീസിലെ ഒരേ ഒരു ഒഴിവിലേക്കായി അവന്റെ കോൺസെൻട്രേഷൻ.

"നഗരത്തിൽ!'

"അതേടാ നഗരത്തിൽ വർക്ക് ചെയ്യുന്നതാണ് സൗകര്യം.'

"ഇത്രയും ദൂരത്ത്?'

"അതോർത്ത് ടെൻഷൻ വേണ്ട. ഫ്ലാറ്റ് വാങ്ങാം. അവിടെ താമസിക്കാം.'

"ഞാൻ ഒറ്റയ്‌ക്കോ?'

കൂട്ടിന് അവനൊരു സർവെന്റിനെ പോസ്റ്റ് ചെയ്‌തു. റോസ്മേരി. ഭർത്താവും കുഞ്ഞും ഉണ്ട്. സ്വഗൃഹത്തിലേക്ക് പോകാൻ വല്ലപ്പോഴുമൊക്കെ ലീവ് അനുവദിച്ചാൽ മതി.

കാര്യങ്ങൾ അത്രത്തോളം എത്തിച്ച് അവൻ വേഗം സ്ഥലംവിട്ടു. സംഭവങ്ങളുടെ പുതുഗതിയിൽ ഒന്നും തിരിയാതെ പായൽ പോലെ താൻ പൊങ്ങിക്കിടന്നുകൊടുത്തു. റോസ്മേരി അതിനിടയിൽ നല്ലൊരു കേൾവിക്കാരിയാക്കി തന്നെ പരിവർത്തനം ചെയ്‌തെടുത്തു കഴിഞ്ഞിരുന്നു. നഗരം അവൾക്ക് കരതലാമലകം പോലെ മനഃപാഠമായിരുന്നു. ചിരിക്കാനും ചിന്തിക്കാനും ഒപ്പം ഇക്കിളിപ്പെടുത്തുവാനും പോന്ന കഥാഭൂമിക. അവളുടെ വാഗ്‌വിലാസത്തിൽ വീണുകഴിഞ്ഞാൽ പിന്നെ നഗരത്തിന്റെ ഉള്ളടക്കങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഏതൊരാളും അറിയാതെ കൊതിച്ചുപോകും. തന്റെ മനോരാജ്യസഞ്ചാരം കണ്ണാടി തെരുവിൽ എത്തിനിൽക്കുമ്പതൊയിരിക്കും എന്നും അവൾ കഥ അവസാനിപ്പിക്കുക.

"ലോകത്ത് കാശുകൊടുത്ത് വാങ്ങാൻ കഴിയുന്നത് എന്തും അവിടെ കിട്ടും കേട്ടോ ചേച്ചിയമ്മേ.'

"എങ്കിൽ അടുത്ത ഹോളിഡേയ്‌ക്ക്‌ ഞാനും ഉണ്ട്.'

ഹരീഷിനോടൊപ്പം ചെറിയ ഇടവേള മാത്രമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ഒന്നിനും ഒരു സാവകാശവും കിട്ടിയിരുന്നില്ല. കിട്ടിയാലും വെറുതെ നടക്കുന്നത് അവന്‌ ഇഷ്ടമേ ആയിരുന്നില്ല. ബിസിനസ് ആവശ്യാർഥം ആണെങ്കിൽ എത്ര അലയേണ്ടിവന്നാലും ഒരു മുഷിച്ചിലും ഇല്ല. വെറുതെ നടന്നാൽ കാൽ കഴയ്‌ക്കും എന്നല്ലാതെ വേറെന്തു നേട്ടം... വിവാഹത്തിന് മുമ്പ് ലീവിൽ നാട്ടിലെത്തിയപ്പോൾ പുറത്തുപോകാൻ ചില സ്ഥലങ്ങൾ സജസ്റ്റ് ചെയ്‌ത്‌ നോക്കിയിരുന്നു. അപ്പോൾ തന്നെ അന്വേഷിക്കുന്നത് കേട്ടു, ലക്ഷ്യസ്ഥാനത്തിന്റെ നിയറെസ്റ്റ്‌ പോയിന്റിൽ വരെ വാഹനം ചെല്ലുമോ എന്ന്. ഉത്തരം നെഗറ്റീവ് ആയതുകൊണ്ടാവണം അതവിടെ അപ്പോൾതന്നെ പൊളിഞ്ഞു.


തുടക്കത്തിൽ അവന്റെ ചിട്ടകൾ അമ്പരപ്പോടുകൂടിയായിരുന്നു വീക്ഷിച്ചത്.. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബോധ്യമായി മുമ്പേ ഉറപ്പിച്ചുവെച്ച പാളങ്ങളിലൂടെയാണ് ഹരീഷിന്റെ മൂവ്മെന്റുകൾ. അതു നിരീക്ഷിക്കുവാൻ ലോകത്തിന്റെ നാനാദിക്കുകളിൽ ഇമ വെട്ടുകപോലും ചെയ്യാതെ സദാസമയവും തുറന്നു വച്ചിരിക്കുന്ന കണ്ണുകൾ ധാരാളമുണ്ട്. വേഗതയും ജാഗ്രതയും കൃത്യതയും ഒക്കെയാണ് അനുനിമിഷം പരീക്ഷിക്കപ്പെടുന്നത്.തെറ്റിയാൽ പുറത്ത്. സബോർഡിനേറ്റ്സിനെ ഇക്കാര്യങ്ങൾ നിരന്തരം ഓർമിപ്പിക്കുന്നുണ്ട് മേലാവുകൾ. കമ്പനിയുടെ മനാമയിലെ ഗൾഫ് കൺട്രോളും അകത്തെ സിംഹാസന സദൃശ്യങ്ങളായ ചെയറുകളും മറ്റുള്ള ആർഭാടങ്ങളും ഹരീഷിന്റെ ഭാഷയിൽ പറഞ്ഞാൽ ബിസിനസ് സാമ്രാജ്യത്തിലെ വെറും പ്രതീകങ്ങൾ മാത്രം. പ്രത്യേകിച്ച് ഇരിപ്പിടങ്ങൾ ഒന്നുമില്ലാതെ അലയുന്ന ടെക്കികളുടെ മസ്‌തിഷ്‌കങ്ങളാണ് കൺട്രോൾ യൂണിറ്റുകൾ. അക്ഷാംശ രേഖാംശ നിശ്ചയങ്ങൾ ഇല്ലാത്ത മൾട്ടി നാഷണൽ ഫ്രെയിംവർക്കിലെ എണ്ണമറ്റ ആന്റിനകളാണ് അവർ. ബിസിനസിന്റെ നിഗൂഢ സന്ദേശങ്ങൾ അവരിലൂടെ നിരന്തരം സ്വീകരിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. മണലാരണ്യത്തിലെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ പരമാവധി പ്രൊമോട്ട് ചെയ്യാൻ ജീവിതം ഉഴിഞ്ഞുവയ്‌ക്കപ്പെട്ട ചീഫ് ബിസിനസ് പ്രൊമോട്ടർ ആണ് ഹരീഷ്. ഉന്നത പദവികളിൽ വിരാജിക്കുന്ന ടെക്കികൾക്ക് പ്രിയപ്പെട്ടവരോട് സല്ലപിക്കുന്നതിനും ഉണ്ടത്രേ കർശനമായ സമയനിശ്ചയങ്ങൾ.

ഓഫീസിൽ ജോയിൻ ചെയ്‌ത അവസരത്തിൽ പരിചയപ്പെടാൻ വന്നവരിൽ ചിലർ താമസസ്ഥലം എവിടെയാണെന്ന് അന്വേഷിച്ചിരുന്നു. എംജി റോഡിൽ ഫ്ലാറ്റിൽ ആണെന്ന് വെളിപ്പെടുത്തി. എങ്കിൽ കണ്ണാടി തെരുവിലൂടെ എളുപ്പത്തിൽ നടന്നിങ്ങോട്ട് പോരാമല്ലോ എന്നായി അവർ. വേണമെങ്കിൽ ബസ്സിലും ഓട്ടോയിലും വരാം. ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് നല്ലത് നടത്തം തന്നെ. ഒരു എക്സ്പോഷർ കൂടി ആകുമല്ലോ. അവരുടെ പ്രോത്സാഹനം നെഞ്ചേറ്റിയപ്പോൾ നടത്തം പരീക്ഷിച്ചുകളയാം എന്ന് വിചാരിച്ചിരുന്നു. ഹരീഷിന്റെ ‘നോ’ ഉറപ്പാണ് എന്നോർത്തപ്പോൾ അതേ ക്ഷണത്തിൽ അതു കെടുത്തിക്കളഞ്ഞു.


ഫ്ലാറ്റിൽനിന്ന് റോഡ് മാർഗമാണ് വരുന്നതെങ്കിൽ വെറും രണ്ട് കിലോമീറ്റർ ദൂരത്തിന്റെ ഓട്ടമേ കാണൂ. നഗരം ചുറ്റി വരുന്നതുകൊണ്ട് മാത്രമാണത്. ലൈൻ ബസുകൾ മിനിറ്റുവെച്ചുണ്ട്. ഓട്ടോ സർവീസും യഥേഷ്ടം. മിനിമം ചാർജ് മതി. ഇതൊക്കെക്കൂടി ആലോചിച്ചപ്പോൾ വാഹന മാർഗം അങ്ങ് ഉറപ്പിച്ചു. നഗരത്തിലെ റോഡുകളും പരിചിതമാകണമല്ലോ.

ഫ്ലാറ്റിൽനിന്ന് നേരെ ഇറങ്ങിച്ചെല്ലുന്നിടത്താണ് എംജി റോഡിലെ ബസ് ബേ. എപ്പോൾ ചെന്നാലും യാത്രക്കാരെ കാത്ത് ഒരു ബസെങ്കിലും അവിടെ പാർക്ക് ചെയ്‌തിട്ടുണ്ടാകും. ബസ്സിനുള്ളിൽ കാലിയായി കിടക്കുന്ന ഇരിപ്പിടങ്ങൾ വേണ്ടത്ര. ചെറിയ നേരത്തെ ഓട്ടമാണെങ്കിലും അതിനിടയിൽ അനുഭവിക്കുന്ന പരമാനന്ദ സുഖം ഒന്നു വേറെ. ഫ്ലാറ്റിൽ ഒറ്റയ്‌ക്ക് തുഴഞ്ഞു തള്ളിയ-- റോസ്മേരിയും കുഞ്ഞും ഉണ്ട്. എന്നാലും-- മണിക്കൂറുകളുടെ മനംമടുപ്പ് ബസ് മുന്നോട്ടു കുതിക്കുമ്പോൾ പുറത്തേക്ക് പാറിപ്പറന്നു പോയിക്കൊണ്ടിരിക്കും. കടന്നുവരുന്ന വായു മനസ്സിലും ശരീരത്തിലും പുതുജീവൻ കോരി നിറയ്‌ക്കും. യാത്രാവേളയിൽ വർത്തമാനം പറഞ്ഞിരിക്കാൻ ഒരാളെക്കൂടി കിട്ടിയാൽ ധാരാളമായി.പറഞ്ഞു പറഞ്ഞു കാടുകയറി പോകുന്നതേ നോക്കേണ്ടതുള്ളൂ. യാത്രക്കാർക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുപോയെന്നാൽ ഓർമപ്പെടുത്തുന്ന കണ്ടക്ടർമാരാണ് അധിക ബസുകളിലും. ബൈപാസ് ജങ്‌ഷൻ ഇറങ്ങാൻ ഉണ്ടോ എന്നു കേൾക്കുമ്പോൾ ചാടിപ്പിടിച്ച് എഴുന്നേറ്റ്‌ യാത്രക്കാരെ തട്ടിയും മുട്ടിയും പുറത്തേക്കിറങ്ങി കഴിഞ്ഞാൽ ഒരു സോറി എല്ലാവരോടുമായി അവിടെ പറഞ്ഞിടും.

സ്വച്ഛന്ദമായ ആ ഒഴുക്കിന് ഭംഗം ഉണ്ടായിത്തുടങ്ങിയത് എന്നുമുതൽക്കാണ് എങ്ങനെയാണെന്ന് ഒരൂഹവുമില്ല. ഒരു സുപ്രഭാതം മുതൽ എൻഎച്ചിൽ തടസ്സങ്ങൾ ഒന്നിന് പിറകെ ഒന്നായി പ്രത്യക്ഷപ്പെടുകയായിരുന്നു. കവലകളിലായിരുന്നു തുടക്കം. ചെറിയ ദൂരത്തിനിടയിൽ ഒന്നും രണ്ടും മൂന്നുമല്ല, അഞ്ചുണ്ടായിരുന്നു കവലകൾ. ഒരിടത്ത് കുടുങ്ങിയാൽ അഞ്ചിടത്തും കാത്തു കെട്ടിക്കിടപ്പ് ഉറപ്പ്. ഒടുവിൽ സിഗ്നലിൽ പച്ചക്കത്തി കണ്ടാലും രക്ഷപ്പെട്ടെന്ന് പ്രതീക്ഷിക്കുവാൻ വയ്യ. മാർഗം മുടക്കാൻ പാകത്തിൽ കാരണങ്ങൾ ഒന്നൊന്നായി വഴിനീളെ വന്നുചേർന്നുകൊണ്ടിരിക്കും. പീക്ക് സമയങ്ങളിൽ പാടില്ലെന്നാണ് വെപ്പ്. എങ്കിലും ആ സമയങ്ങളിലേ റോഡിൽ പണി നടക്കൂ. ഭാരം കയറ്റിയ കണ്ടെയ്നറുകൾ നഗരപരിധിയിൽ പ്രവേശിച്ച് ഉറുമ്പിഴയാൻ ഏറ്റവും തിരക്കുപിടിച്ച സമയം വരുന്നതുവരെ കാത്തിരുന്നതായി തോന്നും. ലോറിക്കാരോടുള്ള കലിപ്പ് ബസ് ഡ്രൈവർമാർ ഹോണടിച്ചുപിടിച്ചുകൊണ്ടാണ് തീർക്കുക. അല്ലെങ്കിൽ കേട്ടാൽ അറയ്‌ക്കുന്ന തെറിയഭിഷേകംകൊണ്ട് മൂടും. ആ വകയിലും വന്നുചേരാറുണ്ട് അവിചാരിതമായ ബ്ലോക്കുകൾ. അതിനിടയിൽ സമയം പോകുന്നതോർത്തുള്ള യാത്രക്കാരുടെ നെടുവീർപ്പുകൾ കാണേണ്ടവർ കാണാതെ ആവിയായി മേലോട്ട് പൊങ്ങിപ്പോകുന്നുണ്ടാവും. പത്തു മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ദൂരം ബ്ലോക്കിൽ പെട്ടുപോകുന്ന ദിവസങ്ങളിൽ മുക്കാൽ മണിക്കൂർകൊണ്ടും ഓടി തീരില്ല.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

ഒരിക്കൽ വൈകിച്ചെന്നതിന്‌ വിശദീകരണം കൊടുത്തു തളർന്നിരിക്കുമ്പോഴാണ് ആശ്വാസവാക്കുകളുമായി സുകുൾ വരുന്നത്. "ജ്യോ, വളഞ്ഞു ചുറ്റി വരുന്നതുകൊണ്ടല്ലേ ഇത്ര ഹറി ബറി. കണ്ണാടി തെരുവിലൂടെ നേരെ നടന്നിങ്ങു പോരാൻ അഞ്ചു മിനിറ്റു വേണ്ടല്ലോ.'

ഓഫീസിലെ ജീവനക്കാരിൽ അധികമാളുകൾക്കും വരാനും പോകാനുമായി സ്വന്തം വാഹനങ്ങളുണ്ട്. തനിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് സുകുളിന്റെ അഭിപ്രായം. എംജി റോഡിലെ മറ്റൊരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന അയാളുടെ വരവും പോക്കും കണ്ണാടി തെരുവിലൂടെ നടന്നാണ്.

"ഞാൻ പറഞ്ഞത് ആലോചിച്ചോ?’

"ഹരീഷ് എസ് പറയണം.’

"ചോദിക്ക്. ഇക്കാര്യത്തിൽ ആരെങ്കിലും തടസ്സം നിൽക്കുമോ.'

അന്ന് രാത്രി പതിവു ഫോൺകോൾ വേളയിൽ എന്തും ചോദിക്കുവാനുള്ള ഒരു ഇടവേള അനുവദിച്ചുതന്നു ഹരീഷ്. അവൻ ഉദ്ദേശിച്ച രീതിയിലുള്ള ആവശ്യങ്ങളല്ല, പരിഭവങ്ങളുടെ വലിയ ഭാണ്ഡക്കെട്ടുകൾ ആണ് മുന്നിൽ അഴിച്ചുവെച്ചത്. ഫ്ലാറ്റിൽനിന്ന്, എത്ര നേരത്തെ ഇറങ്ങിയാലും അവിചാരിതമായ കാരണങ്ങളാൽ ഓഫീസിൽ വൈകിച്ചെല്ലേണ്ടി വരുന്നതും സൂപ്രണ്ടിന് മുന്നിൽ സോറി ഫിഗറായി നിൽക്കേണ്ടി വരുന്നതും അപ്പുറത്തിരുന്നയാൾ ക്ഷമയോടെ കേട്ടുവെന്ന് ബോധ്യമായി.

അനന്തരം ഹരീഷ് സ്‌ക്രീനിൽ ഒരധ്യാപകന്റെ ഭാവമാർന്നു. "ജ്യോ, ജോലി ചെയ്യുന്നതും ജീവിക്കുന്നതും നഗരത്തിൽ ആണെന്നതു മറന്നോ? നഗരങ്ങൾ ഒഴുക്ക് തുടങ്ങുന്ന ഇടങ്ങളാണ്. അതുപോലെ ഒഴുകി പതിക്കുന്ന ഇടങ്ങളും. പിന്നെ തന്റെ ഒരു ലേറ്റ് കമിങ്. ഈ --ഓഫീസ് ഫെസിലിറ്റി ഉള്ള ഒരിടത്ത് ജീവനക്കാർ അകത്തോ പുറത്തോ എന്നത് ഒരു പ്രശ്നമാണോ? വർക്ക് കംപ്ലീഷനിൽ കോൺസെൻട്രേറ്റ് ചെയ്‌താൽ പോരേ?’

ഹരീഷിന്റെ നിഗമനങ്ങളാണ്.

ഇപ്പുറത്തിരുന്ന് അവന്റെ നിഗമനങ്ങളെ തിരുത്തുവാൻ ശ്രമിക്കുന്നത് തീരെ ഇഷ്ടമാവില്ല. അവൻ പറഞ്ഞു തീർന്നിട്ടും മിണ്ടാതിരുന്നത് അതുകൊണ്ടാണ്. അത് പ്രകോപനമായി ഗണിച്ചെടുക്കുവാൻ പക്ഷെ അര നിമിഷംപോലും വേണ്ടിവന്നില്ല.

"ഓക്കേ, ഡാ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്. നടക്കേണ്ടത് കണ്ണാടി തെരുവിലൂടെ ആണെന്ന് എപ്പോഴും ഓർമവേണം.അത്രയേ പറയാനുള്ളൂ.'

അവൻ അടിച്ച പന്തിതാ ഇപ്പുറത്തെ കോർട്ടിൽ എത്തിയിരിക്കുന്നു. ഇനി എന്ത് ചെയ്യണമെന്ന് തനിക്ക് തീരുമാനിക്കാം. എന്ത് സംഭവിച്ചാലും ഉത്തരവാദിത്വവും തനിക്ക്. പിറ്റേന്നും ബസ് ബേ ലക്ഷ്യം വെച്ച് അൽപ്പം നേരത്തെ ഇറങ്ങി. ചെന്നുപെട്ടതോ പെഡസ്ട്രെയിൻ പാസിലൂടെ നടന്നുവരികയായിരുന്ന സുകുളിന്റെ മുന്നിൽ.

"ആഹാ! നടക്കാൻ നിശ്ചയിച്ചു അല്ലേ?' അയാളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. എതിർത്തോ അനുകൂലിച്ചോ പറയുവാൻ ഒരു വാക്കുപോലും നാവിൽ തടഞ്ഞില്ല.

"പോകാം.' അയാൾ നടന്നുതുടങ്ങി.

അറിയാതെ അയാളുടെ ചുവടുകളെ പിന്തുടർന്നു. അല്ലെങ്കിലും ഒറ്റയടിക്ക് നിഷേധിക്കാൻ കഴിയില്ലല്ലോ അതുപോലുള്ളൊരു മനുഷ്യന്റെ ക്ഷണം. നൂറിലധികം സ്റ്റാഫുള്ള ഓഫീസിൽ അത്ര ഉപകാരിയായ മറ്റാരുണ്ട്... ചില സന്ദർഭങ്ങളിൽ സാങ്കേതിക കുരുക്കുകളിൽ അകപ്പെട്ട് ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ പറ്റാത്ത അവസ്ഥ എല്ലാ സീറ്റുകളിലും വന്നുചേരാറുണ്ട്. കിടന്ന് പിടയ്‌ക്കുന്നത് കണ്ടാൽ സ്വന്തം കാര്യങ്ങൾ തൽക്കാലത്തേക്ക് മാറ്റിവെച്ച് അവിടേക്ക്‌ ഓടിയെത്തും. അതു പരിഹരിച്ചേ പിൻവാങ്ങുകയുള്ളൂ.

നാട്ടിൻപുറത്തുള്ളൊരു സബ് ഓഫീസിൽനിന്ന് ട്രാൻസ്‌ഫർ മേടിച്ച് വന്നതാണ്. ആ സമയത്ത് ഇ --ഓഫീസ് സംവിധാനം പരിപൂർണമായി ഫങ്‌ഷൻ ചെയ്യാനാകാതെ സെക്ഷനുകൾ പകച്ചു നിൽക്കുകയായിരുന്നു. ഫയൽ ജനറേഷൻ, ഫയൽ ട്രാൻസ്‌ഫർ, റീ-സെന്റ്, ഡിജിറ്റൽ സൈനിങ് തുടങ്ങി തൊട്ടതും തൊടാത്തതും ഒക്കെ ഹോട്ട്‌സ്‌പോട്ടുകൾ. കപ്പാസിറ്റി ബിൽഡിങ്ങിന്റെ ഭാഗമായി അയാൾ നിരന്തരം ക്ലാസുകൾ എടുത്തു. ഓരോരുത്തരുടെയും അരികിലിരുന്ന് ഇനംതിരിച്ച് ഓരോന്നും സ്വയം ചെയ്യാൻ പ്രാപ്തമാക്കി. തനിക്ക് അതിൽ പ്രത്യേക പരിഗണന കിട്ടി.

ഫ്ലാറ്റിൽ താമസം തുടങ്ങിയതിനുശേഷം ആദ്യമായിട്ടായിരുന്നു തെരുവിൻ നടുവിലൂടെ നഗരത്തുടിപ്പുകൾ അനുഭവിച്ചറിഞ്ഞുകൊണ്ടുള്ള നടത്തം. കേട്ടുമാത്രം പരിചയമുള്ള കണ്ണാടി തെരുവ് ഓരോ ചുവട്‌ പിന്നിടുന്തോറും കാഴ്‌ചയുടെ അനന്തവിസ്മയങ്ങൾ ചൊരിഞ്ഞുതന്നുകൊണ്ടിരുന്നു. ആൾക്കൂട്ടം തന്നെ എന്തൊരതിശയമാണ്. പ്രത്യക്ഷത്തിൽ കാണില്ലെങ്കിലും ശക്തമായ അടിയൊഴുക്കുകൾ. ഇരു ദിശയിലേക്കുമുണ്ട് അവിചാരിതമായ തിരയേറ്റങ്ങൾ, അലസഗമനങ്ങൾ, വട്ടം കറങ്ങലുകൾ, ചുഴിപ്പെടലുകൾ, നിരർഥകമായ നിൽപ്പുകൾ, മുറിച്ചു കടക്കലുകൾ, തകൃതിയായ വാണിഭങ്ങളുടെ പശ്ചാത്തലത്തിൽ ഏതോ അദൃശ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്നതുപോലെ എല്ലാം അങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കന്നു. ഒരേസമയം നഗരഹൃദയവും പല തുറകളിലേക്കുള്ള കുറുക്കുവഴിയുമാണിത്. രാവിലെയും വൈകുന്നേരവും ആണ് ഏറ്റവും ആൾത്തിരക്ക്. വൈകുന്നേരങ്ങളിൽ പോകാൻ ഉദ്ദേശിക്കുന്ന ദിശയിലേക്കുള്ള ഒഴുക്കിൽ പെട്ടുകൊടുത്താൽ മതി താനെ മുന്നോട്ടു പോയിക്കൊള്ളും. സുകുൾ തെരുവിന്റെ പാഠങ്ങളിൽനിന്നും താളുകൾ ഒന്നൊന്നായി മറിച്ചിട്ടുകൊണ്ടിരുന്നു

തെരുവെന്നാൽ വീതി കുറഞ്ഞ ഒരു നിരത്തും അഭിമുഖമായി കുറേ കടകളും എന്നതായിരുന്നു മനസ്സിൽ ഉണ്ടായിരുന്ന സങ്കൽപ്പം. അകത്ത് പ്രവേശനം കിട്ടിയപ്പോഴാണ് ഉള്ളടക്കങ്ങളുടെ വ്യാപ്തി കണ്ടു മനസ്സിലാക്കുവാൻ അവസരം ഉണ്ടായത്. കച്ചവടം നിരത്തിന് ഇരുവശത്തുമുള്ള കടകൾക്കുള്ളിൽമാത്രം ഒതുങ്ങി നിൽക്കുന്നില്ല. വിൽപ്പനക്കാരും പ്രൊപ്പറേറ്റർമാരും ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങിയും വാണിഭം നടത്തുന്നുണ്ട്. കച്ചവടക്കാർ ആരാണ് വാങ്ങുന്നവരാരാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഇടയിലെ അതിരുകൾ ചില സന്ദർഭങ്ങളിൽ മാഞ്ഞുപോകുന്നത് കാണാം. ആരും ആകർഷിക്കപ്പെട്ടുപോകുന്ന ഭാവത്തിലും താളത്തിലുമുള്ള പ്രലോഭനങ്ങൾ. ആളുകൾക്കിടയിൽ നിന്നു തന്നെ ഉണ്ടാകുന്നു ആളുകൾ തന്നെ സാധനങ്ങൾ വാങ്ങുന്നു. ഒരുവേള അതിന്റെ താളത്തിൽ ലയിച്ചുപോയവർ ആരായാലും അവിടെനിന്നും ഒരു സാധനമെങ്കിലും വാങ്ങി കൈയ്യിൽ പിടിച്ചു കൊണ്ടല്ലാതെ പുറത്തിറങ്ങാറില്ല. റോസ്മേരി പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്.

നടക്കുമ്പോൾ വാഹന പേടി തീരെ വേണ്ട. നിരോധിച്ചതാണ്, പൈതൃക തെരുവ് ആയതുകൊണ്ട്. സുകുൾ മറ്റൊരു പാഠംകൂടി പകർന്നുതന്നു.

ആർക്കുവേണമെങ്കിലും സ്വീകരിക്കാം എന്ന മട്ടിൽ സവിശേഷമായ ഒരു പുഞ്ചിരി മുഖത്ത് പ്രസരിപ്പിച്ചുകൊണ്ടായിരുന്നു ആൾക്കൂട്ടത്തിനിടയിലൂടെയുള്ള സുകുളിന്റെ സഞ്ചാരം. ഇത്രയും വലിയ ആൾത്തിരക്കുകൾക്കിടയിലൂടെ തെരുവ് പട്ടികൾ പുളയുന്നതായിരുന്നു അത്യത്ഭുതം. ആദ്യ യാത്രയിൽതന്നെ അവറ്റകൾ പലവട്ടം അപശകുനം കണക്ക് മുന്നിൽ വന്നു പെട്ടിരുന്നു.

പ്രൗഢഗംഭീരമായ ഒരു കാഴ്‌ചബംഗ്ലാവിൽ കുറച്ചു സമയം ചെലവഴിച്ചതിന്റെ മനഃസംതൃപ്തിയോടെ ആയിരുന്നു ആദ്യദിനം തെരുവിൽനിന്ന് പുറത്തേക്കിറങ്ങിയത്. മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ ഓരോന്നും ‘വീണ്ടും വരൂ’ എന്ന് ക്ഷണിച്ചുകൊണ്ടിരുന്നപ്പോൾ ആകപ്പാടെ ഒരു മതിവരായ്ക. ഓഫീസിന്റെ പടി കയറുമ്പോൾ സുകുളിനോട് നേരിട്ട് ചോദിച്ചു.

"തിരിച്ചുപോക്കും തെരുവിലൂടെ തന്നെയല്ലേ?'

ചങ്ങാത്തത്തിന്റെ വിത്തുകൾ വഴിനീളെ വിതച്ചു പോകുവാനുള്ള സുകുളിന്റെ വിരുത് പോക്കുവരവുകളെ ജീവസ്സുറ്റതാക്കി. ഒരാളെ ആദ്യമായി കാണുന്ന മാത്രയിൽ സൗഹൃദത്തിന്റെ വാതായനങ്ങൾ എവിടെനിന്നാണ് തുറന്നുവരുന്നത് എന്ന് കൂടെ നടക്കുന്നവർക്കും പിടിതരില്ല. അയാളുടെ ചങ്ങാത്ത പട്ടികയിൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു, വഴിയോരക്കച്ചവടക്കാർ ഉണ്ടായിരുന്നു, തെണ്ടിത്തിരിയുന്നവർ പോലും ഉണ്ടായിരുന്നു.

"ജ്യോ, എന്റെ കോൺടാക്ട് ലിസ്റ്റ് അയ്യായിരവും കടന്നൂട്ടോ.’

ഫേസ്ബുക്കിൽ സ്‌ക്രോൾ ചെയ്‌തുകൊണ്ടിരിക്കെ ഒരു വേള അയാൾ അഭിമാനം കൊണ്ടു. അതൊരു കല്ലേറു കണക്കെയാണ് താൻ ഏറ്റുവാങ്ങിയത്. സൗഹൃദങ്ങൾ കുറച്ചുമതി എന്നത് ചെറുപ്പംമുതൽക്കേ പിന്തുടർന്നു പോരുന്നൊരു ദുശ്ശാഠ്യമാണ്. അതുകൊണ്ട് കാതലുള്ളൊരു സൗഹൃദം സഹപാഠികൾക്കിടയിൽപോലും നട്ടു നനച്ചു വളർത്താൻ അന്നും സാധിച്ചിരുന്നില്ല.

തെരുവിലേക്ക് ഇറങ്ങിയതിൽ പിന്നെ ആൾക്കൂട്ടത്തിൽ ആയിരിക്കുമ്പോഴുള്ള സുഖം അറിഞ്ഞുതുടങ്ങി. ബന്ധങ്ങൾ എങ്ങനെ എളുപ്പത്തിൽ കൊയ്‌തെടുക്കാം എന്ന് മനസ്സിലായ. ആ പരിവർത്തന പ്രക്രിയയുടെ ക്രെഡിറ്റ് സുകുളിന് അല്ലാതെ വേറെ ആർക്കാണ്... "ഇത് ജ്യോത്സ്ന’ എന്ന ആമുഖത്തോടെ മറ്റുള്ളവർക്ക് അയാൾ തന്നെ പരിചയപ്പെടുത്തുന്ന നേരം പതുങ്ങി നിൽക്കുന്ന ശീലമായിരുന്നു ആദ്യകാലത്തൊക്കെ. മെല്ലെ മെല്ലെ ശരീരത്തെ മുറുകിപ്പിടുത്തത്തിൽനിന്ന് സ്വയം അയച്ചെടുക്കാൻ കഴിഞ്ഞു. ദിനംപ്രതി പുതിയ പുതിയ സൗഹൃദങ്ങൾക്ക് വേരുറപ്പിക്കുവാൻ ഹൃദയകവാടം തുറന്നുകൊടുത്തു. എത്രയെത്ര വാട്‌സാപ്പ് കൂട്ടായ്‌മകളിലാണ് ആഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്നത്... ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്നാപ്പ് ചാറ്റിലും സൗഹൃദങ്ങൾ തെഴുത്തത്...

തെരുവിൽ മിക്ക ദിവസങ്ങളിലും വിസ്മയ കാഴ്‌ചകൾ പുതുതായി ഓരോന്നുണ്ടാകും. അന്യസംസ്ഥാന കരകൗശല വസ്‌തുക്കളുടെ പ്രദർശനം വിൽപ്പന, കളിപ്പാട്ടങ്ങളുടെ പ്രദർശനം വിൽപ്പന, മാജിക് ഷോ, അഭ്യാസപ്രകടനം, ട്രെൻഡി വസ്‌ത്രവ്യാപാരം, പുസ്‌തക ചന്ത... അങ്ങനെ പല രൂപത്തിലാവും അത്. മനുഷ്യസാഗരത്തിനിടയിൽനിന്ന് തങ്ങൾക്കുവേണ്ട ആളുകളെ വെവ്വേറെയായി ആകർഷിച്ചുപിടിക്കാൻ അക്കൂട്ടരുടെ കൈവശം കൈയ്യടക്കങ്ങൾ പലതുമുണ്ടാകും... സുകുളിന് ആ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിൽക്കാൻ നല്ല ഉത്സാഹമാണ്. വേണമെങ്കിൽ സൗഹൃദപ്പട്ടികയിൽ ആളെ ചേർക്കാനുള്ള സാധ്യത അവിടെയും തേടും അയാൾ.

അന്ന് വൈകുന്നേരത്തെ മടക്കയാത്രയിൽ തെരുവിലെ കാഴ്‌ചവിരുന്ന് രൂപഭംഗിയുള്ള കളിപ്പാവകൾ ആയിരുന്നു. ഉയരമുള്ള ഒരു സ്റ്റീൽ സ്റ്റാൻഡിന്റെ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച കമ്പിക്കൈകളിൽ വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും ഉള്ള പാവകൾ നിരനിരയായി തൂങ്ങി കിടന്നിരുന്നു. വിടർന്ന കണ്ണുകളുമായി സുകുൾ പാവകൾക്ക് അടുത്തേക്ക് ചെന്നു. ആളുകൾ മുമ്പേ അവിടെ വട്ടംകൂടി നിൽപ്പുണ്ടായിരുന്നു. കാഴ്‌ചക്കാരുടെ ആകാംക്ഷയെ സാക്ഷിനിർത്തി പാവക്കാരൻ പാവ മാഹാത്മ്യത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചു നിവർത്തിവെച്ചു. ഓരോന്നിനും ഓരോന്നുണ്ടായിരുന്നു സിദ്ധികൾ. ഒപ്പാ ഗംഗം സ്റ്റൈൽ പാടി തകർപ്പൻ നൃത്തമാടുന്നത്, കെ പോപ്പ് പ്രണയഗാനം മൂളി കണ്ണിറുക്കി കാട്ടുന്നത്, നിന്ന നിൽപ്പിൽ വായുവിലേക്ക് ചാടി ഉയർന്നു മലക്കുത്തം മറിഞ്ഞു താഴെ വീണ് കാണികളെ അത്ഭുതപരതന്ത്രരാക്കുന്നത്, ഉറപ്പിച്ചു നിർത്തിയ ഒരു തണ്ടിൽ പിടിച്ചുകയറി മുകളിൽനിന്ന് കോക്രി കാട്ടുന്നത്... പാവകളുടെ അത്ഭുതപ്രകടനങ്ങൾക്ക് പിന്നിൽ പ്രത്യേകം പ്രത്യേകം സൂത്രപ്രയോഗങ്ങളുണ്ട്.

"അതിനാണ് കാശ്... വാങ്ങിയാൽ ചെവിയിൽ പറഞ്ഞുതരും.' ആളുകൾ തടിച്ചുകൂടിക്കൊണ്ടിരിക്കെ പാവക്കാരന്റെ വാക്കിലും നോക്കിലും ആവേശം ഉയർന്നു.

"ജ്യോ, ഒരു പാവയെ വാങ്ങാം.' പാവക്കാരനിൽനിന്ന് കണ്ണെടുക്കാതെ സുകുൾ മന്ത്രിച്ചു.

"ആർക്കുവേണ്ടി?'

"ഹേയ്! കഥയിൽ ചോദ്യങ്ങൾ പാടില്ല.'

സുകുൾ പാവയെ വാങ്ങി. രൂപഭാവങ്ങളിൽ ഓമനത്തം തുളുമ്പുന്ന കൊച്ചു സുന്ദരീ ശിൽപ്പം. വാങ്ങിയ പാടെ അയാൾ പാവയെ തന്റെ കയ്യിൽ ഏൽപ്പിച്ചു.

റോസ്മേരിയുടെ കുഞ്ഞുമോളുടെ മുഖമാണ് അപ്പോൾ മനസ്സിലൂടെ മിന്നിമാഞ്ഞത്. പാവയെ കുഞ്ഞിന് സമ്മാനിക്കാം. പാവയുമായി ഫ്ലാറ്റിലേക്ക് ധൃതിപിടിച്ചു ഓടിച്ചെന്നത് വെറുതെ. എത്തുമ്പോഴേക്കും കുഞ്ഞുറങ്ങിപ്പോയിരുന്നു. അത് കാര്യമാക്കേണ്ട. കാലത്ത് സുന്ദരിയായ പാവയെ സർപ്രൈസ് ആയി കണികണ്ടുണരുമ്പോൾ ഇരട്ടിയാവും ത്രിൽ. ഉണർന്നു വരുബോൾ ആദ്യനോട്ടം എത്തുന്ന ഒരിടത്ത് പാവയെ പ്രതിഷ്ഠിച്ചു പോരാൻ ഒരുങ്ങിയതായിരുന്നു. പോകാൻ വിടുന്ന മട്ടുണ്ടായിരുന്നില്ല പാവയ്‌ക്ക്‌. കാണാച്ചരടുകൾകൊണ്ട് ബന്ധിച്ച് സ്വന്തക്കാരെ അരികിൽനിന്ന് മാറാൻ അനുവദിക്കാത്ത അതിശയം ഉളവാക്കുന്ന പാവസൂത്രം പാവക്കാരനുപോലും പിടികിട്ടി കാണുകയില്ല. അങ്ങനെയങ്ങ്‌ വിട്ടുകൊടുത്തുകൂടല്ലോ. മുഖാമുഖം നോക്കി കുറച്ചുനേരത്തേക്ക് ഒരേ നിൽപ്പ് നിന്നു. പാവ വിട്ടില്ല. എന്നാൽ പിന്നെ ഒരു കളി കളിപ്പിക്കാം എന്നായി. പാവക്കാരൻ കൈമാറിത്തന്ന രഹസ്യം പ്രയോഗിച്ചു. പാവ ഞൊടിയിടയിൽ ഉണർന്നു. മനോഹരമായ ഒരു ആംഗ്യപ്പാട്ട് അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു. അതിനൊത്ത് ശരീരം ഉലച്ചും ഇടയ്‌ക്കൊന്നു കൊഞ്ചിയും പാവ തകർത്തുകളിച്ചു. അത് പ്രജ്ഞയിൽ പകർന്ന സുഖകരമായ കുളിരിൽ ഓർമകൾ ഓളം തുള്ളി അകലേക്കകലേക്കൊഴുകി.

കളിച്ചു തളർന്ന് ഒരു പരുവത്തിീായിട്ടും പാവയുടെ ഇങ്ങോട്ടുള്ള കണ്ണേറിന് ഒരു ശമനവും കണ്ടില്ല. പല മറവുകളിലേക്കും മാറി മാറി നിന്നു നോക്കി. ഒളിക്കുന്നിടങ്ങളിലേക്കെല്ലാം വിടാതെ അതിന്റെ നോക്കെത്തുന്നുണ്ട്. ഒളിച്ചു കളിച്ചു തോറ്റപ്പോൾ എടുത്ത് അരികിൽ കിടത്തി താനും ഉറങ്ങാൻ കിടന്നു. രാവിലെ ഉണർന്നപാടേ സടേന്നെടുത്ത് ഷോക്കേസിൽ സ്ഥാപിച്ചു. അതോടെ പാവക്കഥ അവിടെ തീരേണ്ടതായിരുന്നു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

സംഭവിച്ചത് പക്ഷേ വേറൊന്ന്. താൻ പോലുമറിയാതെ ആഴവും പരപ്പും ചുഴികളുമേറിയ നീണ്ട കഥയായി പാവ പല പടവുകളിലേക്കും ഇറങ്ങി. ഓഫീസിൽ പലരും കഥയുടെ ലഹരി നുണഞ്ഞു. "ജ്യോ, എങ്ങനുണ്ട് പാവ?' അന്വേഷണങ്ങൾക്ക് ഒരു പകൽ മുഴുവൻ മറുപടി നൽകി മടുത്തു. ചില അന്വേഷണങ്ങൾ ദേഹത്ത് തൊടാതെ പോയെങ്കിലും ചിലത് അകവും പുറവും പൊള്ളിച്ചു. അതുകൊണ്ടും അവസാനിക്കാതെ ജ്യോത്സ്‌ന പാവയും സുകുൾ പാവക്കാരനുമായി. കഥ തുടർന്നുകൊണ്ടേയിരുന്നു.

എളുപ്പത്തിൽ പ്രകോപിതനായത്‌ അയാൾ ആയിരുന്നു. എന്നത്തേയും പോലെ രണ്ടുനേരങ്ങളിലും അയാൾക്കുവേണ്ടി കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം. കൂടെ പോരാനെന്ന ഭാവേന നടന്ന് അരികിലെത്തും. ഒന്നോ രണ്ടോ ചുവടുകൾ പിന്നിട്ടു കഴിയുമ്പോൾ കേൾക്കാം, വെളിപാട്.

"ഞാനില്ല.'

"എന്തുപറ്റി?'

"വേറെ വഴിക്ക് പോകാനുണ്ട്.'

അന്വേഷിച്ചപ്പോഴൊക്കെ കിട്ടിയത് ഒരേ മറുപടി. പിന്നെ ശല്യം ചെയ്യാൻ പോയില്ല.

കൂട്ടിന് ആരുമില്ലെങ്കിലും പെരുവഴി ഇന്ന് തനിക്ക് അന്യമല്ല.തെരുവുപട്ടികളുടെ സാന്നിധ്യം എല്ലാവരെയും പോലെ അൽപ്പം ഉൾഭയം ഉണ്ടാക്കുന്നുണ്ടെന്നത്‌ നേരാണ്. മിന്നായം പോലെ വല്ലപ്പോഴും കാണുന്ന കാഴ്‌ചയല്ല ഇപ്പോൾ അവർ. എണ്ണം പെരുകിയിട്ടുണ്ട്. അവരുടെ വക കലപിലയും കടിപിടിയും തെരുവിൽ നിത്യസംഭവങ്ങൾ ആയിരിക്കുന്നു. പേടിപ്പിക്കുന്ന പട്ടിക്കഥകൾ ആദ്യം കേട്ടതും ഓഫീസിനുള്ളിൽനിന്നു തന്നെയാണ്. എത്രയോ പേർക്ക് പലയിടങ്ങളിൽ വെച്ചും കടിയേറ്റിട്ടുണ്ടത്രേ. അവറ്റകൾ താവളമാക്കാത്ത പെരുവഴികൾ നഗരത്തിൽ ഒരിടത്തുമില്ലെന്ന്. ഒറ്റയ്‌ക്ക് പോകുന്നവരാണ് ആക്രമണത്തിനിരയായവരിൽ അധികവും. അതുകൊണ്ട് ആളുകൾ പെരുവഴികൾ ഉപേക്ഷിക്കുകയാണ്. തെരുവിലൂടെ പോരുമ്പോൾ ഒരിക്കൽ താനും മുന്നിൽ പെട്ടു പോയിട്ടുണ്ട്. മുറുമുറുപ്പു കേട്ട് ഞെട്ടി വിറച്ചിട്ടുണ്ട്. നോട്ടപ്പിശകുകൾക്ക് മുന്നിൽ ചൂളി നിന്നുപോയിട്ടുണ്ട്. അവറ്റകൾക്ക് എന്തുമാകാമെന്നതാണ് അവസ്ഥ. നിസ്സഹായയായ പെൺപട്ടിയെ സൂത്രത്തിൽ എവിടെനിന്നെങ്കിലും തെരുമധ്യത്തിലേക്ക് തെളിച്ചോടിച്ചു കൊണ്ടുവന്ന് ആൺപട്ടികൾ അവകാശം പറഞ്ഞു തർക്കിക്കുന്നതും യുദ്ധം ചെയ്യുന്നതും പതിവായിരിക്കുന്നു. ബഹുതന്ത്രജ്ഞനായവൻ എപ്പോഴും യുദ്ധം ജയിക്കും. തെരുമധ്യത്തിൽ വച്ച് അവൻ അവളുമായി ഇണചേരും. കാഴ്‌ചക്കാർ അവളെ മാത്രം കൊടിച്ചി എന്ന് വിളിച്ചപഹസിക്കും.

എല്ലാം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അന്ന് തെരുവിലൂടെ ഇറങ്ങി നടന്നത്. നേരം വളരെ വൈകി എന്ന ബോധ്യവും ഉണ്ടായിരുന്നു. വൈകിയതുകൊണ്ടുതന്നെ പെരുവഴി ഏറെക്കുറെ വിജനവുമായിരുന്നു. ഹാലൊജൻ ലൈറ്റുകളുടെ മഞ്ഞളിച്ച പ്രകാശത്തിന് അകംചേർന്ന് നടന്നപ്പോൾ തെരുവിലെ രാസമാറ്റങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാൻ കഴിഞ്ഞു. അഴുകിയ ഗന്ധങ്ങൾ ശ്വാസംമുട്ടിച്ചു. വെളിച്ചത്തെ പേടിച്ച് പീടികച്ചേതികളിൽ പതുങ്ങി നിൽക്കുന്ന ഇരുട്ടിന് വല്ലാത്ത നോട്ടച്ചൂട്. കാണാ കോണുകളിൽനിന്ന് തുടരെത്തുടരെ മേൽപ്പോട്ട് ഉയർന്നു പൊങ്ങുന്നുണ്ട് ബീഡിപ്പുകയുടെ സുദർശന വളയങ്ങൾ. തെരുവിനകത്തുനിന്ന് അന്നേവരെ കണ്ടു പരിചയമില്ലാതിരുന്ന കൈവഴികൾ രാത്രിയുടെ നിശ്ശബ്ദതയിൽ പല ദിശകളിലേക്കിറങ്ങി പോകുന്നതും അതേപോലെ അപരിചിതമായ ചിലത് കയറിവരുന്നതും കണ്ടു. പൊതുവഴി കാലിയായ ഗുഹ പോലെ മുന്നോട്ട് നീണ്ടു കിടക്കുകയാണ്. ആൾപ്പെരുമാറ്റം തീരെ ഇല്ലാത്തതുകൊണ്ട് പേടിയുണ്ടെങ്കിലും വേഗം നടക്കാൻ കഴിയുന്നുണ്ട്. അതാണ് ഏക ആശ്വാസം. പിന്നെ ദൂരവും അധികം ഇല്ലല്ലോ. ദൂരെ എംജി റോഡിലൂടെ വാഹനങ്ങൾ ഇരമ്പിപ്പായുന്നതിന്റെ ശബ്ദം കേൾക്കാനാവുന്നുണ്ട്. പൊടുന്നനെ അസാധാരണമായ ഒരു ശബ്ദം കേട്ട് പിന്തിരിഞ്ഞു നോക്കിയപ്പോൾ മങ്ങിയ വെളിച്ചത്തിൽ നിഴലുകൾ കൂടിച്ചേർന്ന് പിന്നാലെ പാഞ്ഞുവരുന്നത് കണ്ടു. ഹൃദയമിടിപ്പുയർന്നു. നടത്തത്തിന് അറിയാതെ വേഗം വർധിച്ചു. പിന്നെ അത് ഓട്ടം തന്നെയായി. ഓടി ഓടി ദൂരങ്ങൾ ഏറെ പിന്നിട്ടിട്ടും ലക്ഷ്യം അകലെ തന്നെ കിടക്കുകയാണ്. നടന്നു ഹൃദിസ്ഥമാക്കിക്കഴിഞ്ഞ നേർവഴിയിൽ പുതിയ വളവുകളും കയറ്റിറക്കങ്ങളും വരച്ചു ചേർക്കുംപോലെ പ്രത്യക്ഷപ്പെടുന്നു. വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഓടിക്കൊണ്ടേയിരുന്നു. ഒടുക്കം എത്തിപ്പോയ് എന്നാശ്വസിക്കെ ഒരു വളവിൽവച്ച് നിരത്ത് വീണ്ടും കിതപ്പേറ്റിക്കൊണ്ട് പല വഴികളായി ചിതറുന്നത് കണ്ടു! വഴിപിഴപ്പിക്കുവാൻ പല കൂത്തുകൾ. അപ്പോഴേക്കും പട്ടിപ്പട അടുത്തെത്തിക്കഴിഞ്ഞിരുന്നു. അവർ തന്നെ പത്മവ്യൂഹത്തിനകത്താക്കി കഴിഞ്ഞിരുന്നു. ആ നിമിഷത്തിലും ശരിയെന്ന് തോന്നിയ പെരുവഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നുവല്ലോ താൻ .



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home