ad
Deshabhimani

നോവൽ ‐38

തെറം

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Jul 27, 2026, 04:17 PM | 3 min read

അറ്റം


മുനീർ മരിച്ചതിന്റെ നാലാം നാളിലാണ് അയോധ്യയിലെ പള്ളി തകർക്കപ്പെടുന്നത്. അതിന്റെ അലയൊലികൾ ഉജ്ജിറയിലും ഉണ്ടായി. മംഗലാപുരത്തുനിന്ന് കാസർകോടേക്ക് കലാപം പടർന്നു. ഉജ്ജിറയിലെ പലരും വേട്ടക്കാരും ഇരകളുമായി. അത് ഉജ്ജിറ ഒരിക്കലും മറന്നില്ല. ആ ഓർമ ഉജ്ജിറയിൽ ശാപം കുത്തിയ നേരങ്ങളിൽ മുറിവുകൾ ഉണ്ടാക്കി.

മുനീർ കഥകളിലൂടെ ഉജ്ജിറയിൽ പകർത്തിയ നെറിയുടെ തെളിച്ചമൊന്നും മക്കളായ നൂറുദ്ദിനും സീനത്തിനും കിട്ടിയില്ല. മുനീറും റസിയുവും തെളിച്ചുണ്ടാക്കിയ വഴി അവർക്കൊട്ടുമേ ബോധ്യം വന്നില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കുട്ടിക്കാലത്തുതന്നെ നൂറുദ്ദിന് നല്ല കാര്യങ്ങളിലൊന്നും മനസ്സ് വന്നില്ല. അവന് പെണ്ണുങ്ങളിലായിരുന്നു താൽപര്യം. പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കാനും തരം കിട്ടുമ്പോൾ പെണ്ണുങ്ങളെ കേറിപ്പിടിക്കാനും അവൻ വലിയ അളവിൽ ആക്രാന്തം കാണിച്ചു. ഊണിലും ഉറക്കിലും അവന് പെണ്ണുങ്ങളെക്കുറിച്ച് മാത്രം വിചാരമുണ്ടായി. മദ്രസയിലും മൂന്നാംതരം മാത്രം പഠിച്ച എൽപി സ്‌കൂളിലും അവൻ കുരുത്തമേതും ഇല്ലാത്ത കുട്ടിയായി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും തോറ്റു തോറ്റു പഠിച്ചതുകൊണ്ട് മൂന്നാം ക്ലാസിൽ എത്തുമ്പോഴേക്കും അവൻ മുഖക്കുരു നിറഞ്ഞ മുഖമുള്ളവനായി. അവന്റെ ഒച്ചയിലെ സ്ത്രൈണത മാഞ്ഞു. തൊണ്ടയിലെ ആദാമിന്റെ ആപ്പിൾ വ്യക്തമായി തെളിഞ്ഞുവന്നു. പെണ്ണുങ്ങളോട് അശ്ലീലം പറയാനും ആംഗ്യം കാണിക്കാനും അവൻ ഒരു മടിയും കാണിച്ചില്ല. പലയിടത്തുനിന്നും അവൻ അടി കൊണ്ടു. മുനീറിന്റെ ഉപദേശങ്ങളോ ശകാരങ്ങളോ അവനൊട്ടും ഏശിയില്ല.

ചാളയിൽനിന്ന് അപഹരിച്ച പൈസയുമായി അവൻ നഗരത്തിലെ മുതിർന്നവർക്ക് വേണ്ടിയുള്ള സിനിമ കളിക്കുന്ന ടാക്കീസിൽ പോയി. താൻ കണ്ട സിനിമകളുടെ കഥകളും തെറിക്കഥകളും രതിവർണനകളോടെ പറഞ്ഞുകൊടുത്ത് അവൻ ഉജ്ജിറയിലെ കുട്ടികളെ വഴിതെറ്റിച്ചു.

താൻ സ്ത്രീകളോട് ചെയ്‌തത് അഭിനയിച്ചുകാണിച്ച് അവൻ നാട്ടിലെ ചെറുപ്പക്കാരുടെ നായകനായി. തനിക്കുള്ളത് പോലെ വലിപ്പമുള്ള പുരുഷാവയവം ഉജ്ജിറയിലെ വേറൊരാണിനും ഇല്ലെന്നും അതറിഞ്ഞ സ്ത്രീകൾ എല്ലാം തന്റെ ആരാധകർ ആണെന്നും അവൻ വീര്യം പറഞ്ഞു. ഒരു സ്ത്രീയുടെ പോലും ഉമ്മ കിട്ടിയിട്ടില്ലാത്ത ഉജ്ജിറയിലെ പൊട്ടന്മാരായ ആണുങ്ങൾ അത് വിശ്വസിച്ചു. അവന്റെ കഥ കേൾക്കാൻ അവരവന് ചായയും പലഹാരങ്ങളും വാങ്ങിക്കൊടുത്തു. അവൻ ഉജ്ജിറയിലെ അടിവീരനായി. വീട്ടുപേരായ കുപ്പക്കുണ്ടിലിന്റെ കെ എന്ന ഇനിഷ്യൽ അവനിൽനിന്ന് മാറ്റപ്പെട്ടു. അടിവീരൻ എന്നതിന്റെ എ വി ആയി അവന്റെ ഇനിഷ്യൽ പരിണമിച്ചു. അത് പൊളിയാൻ ഒട്ടും താമസവും വേണ്ടിവന്നില്ല. നസീറ എന്ന പെൺകുട്ടിയെ വഴിനടക്കാൻ സമ്മതിക്കാതെ ലോഹ്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവൻ. എതിരേ വന്ന ദക്ഷായണി എന്ന 45‐കാരി അവന്റെ കെട്ടുകഥ പൊളിച്ചു. ആസക്തി നിറഞ്ഞ ആണുങ്ങളെയും കാത്ത് നഗരത്തിലെ ടാക്കീസിനു പുറത്ത് നിൽക്കുന്ന സ്ത്രീ ആയിരുന്നു അവർ. ഒരു നൂൺ ഷോ കഴിഞ്ഞ് അവൻ അവരെ കാട്ടുപൂക്കൾ നിറഞ്ഞ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആ അനുഭവം അവർ നസീറ കേൾക്കാൻ വെട്ടിത്തൊറന്നു പറഞ്ഞു. ‘‘നഖത്തിന്റെ വലിപ്പം പോലുമില്ല. എന്നിട്ടെന്താ എളപ്പ്..! ആട്ടിക്കൊണ്ട് നടക്കാനേ കൊള്ളൂ... വെറുതെയല്ല പണ്ടൊരാൾ പറഞ്ഞത്, കഴുത കാമം കരഞ്ഞു തീർക്കുമെന്ന്!’’ ഇടിവെട്ടുപോലെ അവരുടെ വാക്കുകൾ അവന്റെ തലയിൽ വീണു. അവൻ നിന്ന നിൽപ്പിൽ മനസ്സാലെ കരിഞ്ഞുപോയി. അവനെയൊന്ന് നോക്കി നസീറ വാപൊത്തി ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. നിന്നയിടത്തുതന്നെ ഏറെനേരം നിന്നുപോയി അവൻ. നസീറ ആരോടും അത് പറഞ്ഞില്ലെങ്കിലും അവരുടെ സംസാരം ഒളിച്ചു കേൾക്കുന്നുണ്ടായിരുന്ന ഒരുവൻ വാക്കുകളുടെ ചെണ്ടകൊട്ടി നാടിനെ അറിയിച്ചു. നിൽക്കക്കള്ളിയില്ലാതെ അവൻ നാടുവിട്ടുപോയി. എവിടെയായാലും എന്താ, അവിടെയും അവൻ കഥ ഇറക്കുമായിരിക്കുമെന്ന് നാട് ഊറി ചിരിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഹമീദ് എന്നൊരാളുടെ കൈപിടിച്ച് കൂരയിൽനിന്ന് ഇറങ്ങിയതോടെ സീനത്തിന്റെ ജാതകവും മാറി. അതുവരെ അത്യാവശ്യം സ്വഭാവത്തിൽ സ്വസ്ഥതയുള്ള പെണ്ണായിരുന്നു അവൾ. ഹമീദ് ആളൊരു കച്ചറയായിരുന്നു.

കുരുത്തംകെട്ട ആണുങ്ങളിൽ കൗമാരക്കാരികൾക്ക് ഒരു ആരാധന ഉണ്ടാകും. അവൻ തന്റെ സംരക്ഷകനാകും എന്ന തെറ്റായ ധാരണ അവളിൽ നിലയുറപ്പിക്കും. ഒരു നെറിയുമില്ലാത്ത കുഴപ്പങ്ങളൊക്കെ ഉണ്ടാക്കിയാലും അവരുടെ കൂടെ നിൽക്കാൻ ആരാധന അവളെ നിർബന്ധിതയാക്കും. അവന്റെ കൈപിടിച്ച് ധൈര്യത്തോടെ ജീവിക്കുന്നത് അവൾ മനക്കോട്ട കെട്ടും.

സീനത്തിലും അത് സംഭവിച്ചു. വീട്ടുകാരുടെ എതിർപ്പ് നോക്കാതെ അവൾ അവന്റെ കൂടെ ഇറങ്ങിപ്പോയി. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നതുപോലെ ഒപ്പം ജീവിച്ചപ്പോഴാണ് ഹമീദിനെ അവൾക്ക് മനസ്സിലാകുന്നത്. ആരോടും സ്‌നേഹമില്ലാത്ത ലോകത്തോട് പകയും വെറുപ്പും മാത്രമുള്ള ഭൂലോക നാറിയാണ് അവനെന്ന് സീനത്ത്‌ വേദനയോടെ തിരിച്ചറിഞ്ഞു. ആദ്യമൊക്കെ സ്വയം ഉണ്ടാക്കിയ വിധിയെ പഴിച്ച് ഹമീദ് കൂർക്കം വിളിക്കുന്ന രാത്രികളിൽ അവൾ കരയാറുണ്ടായിരുന്നു. ഒരിക്കലും അഴിക്കാൻ കഴിയാത്ത കുരുക്കിലാണ് താൻ പെട്ടിരിക്കുന്നത് എന്ന് ഉറപ്പായപ്പോൾ ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം എന്ന ചൊല്ലുപോലെ അവൾ മനസ്സിനെ മാറ്റി. ഹമീദിൽനിന്ന് അവൾ വെറുക്കാനും നേരും നെറിയും കാട്ടാതിരിക്കാനും പഠിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

മംഗലാപുരത്തെ ഒരു സറാണ്ടിയിൽ ഏതോ ഒരു കുടിയൻ പള്ളയ്‌ക്ക് കത്തി കയറ്റിയപ്പോൾ ഹമീദിന്റെ ജന്മമൊടുങ്ങി. ഹമീദിൽനിന്ന് പഠിച്ചത് സീനത്തിനെ തളരാതെ പിടിച്ചുനിർത്തി. മക്കളായ മുത്തലിയെയും മുസ്‌തഫയെയും ഹനീഫയെയും കൊണ്ട് അവൾ തോന്നുന്നപോലെ ജീവിക്കാൻ തുടങ്ങി. പൈസയ്‌ക്ക് വേണ്ടി ആർക്കുമുന്നിലും കിടന്നുകൊടുക്കാൻ അവൾ മടിച്ചില്ല. ഹമീദിന്റെ രാത്രികളെക്കാളും ആനന്ദം പലരിൽനിന്നും അനുഭവിച്ചതോടെ അതിൽ അവൾക്ക് കൂടുതൽ താൽപര്യമായി. മക്കളോട് ഒട്ടുമേ അവൾ സ്‌നേഹം കാണിച്ചില്ല. സ്‌നേഹവും വാത്സല്യവും കിട്ടിയാൽ അവർ നേരിലേക്കും നന്മയിലേക്കും വഴിതെറ്റുമെന്ന്‌ അവൾക്ക് തോന്നലുണ്ടായി. കല്ലുപോലെ മനസ്സുള്ളവർക്കാണ് ഈ ലോകത്ത് നിലനിൽപ്പുള്ളൂ എന്ന് അവൾ ഉറപ്പിച്ചു. ഉമ്മയുടെ വെറുപ്പും മർദനവും മക്കളിൽ ഒരുത്തനെ ഒരണംകെട്ടവനാക്കി. അത് മുസ്‌തഫയായിരുന്നു. ചാരായം നിരോധിച്ച കൊല്ലം യതീംഖാനയിൽനിന്ന് ഇറങ്ങിയതുമുതൽ അവൻ വേറൊരുവനായി, അവൻ കാലിയാ മുസ്‌തഫയായി .

(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home