'സംഗീതം എന്നും നിലനിൽക്കും'; ഓർമകൾ സമ്മാനിച്ചതിന് വിജയ്‍ക്ക് നന്ദി പറഞ്ഞ് അനിരുദ്ധ്

ചെന്നൈ: വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്‍റെ റിലീസിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ. വർഷങ്ങളായി വിജയ് നൽകിയ വിശ്വാസത്തിനും ഒരുമിച്ച് സൃഷ്ടിച്ച ഓർമകൾക്കും നന്ദി പറഞ്ഞ അനിരുദ്ധ്, സംഗീതം എന്നും നിലനിൽക്കുമെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.
‘ജനനായകൻ’ സിനിമയിലെ ‘ദളപതി കച്ചേരി’ എന്ന ഗാനരംഗത്തിൽ വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.
“ജനനായകൻ, ലിയോ, ബീസ്റ്റ്, മാസ്റ്റർ, കത്തി എന്നീ ചിത്രങ്ങളിലൂടെ നിങ്ങളോടൊപ്പമുള്ള യാത്ര അതിശയകരവും വികാരനിർഭരവുമായിരുന്നു. നൽകിയ അതിരില്ലാത്ത വിശ്വാസത്തിനും എന്നും സൂക്ഷിക്കുന്ന ഓർമകൾക്കും നന്ദി. സംഗീതം തുടർന്നും ജീവിക്കും,” അനിരുദ്ധ് കുറിച്ചു.
വിജയ്–അനിരുദ്ധ് കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് ‘ജനനായകൻ’. ‘കത്തി’, ‘മാസ്റ്റർ’, ‘ബീസ്റ്റ്’, ‘ലിയോ’ എന്നീ ചിത്രങ്ങളിലാണ് ഇതിനുമുന്നേ ഇരുവരും ഒന്നിച്ചത്. ഈ ചിത്രങ്ങളിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ ജനപ്രീതി നേടിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ‘ജനനായകൻ’ ഇന്ത്യയിൽ 145.98 കോടി രൂപ ഗ്രോസ് കളക്ഷനും 124.75 കോടി രൂപ നെറ്റ് കളക്ഷനും നേടി. ആഗോള കളക്ഷൻ 217.48 കോടി രൂപയാണ്.
മുൻ പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് ചിത്രത്തിലെത്തുന്നത്. മമിത ബൈജു അവതരിപ്പിക്കുന്ന വിജി എന്ന പെൺകുട്ടിയെ ദത്തെടുത്ത് സൈനിക ഉദ്യോഗസ്ഥയാകാൻ പ്രോത്സാഹിപ്പിക്കുന്നതും ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ശത്രുവിനെ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ബോബി ഡിയോൾ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൂജ ഹെഗ്‌ഡെ, മമിത ബൈജു, നാസർ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.









0 comments