വാരിയെല്ല് പൊട്ടുന്നത് വരെ മർദിച്ചു, ആഭ്യന്തരമന്ത്രി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകും : മേഴ്സിക്കുട്ടിയമ്മ

കൊല്ലം : കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മരിച്ച സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ പൊലീസുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുവെന്നും അതിനാൽ സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണമെന്നും മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണെന്നും മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.
'മർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി, ഉള്ള് പഴുത്ത് ഗുരുതരാവസ്ഥായിലായിരുന്നു. കുണ്ടറ സ്റ്റേഷനിലെ പൊലീസ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഒരു ഉത്സവസ്ഥലത്തെത്തി പെൺകുട്ടികളെയടക്കം മർദിച്ചത്. നമ്മുടെ നാട്ടിലെ പൊലീസുകാർ അവർക്ക് തോന്നുന്ന തരത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ തന്നെ പലപ്പോഴും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുള്ളതാണ്. സ്റ്റേഷനുകളിൽ സ്ഥിരമായിട്ടുള്ള പൊലീസുകാരെ മാറ്റണം. ഒരിടത്ത് തന്നെ വേരുറച്ചത് കൊണ്ട് നിരവധി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചില പൊലീസുകാർ ചെയ്യുന്നുണ്ട്.
'പൊലീസുകാരോട് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ല. അവർ തങ്ങളുടെ ജോലി വേണം ചെയ്യേണ്ടത്. നാട്ടിലെ പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പരാതി ലഭിച്ചാൽ അറസ്റ്റ ചെയ്യാം, എന്നാൽ വരുന്ന വഴിക്ക് വാരിയെല്ല് പൊട്ടുന്നത് വരെ മർദിക്കുക എന്നൊക്കെ പറഞ്ഞാൽ എന്തൊരു കഷ്ടമാണ്. ഇത് അതീവ ഗുരുതരമാണ്. സംഭവം കൃത്യമായി അന്വേഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയ്യാറാകണം. മാത്രമല്ല, മരിച്ച സിയാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും വേണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് ഞങ്ങൾ പോകും', മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.










0 comments