ad
Deshabhimani

സമരക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ടതിൽ കേന്ദ്രം മറുപടി പറയണം: ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

PARLIAMENT SABHA

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 05:48 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളുലും പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മറുപടി പറയണമെന്ന് ലോക്സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. പരീക്ഷാക്രമക്കേട് തടയുന്നതിന് പുതിയ നിയമം അവതരിപ്പിക്കണമെന്ന കേന്ദ്ര നീക്കത്തെ പ്രതിപക്ഷം എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പായി പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്നും സംഭവത്തിൽ മോദി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നടപടികളിൽ കേന്ദ്രം തയാറാകാതിരുന്നതോടെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നാളെ വരെ പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് സഭ വീണ്ടും സമ്മേളിക്കും.


ഇന്ന് വൈകിട്ട് അഞ്ച് വരെ സഭ പിരിഞ്ഞിരുന്നു. ഇതിന് ശേഷം വീണ്ടും സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവച്ചത്. പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിരുന്നു. എന്നാൽ അതിന് മുമ്പായി ജന്തർ മന്തറിലെ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിൽ ചർച്ച അനുവദിക്കാത്തത് സങ്കടകരം എന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. തീരുമാനമെടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. യുവാക്കളുടെ ഭാവിയെക്കരുതി ചർച്ചയ്ക്ക് തയാറാവണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.


സഭ അഞ്ചിന് വീണ്ടും സമ്മേളിച്ചപ്പോൾ ബില്ലിൽ ആറ് മണിക്കൂർ ചർച്ചയ്ക്ക് സമയം അനുവദിച്ചതായി സ്പീക്കർ ഓം ബിർള അറിയിച്ചു. ലോക്‌സഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ബില്ലുകൾ ചർച്ച ചെയ്യാനാണെന്നും മുദ്രാവാക്യം വിളിക്കരുതെന്നും സ്പീക്കർ ആവശ്യപ്പെട്ടു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിക്കുകയായിരുന്നു. ജൂലൈ 20ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയം പ്രതിപക്ഷം ഉന്നയിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home