'സെൽ നമ്പർ 14' തേടി വായനക്കാർ; ഖമ്നേയിയുടെ പുസ്തകത്തിന് മികച്ച പ്രതികരണം

Image Credit : Instagram / book_bazar_bd
ശ്രീനഗർ : ഇറാനിൽ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ ജയിൽ ഡയറി 'സെൽ നമ്പർ 14' എന്ന പുസ്തകത്തിന് വായനക്കാരേറുന്നു. ശ്രീനഗറിലെ പുസ്കമേളയിൽ ചൂടപ്പം പോലെയാണ് ഈ പുസ്തകം വിറ്റഴിക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ കാലത്തെ കിരാത വാഴ്ചയ്ക്കെതിരെ പോരാടിയ ആയത്തുള്ള ഖമ്നേയിയുടെ അനുഭവങ്ങൾ വിവരിക്കുന്ന ആത്മകഥയാണിത്. പശ്ചിമേഷ്യയിൽ യുഎസ് സൈന്യം ഇറാനെതിരെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ ചെറുത്തു നിൽപിന്റെ നേർചിത്രമാണ് ഈ പുസ്തകം.
ദാൽ തടാകത്തിനരികിലുള്ള ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ ഖമ്നേയിയുടെ 'സെൽ നമ്പർ 14' തിരഞ്ഞു വരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനോടകം തന്നെ ഈ പുസ്തകം വാങ്ങുന്നതിന്റെ വീഡിയോകൾ പലരും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു കഴിഞ്ഞു.
1979ലെ ഇറാൻ വിപ്ലവത്തിന്റെ ശിൽപിയായ ആയത്തുള്ള റുഹുള്ള ഖമ്നേയിയുടെയും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമ്നേയിയുടെയും പുസ്തകങ്ങൾക്ക് ആവശ്യക്കാരുണ്ട്. ഇതിൽ മികച്ച പ്രതികരണം നേടിയത് ആയത്തുള്ള ഖമ്നേയിയുടെ ജയിൽ ഡയറിയായ 'സെൽ നമ്പർ 14' ആണ്. പ്രതിദിനം ഈ പുസ്തകത്തിന്റെ ഡസൻ കണക്കിന് കോപ്പികളാണ് കശ്മീർ താഴ്വരയിൽ വിറ്റഴിക്കുന്നത്.
ഇത്തവണ ഈ പുസ്തകം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും എല്ലാ പ്രസാധകരോടും പുസ്തകങ്ങളുടെ പട്ടിക നൽകാനും രേഖകൾ ദിവസേന സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ക്രിസ്റ്റഫർ സ്നെഡൻ, എജി നൂറാനി, സുമന്ത്ര ബോസ്, ആയിഷ ജലാൽ, സുഗത ബോസ്, അരുന്ധതി റോയ്, സ്റ്റീഫൻ പി കോഹൻ, അനുരാധ ഭാസിൻ, സീമ ഖാസി തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെ 25 പുസ്തകങ്ങൾ മേളയിൽ നിരോധിച്ചിരുന്നു.










0 comments