7ാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: ഗ്രാൻഡ് പ്രീ പുരസ്കാരം 'തിയറ്ററി'ന്

മോസ്കോ: ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ''തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി'' എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് പുരസ്കാരം. സജിൻ ബാബു എഴുതി, സംവിധാനം ചെയ്ത ചിത്രത്തിൽ റിമ കല്ലിങ്ങൽ ആണ് നായിക. അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ ജൂലൈ 23 മുതൽ 26 വരെയാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തെരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റർ. ഇന്ത്യ, കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് തിയറ്റർ വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രീ വിജയിയെ നിർണ്ണയിക്കുന്നത്.
വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ ജൂറി ചെയർമാൻ ആയ കമ്മിറ്റിയിൽ സിനിമാ നിരൂപകനും, ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററും, ഗവേഷകനുമായ വാസിലി സ്റ്റെപനോവ്, സംഗീതജ്ഞൻ, പ്രസാധകനും തിരക്കഥാകൃത്തും റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ
അലക്സി റൈബിൻ, ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ റുസ്തം സഗ്ദുള്ളേവ്, അർമേനിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരാണ് അംഗങ്ങൾ.









0 comments