ബാങ്ക് ഓഫ് ബറോഡയിൽ വൻ ഡാറ്റ ചോർച്ച; ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

പ്രതീകാത്മക ചിത്രം
മുംബൈ : പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായാണ് വിവരം. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ പരസ്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഏകദേശം 700 ജിഗാബൈറ്റിലധികം വിവരങ്ങളാണ് ചോർന്നത്.
ജീവനക്കാരുടെ ഇ-മെയിൽ അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങളാണ് തട്ടിപ്പുകാർ ചോർത്തിയത്. ഒരു ജീവനക്കാരന്റെ ഇ-മെയിൽ ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്നാണ് ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് പ്രവേശിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് പറയുന്നു.
ഉപഭോക്താക്കളുടെ വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, വായ്പ വിവരങ്ങൾ, ഓഡിറ്റ് രേഖകൾ എന്നിവ ചോർന്ന ഡാറ്റയിൽ ഉൾപ്പെടുന്നു. എത്ര ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു എന്നതിൽ വ്യക്തതയില്ല.
ഉപഭോക്താക്കളുടെയും ബിസിനസിസുകളുടെയും ഡാറ്റ സൂക്ഷിക്കുന്ന വലിയ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും നേരിടുന്ന സൈബർ സുരക്ഷാ അപകടസാധ്യതകളെ കുറിച്ച് വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ സംഭവം. ശനിയാഴ്ച രാത്രിയിലാണ് ഒരു ഡാർക്ക് വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്.
ജൂണിൽ ആപ്പിൾ ഇന്ത്യയുടെ വിതരണക്കാരായ ടാറ്റ ഇലക്ട്രോണിക്സിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ആപ്പിളിന്റെയും ടെസ്‌ലയുടെയും വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നിരുന്നു. ഈ മാസം ആദ്യം ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ വിവരങ്ങൾ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടിരുന്നു.









0 comments