print edition ബിആർസി നിയമനപ്പട്ടിക ഭരണാനുകൂല സംഘടനകൾക്ക്

കൊല്ലം: സംസ്ഥാനത്തെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) പ്രോജക്ട് കോ–ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ മറവിൽ അഴിമതിക്ക് കളമൊരുക്കം. മുമ്പെങ്ങും ഇല്ലാത്തവിധം സർക്കാർ അനുകൂല അധ്യാപക സംഘടനകൾ നിർദേശിച്ചവരുടെ പട്ടിക, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർതന്നെ നേതാക്കൾക്ക് മുൻകൂറായി നൽകി. ഉത്തരവായി ഇറങ്ങേണ്ട പട്ടിക വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചു.
അധ്യാപകരുടെയും നിയമിക്കാൻ നിർദേശിച്ചിട്ടുള്ള ബിആർസികളുടെയും വിവരം രേഖപ്പെടുത്തിയാണ് പട്ടിക ഇറങ്ങിയത്. തിരുവനന്തപുരം–9, കൊല്ലം– 12, പത്തനംതിട്ട–9, ആലപ്പുഴ–11, കോട്ടയം–13, ഇടുക്കി–2, എറണാകുളം– 12, തൃശൂർ–15, പാലക്കാട്–10, മലപ്പുറം–15, കോഴിക്കോട്–12, വയനാട്–3, കണ്ണൂർ–15, കാസർകോട്–7 എന്നിങ്ങനെ എല്ലാ ജില്ലകളിലെ ബിആർസികളിലേക്കും അധ്യാപകരെ നിർദേശിച്ചിട്ടുണ്ട്.
ബിആർസികളിലെ കരാറുകാരെ പിരിച്ചുവിട്ടാണ് യുഡിഎഫ് സർക്കാർ പുതിയ നിയമനം നടത്തുന്നത്. കോൺഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയ്‌ക്കും മുസ്ലിംലീഗിന്റെ കെഎസ്‌ടിയുവിനും തസ്‌തിക വീതംവച്ച് നൽകി ആഗസ്ത് ആദ്യവാരം തിരുവനന്തപുരത്ത് അഭിമുഖം നടത്തിയിരുന്നു. ആവശ്യപ്പെട്ട സ്ഥലത്ത് നിയമനം ലഭിക്കാതായതോടെ കെപിഎസ്‌ടിഎ നേതാക്കൾ തർക്കവുമായെത്തി. വീണ്ടും വീതംവയ്‌പ് നടത്തിയാണ് പുതിയ പട്ടിക ഇറക്കിയത്.
സർക്കാർ അംഗീകാരം ലഭിച്ചശേഷം നിയമനത്തിന് ഉത്തരവുകൾ യഥാസമയം ഇറക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇൗ പട്ടികവച്ച് വിലപേശൽ നടത്തുകയായിരുന്നു നേതാക്കളുടെ ലക്ഷ്യം.









0 comments