print edition എൽഡിഎഫ് ഒപ്പുവച്ചത് 1393 മെഗാവാട്ടിന്റെ കരാറുകൾ


സ്വന്തം ലേഖകൻ
Published on Sep 15, 2026, 02:14 AM | 1 min read
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അധികവില നൽകി വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ അതേ സർക്കാർ നിയമിച്ച വൈദ്യുതി റെഗുലേറ്ററി കമീഷൻ റദ്ദാക്കിയപ്പോൾ എൽഡിഎഫ് സർക്കാർ ഒപ്പുവച്ചത് 1393 മെഗാവാട്ടിന്റെ കരാറുകൾ. കേന്ദ്ര പൊതുമേഖലാ ഏജൻസികളുമായും കേന്ദ്രീകൃത ടെൻഡർ വഴിയുമാണ് കരാറുകളുണ്ടാക്കിയത്. എല്ലാം റെഗുലേറ്ററി കമീഷന്റെ അനുമതിയോടെ മാത്രം.
2016ൽ എൽഡിഎഫ് സർക്കാർ വരുമ്പോൾ ആഭ്യന്തര ഉപഭോഗം 3,600 മെഗാവാട്ട് ആയിരുന്നു. ഇൗ വർഷം ഏപ്രിൽ 17ന് ഇത് 5,797 മെഗാവാട്ടായിരുന്നു. എന്നിട്ടും നിയന്ത്രണമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാരിനായി. 25 വർഷത്തെ സ്ഥിരനിരക്കിലുള്ളതായിരുന്നു കരാർ. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് സുതാര്യ മത്സര ലേലത്തിലൂടെ നിശ്ചയിച്ച നിരക്കായതിനാൽ ഹരിത ഊർജ കരാറുകൾ റെഗുലേറ്ററി കമീഷൻ വിശദമായി പരിശോധിച്ചാണ് അനുമതി നൽകിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ, സംസ്ഥാനം സ്വന്തമായി നടത്തിയ ഡിസൈൻ, ഫിനാൻസ്, ബിൽഡ് മാതൃകയിലായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കരാറുകൾ കേന്ദ്ര ഏജൻസികളായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ, നാഷണൽ തെർമൽ പവർ കോർപറേഷൻ എന്നിവ വഴി ചട്ടങ്ങൾ പൂർണമായി പാലിച്ചുള്ള കേന്ദ്രീകൃത ലേലം വഴിയായിരുന്നു.









0 comments