print edition വില കുതിക്കുന്നു; ചില്ലറ വിപണിയിൽ എട്ടുമാസത്തെ ഉയർന്ന വിലക്കയറ്റം


സ്വന്തം ലേഖകൻ
Published on Sep 15, 2026, 02:20 AM | 2 min read
ന്യൂഡൽഹി: രാജ്യത്ത് ഉപഭോക്‌തൃവില സൂചിക പ്രകാരമുള്ള ചില്ലറവിപണി വിലക്കയറ്റം ആഗസ്‌തിൽ 4.82 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ തോതാണിത്. ജൂലൈയിലെ 4.45 ശതമാനമായിരുന്നു ചില്ലറവിപണി വിലക്കയറ്റം. ഭക്ഷ്യവസ്‌തുക്കളുടെ വിലയിലെ കുതിപ്പാണ് ഇതിനിടയാക്കിയത്. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 5.95 ശതമാനമാണ്. ജൂലൈയിൽ 5.52 ശതമാനമായിരുന്നു.
നഗരമേഖലകളിൽ 5.64 ശതമാനവും ഗ്രാമീണ മേഖലകളിൽ 6.13 ശതമാനവുമാണ് ഭക്ഷ്യവസ്‌തുക്കളുടെ വിലയിലെ കുതിപ്പ്. വസ്‌ത്രങ്ങളുടെ വിലയിൽ 3.93 ശതമാനവും പുകയില ഉൽപ്പന്നങ്ങളുടെ വിലയിൽ 7.34 ശതമാനവും ചരക്കുഗതാഗത ചെലവിൽ 14.69 ശതമാനവും വർധനവ് രേഖപ്പെടുത്തി.
സവാള വിലയിൽ 48.27 ശതമാനം വർധനവുണ്ടായി. ഇഞ്ചി വില 73.82 ശതമാനവും വെളുത്തുള്ളി വില 43.60 ശതമാനവും ഉയർന്നു. സ്വർണം, വജ്രം, പ്ലാറ്റിനം വിലയിൽ 35.53 ശതമാനവും വെള്ളി വിലയിൽ 107.11 ശതമാനവും വർധനവുണ്ടായി.
കേരളത്തിൽ 4.67 ശതമാനമാണ് ചില്ലറവിപണിയിലെ വിലക്കയറ്റം. വിലക്കയറ്റ തോത് ഏറ്റവും കൂടുതൽ തെലങ്കാനയിലാണ്– 6.27 ശതമാനം. തമിഴ്‌നാട്ടിൽ 5.92 ശതമാനവും മധ്യപ്രദേശിൽ 5.55 ശതമാനവും വിലവർധനവുണ്ട്. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിൽ മുന്നിൽ മഹാരാഷ്ട്രയാണ്– 8.1 ശതമാനം. ആന്ധ്രയിൽ 8.07 ശതമാനവും തമിഴ്‌നാട്ടിൽ 7.96 ശതമാനവുമാണ് വിലക്കയറ്റം.
നടപ്പുവർഷം ചില്ലറവിപണിയിൽ ശരാശരി അഞ്ച് ശതമാനം വിലക്കയറ്റമാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തിൽ 5.9 ശതമാനവും നാലാം പാദത്തിൽ 5.5 ശതമാനവുമാണ് ആർബിഐയുടെ പ്രതീക്ഷിത വിലക്കയറ്റ തോത്.
മൊത്തവില സൂചിക പണപ്പെരുപ്പം 9.92 ശതമാനം
ന്യൂഡൽഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ആഗസ്‌തിൽ 9.92 ശതമാനമായി കുതിച്ചുയർന്നു. ജൂലൈയിൽ ഇത് 9.78 ശതമാനമായിരുന്നു. ഭക്ഷ്യവസ്‌തുക്കൾ, നിർമിത ഉൽപ്പന്നങ്ങൾ, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വില കുതിച്ചതണ് വിലക്കയറ്റം കുതിച്ചുയരാൻ കാരണം.
ഭക്ഷ്യവില സൂചികയിലെ മൊത്തവിലപ്പെരുപ്പം ജൂലൈയിൽ 6.65 ശതമാനമായിരുന്നു. ആഗസ്‌തിൽ 7.05 ശതമാനമായി. നിർമിത ഉൽപ്പന്നങ്ങളുടെ വിഭാഗത്തിലെ മൊത്തവിലപ്പെരുപ്പം ജൂലൈയിൽ 8.29 ശതമാനമായിരുന്നത് ആഗസ്‌തിൽ 8.37 ശതമാനമായി. ഇന്ധനം–വൈദ്യുതി വിഭാഗത്തിൽ 22.93 ശതമാനം വർധന.
നടപ്പു സാന്പത്തികവർഷത്തിന്റെ തുടക്കം മൊത്തവിലപ്പെരുപ്പം കുതിച്ചുയർന്നു. പശ്‌ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡ് ഓയിൽ, വളം വിലകൾ കുതിച്ചുയരാൻ കാരണമായി. വിവിധ മേഖലകളിൽ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. കഴിഞ്ഞ മാസം ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയസമിതി അടിസ്ഥാന നയനിരക്കുകൾ 5.25 ശതമാനമായി നിലനിർത്തിയിരുന്നു. 2026–27 സാന്പത്തിക വർഷത്തിലെ ചില്ലറ പണപ്പെരുപ്പം അഞ്ച് ശതമാനമായിരിക്കുമെന്നും ആർബിഐ പ്രവചിച്ചിട്ടുണ്ട്.









0 comments