പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് എൽഡിഎഫ്
കാരുചിറക്കുളവും സമീപത്തെ തണ്ണീർത്തടവും നികത്താൻ നീക്കം

കരുമാല്ലൂരിലെ കാരുചിറ ബഡ്‌സ് സ്കൂളിനോടുചേർന്ന തണ്ണീർത്തടത്തിൽ കാനയിൽനിന്നുള്ള മണ്ണ് നിരത്തുന്നു
ആലങ്ങാട്
കരുമാല്ലൂർ പഞ്ചായത്ത് അഞ്ചാംവാർഡിൽ ആലുവ–പറവൂർ പ്രധാന പാതയോടുചേർന്നുള്ള കാരുചിറക്കുളം ഉൾപ്പെടുന്ന തണ്ണീർത്തടം നികത്താനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാരുചിറ ബഡ്സ് സ്കൂളിനോടുചേർന്നുള്ള ആറ് ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്തി നിർമാണപ്രവർത്തനങ്ങൾ നടത്താനാണ് ശ്രമമെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
കരുമാല്ലൂർ പഞ്ചായത്തിലെ പ്രധാന ജലസംഭരണ മേഖലയായ ഇവിടെ മണ്ണിട്ട് നികത്തിയാൽ വേനൽക്കാലത്ത് കടുത്ത വരൾച്ചയ്ക്കും മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് കാരക്കുളം, മരോട്ടിച്ചുവട്, തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം ഒഴുകിയെത്തി ശേഖരിക്കപ്പെടുന്നത് ഈ തണ്ണീർത്തട മേഖലയിലാണ്. ഇവിടെനിന്ന് വെള്ളം മണ്ടളപ്പാടം വഴി ഒഴുകിയാണ് പെരിയാറിലെത്തുന്നത്. മണ്ടളപ്പാടത്തെ ഏക്കറുകണക്കിന് വരുന്ന നെൽക്കൃഷിയെ നികത്തൽ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.
ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ നിർമാണത്തിന് 30 സെന്റ് ആവശ്യപ്പെട്ട് എസ്എച്ച്ഒ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ണീർത്തടം നികത്തൽ നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുന്നതെന്നാണ് വിവരം. കഴിഞ്ഞദിവസങ്ങളിൽ പഞ്ചായത്തിലെ കാനകൾ വൃത്തിയാക്കിയപ്പോൾ കിട്ടിയ മണ്ണ് എത്തിച്ച് നികത്തിത്തുടങ്ങിയിട്ടുമുണ്ട്. തണ്ണീർത്തടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ. പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ്–-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് കാരുചിറ തണ്ണീർത്തടം നികത്താനുള്ള നീക്കമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ജി ഡി ഷിജു പറഞ്ഞു. ഇത് പ്രദേശത്തെ ജലസ്രോതസ്സുകളെയും കൃഷിയെയും ഗുരുതരമായി ബാധിക്കും. തീരുമാനം പിൻവലിക്കാനാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഷിജു പറഞ്ഞു.










0 comments