തകരാറായ കെഎസ്ആർടിസി ബസ് നന്നാക്കി വഴിയാത്രക്കാർ

ദേശീയപാത 66 തുരുത്തിപ്പുറത്ത് തകരാറിലായ കെഎസ്ആർടിസി ബസ് വഴിയാത്രികർ നന്നാക്കുന്നു
പറവൂർ
എയർ പൈപ്പ് പൊട്ടി തകരാറിലായി വഴിയിൽ കിടന്ന കെഎസ്ആർടിസി ബസ് വഴിയാത്രികർ നന്നാക്കി. എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്കു പോയ ബസ് ദേശീയപാത - 66ൽ പറവൂർ–മൂത്തകുന്നം റൂട്ടിൽ തുരുത്തിപ്പുറത്തുവച്ച് തിങ്കൾ രാവിലെ 9.30 ഓടെയാണ് തകരാറിലായത്. അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള പറവൂർ ഡിപ്പോയിൽ അറിയിച്ചിട്ടും പരിഹരിക്കാൻ മെക്കാനിക് കൃത്യസമയത്ത് എത്തിയില്ല.
ഒരുമണിക്കൂറോളം ബസ് വഴിയിൽ കിടന്നത് ഗതാഗത തടസ്സമുണ്ടാക്കി. യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനും കാരണമായി. ദുരിതത്തിലായ യാത്രക്കാരിൽ ചിലരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടു. ഈ സമയം ഇതുവഴിവന്ന കർണാടക രജിസ്ട്രേഷനുള്ള വാഹനത്തിലെ ഡ്രൈവറും മറ്റൊരു വഴിയാത്രികനും മുന്നോട്ടുവന്ന് അറ്റകുറ്റപ്പണി ആരംഭിച്ചു. ഇവരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി കേടുപാടു പരിഹരിച്ച ബസ് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയങ്കണത്തിലേക്കു മാറ്റിയിട്ടു.
അത്യാവശ്യ സന്ദർഭങ്ങളിൽപ്പോലും കെഎസ്ആർടിസി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. എന്നാൽ, പൊട്ടിയ എയർ പൈപ്പ് പുറത്തുനിന്നു വാങ്ങി എത്താനുള്ള താമസമാണ് ഉണ്ടായതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. കെഎസ്‌ആർടിസി നിർദേശിച്ച ചില കടകളിൽനിന്നുമാത്രമെ സ്പെയർ പാർട്സുകൾ വാങ്ങാനാകൂ. ഇതുപ്രകാരം ചെറായിയിലെ ഒരു കടയിൽനിന്നാണ് വാങ്ങുന്നത്. അതിനാലാണ് മെക്കാനിക് എത്താൻ താമസമുണ്ടായതെന്നും ബസിന്റെ തകരാർ പൂർണമായി പരിഹരിച്ചശേഷം ഡിപ്പോയിലേക്ക് മാറ്റിയെന്നും എടിഒ പറഞ്ഞു.









0 comments