എൽഡിഎഫ് അംഗങ്ങൾ കുത്തിയിരിപ്പുസമരം നടത്തി
പാമ്പാക്കുടയിൽ കുടിവെള്ളമില്ല

പാമ്പാക്കുട പഞ്ചായത്ത് എൽഡിഎഫ് അംഗങ്ങൾ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുപ്പുസമരം നടത്തുന്നു
പിറവം
പാമ്പാക്കുട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. പിറമാടം മേഖലയിൽ മൂന്നാഴ്ചയായി വെള്ളമെത്തിയിട്ട്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ പിറവം വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പുസമരം നടത്തി.
വെട്ടിമുട് പമ്പുഹൗസിലേ 40 എച്ച്പി മോട്ടോർ കേടായിട്ട് മൂന്നുമാസമായി. ഇതോടെ, പിറമാടം ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന കളപ്പാറ ടാങ്കിലേക്ക് ഭാഗികമായാണ് പന്പിങ്. ടാങ്കിലേക്കുള്ള പൈപ്പ് ആൽപ്പാറ റോഡിൽ തകർന്നിട്ട് മാസങ്ങളായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിക്കിടക്കുന്ന പൈപ്പുകൾ നന്നാക്കാനും നടപടിയില്ല. ഉയർന്ന പ്രദേശങ്ങളിലുള്ളവർ ആഴ്ചയിൽ 3000 രൂപയോളം മുടക്കി മിനിലോറികളിൽ വെള്ളം എത്തിച്ചാണ് ജീവിതം മുന്നോട്ടുനീക്കുന്നതെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു.
മന്ത്രി അനൂപ് ജേക്കബ്, ജില്ലാ–ബ്ലോക്ക്– പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടാകുന്നില്ല. സമരത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി രതീശൻ, ബേബി ജോസഫ്, റീജ മോൾ ജോബി, അനന്തപത്മനാഭൻ, സി ബി രാജീവ്, അല്ലി ദിനേശ്, ആതിര എം അജിത് എന്നിവർ സംസാരിച്ചു.










0 comments