കാക്കനാട് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവം; തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കൊച്ചി : കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്ക് യാത്രികരായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾക്കെതിരെ ജനരോഷം. തെളിവെടുപ്പിനെത്തിക്കുന്നതിനിടെയാണ് നാട്ടുകാർ പ്രതികൾക്കെതിരെ തിരിഞ്ഞത്. കളമശ്ശേരി മൂലേപാടം ദിണ്ടിങ്ങൽ വീട്ടിൽ ഷെഫിൻ (30), കോഴിക്കോട് മേലത്തൂർ, ചേവാരി കണ്ടയിൽ വീട്ടിൽ വിബീഷ് (26), ആലുവ ഇടതല നടുവിക്കൽ വീട്ടിൽ ഫഹദ് (31)എന്നിവരാണ് കേസിൽ പിടിയിലായത്. അക്രമികൾ പിടികൂടിയ വാർത്ത പുറത്തുവന്നതിനുപിന്നാലെ സ്റ്റേഷൻ പരിസരത്ത് ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടയിലൂടെ സാഹസികമായാണ് പൊലീസ് പ്രതികളെ വാഹനത്തിൽ സംഭവം നടന്ന എൻജിഒ ക്വാർട്ടേഴ്സിലേക്ക് എത്തിച്ചത്. എന്നാൽ ഇവിടെയും ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഞായർ പുലർച്ചെ രണ്ടോടെയാണ് കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിലെ റൗണ്ട് എബൗട്ടിന് സമീപം യുവാക്കൾ ക്രൂര മർദനത്തിനിരയായത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നിലെ കാറിന് വഴി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രവീണിന്റെ നില അതീവഗുരുതരമാണ്. ഇവർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
ഇടിവളകൊണ്ടുള്ള ഇടിയിൽ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകർന്നു. മുൻവരിയിലെ നാല് പല്ലുകൾ ഇളകിപ്പോയി. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. നിസാമിന്റെ മൂക്കിനും ചുണ്ടിനും ഗുരുതര പരിക്കേറ്റു. റോഡിൽ വീണുകിടന്ന പ്രവീണിന്റെ തലയ്ക്ക് പ്രതികൾ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവുമുണ്ട്. പ്രവീൺ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലും ഷാഫിയും നിസാമും എറണവകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. പുലർച്ചെതന്നെ വിവരം അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. അക്രമത്തിനുശേഷവും പ്രതികൾ കുറേസമയം എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തുതന്നെയുണ്ടായിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.










0 comments