‘അടുക്കള സ്ത്രീകളുടേതെന്ന പഴയ ബോധം’; സതീശന്റെ ‘രുചിക്കൂട്ട്’ പരാമർശത്തിനെതിരെ വിമർശനം

തിരുവനന്തപുരം: പാരമ്പര്യ വിഭവങ്ങളുടെ രഹസ്യ രുചിക്കൂട്ട് അമ്മമാർ പെൺമക്കൾക്കും മകന്റെ ഭാര്യയ്ക്കും കൈമാറണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. പമ്പ ഫെസ്റ്റിലെ പ്രസംഗത്തിനിടെയായിരുന്നു സ്ത്രീകളെ മാത്രം പാചകപാരമ്പര്യത്തിന്റെ വാഹകരായി അവതരിപ്പിച്ച പരാമർശം.
അമ്മയിൽനിന്ന് പെൺമകളിലേക്കും പിന്നീട് മരുമകളിലേക്കും രുചിക്കൂട്ട് കൈമാറണമെന്നായിരുന്നു സതീശന്റെ നിർദേശം. കുടുംബത്തിലെ ആൺമക്കളെയും മരുമക്കളെയും പൂർണമായി ഒഴിവാക്കിയ പരാമർശം, പാചകവും കുടുംബപരിചരണവും സ്ത്രീകളുടെ സ്വാഭാവിക ഉത്തരവാദിത്തമാണെന്ന പിന്തിരിപ്പൻ ബോധത്തെ ആവർത്തിക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.
‘അമ്മമാർ തയ്യാറാക്കുന്ന ഭക്ഷണം’ എന്ന വിശേഷണത്തിലൂടെ തന്നെ പാചകത്തിന്റെ ചുമതല സ്ത്രീകളിൽ ഉറപ്പിക്കുന്ന സമീപനമാണ് പ്രസംഗത്തിലുള്ളതെന്നും പ്രതികരണങ്ങളുണ്ട്. മകനിലൂടെ കുടുംബത്തിന്റെ രുചിപ്പാരമ്പര്യം അടുത്ത തലമുറയിലേക്ക് കൈമാറാനാകില്ലെന്ന ധാരണ എന്തുകൊണ്ടാണെന്നും വിമർശകർ ചോദിച്ചു.
പാചകം ഒരു ജീവിതനൈപുണ്യമാണെന്നും അത് പെൺമക്കൾക്കും ആൺമക്കൾക്കും ഒരുപോലെ പഠിപ്പിക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. പാരമ്പര്യ രുചികളുടെ സംരക്ഷണം കുടുംബത്തിന്റെ കൂട്ടുത്തരവാദിത്തമാകേണ്ടിടത്ത് അമ്മ–മകൾ–മരുമകൾ എന്ന സ്ത്രീശൃംഖലയിലേക്ക് അത് ചുരുക്കുന്നത് ലിംഗവിവേചനമാണ്. വിവാഹം കഴിഞ്ഞെത്തുന്ന സ്ത്രീയ്ക്ക് കുടുംബം കൈമാറേണ്ടത് അടുക്കളയുടെ ഉത്തരവാദിത്തമാണെന്ന പഴയ സങ്കൽപ്പത്തെയാണ് പരാമർശം ശക്തിപ്പെടുത്തുന്നത്. പാരമ്പര്യം എന്ന മധുരമുള്ള വാക്കിൽ പൊതിഞ്ഞാലും പാചകവും പരിചരണജോലികളും സ്ത്രീകൾക്കുമാത്രമായി നിശ്ചയിക്കുന്നത് പുരുഷാധിപത്യത്തിന്റെ തുടർച്ച തന്നെയാണ്. എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
പരാമർശത്തിനെതിരായ വിമർശനത്തെ ‘അമ്മയുടെ സ്നേഹത്തെയും കൈപ്പുണ്യത്തെയും അപമാനിക്കൽ’ എന്ന നിലയിൽ ചിത്രീകരിച്ചും ചിലർ രംഗത്തെത്തി. എന്നാൽ അമ്മയോടുള്ള സ്നേഹത്തെ അടുക്കളയുമായി മാത്രം ബന്ധിപ്പിക്കുന്നതുതന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് വിമർശകർ മറുപടി നൽകി.
‘കുടുംബത്തിനുവേണ്ടി പരാതിയില്ലാതെ ഉരുകിത്തീരുന്ന അമ്മ’ എന്ന സങ്കൽപ്പം മഹത്വവൽക്കരിക്കുന്നത് സ്ത്രീകളുടെ പ്രതിഫലമില്ലാത്ത അധ്വാനത്തെയും ത്യാഗത്തെയും സ്വാഭാവികമാക്കുകയാണെന്നും വിമർശനമുണ്ട്. സ്ത്രീകളുടെ അധ്വാനത്തിന് വിലയും വിശ്രമവും പങ്കാളിത്തവും ഉറപ്പാക്കേണ്ടതിന് പകരം പഴയ ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയിലെ സ്ത്രീകൾക്ക് കൈമാറാൻ ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.










0 comments