പ്രധാനമന്ത്രി ആവാസ് യോജന; വീടുകളിൽ ലോഗോ വയ്ക്കണമെന്ന് കേന്ദ്രം, തീരുമാനം പുനഃപരിശോധിക്കില്ല

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജന (നഗര) പ്രകാരം നിർമിക്കുന്ന എല്ലാ വീടുകളിലും പിഎംഎവൈയുടെ ലോഗോയും ഗുണഭോക്തൃ വിവരങ്ങളും സ്ഥിരമായി പ്രദർശിപ്പിക്കണമെന്ന തീരുമാനം പുനഃപരിശോധിക്കാൻ വിസമ്മതിച്ച് കേന്ദ്ര സർക്കാർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പദ്ധതി ഗുണഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകൾ അവഗണിച്ചാണ് കേന്ദ്ര നീക്കം.
ആധികാരികമായും സുതാര്യമായുമാണ് ബ്രാൻഡിങ് നടത്തുന്നതെന്നാണ് കേന്ദ്രവാദം. എന്നാൽ ദരിദ്ര കുടുംബങ്ങളുടെ വീടുകൾ ഗവൺമെന്റ് പ്രചാരണത്തിനായുള്ള പരസ്യബോർഡുകളാക്കി മാറ്റുന്നതിലൂടെ ക്ഷേമ പദ്ധതിയുടെ നടത്തിപ്പിൽ സുതാര്യത കൈവരിക്കാനാവില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഗുണഭോക്താക്കളുടെ അന്തസിനും സ്വകാര്യതയ്ക്കുമാണ് സർക്കാരിന്റെ ബ്രാൻഡിങ്ങിനേക്കാൾ മുൻഗണന നൽകേണ്ടത്. പൗരന്മാരെ രാഷ്ട്രീയ പരസ്യ ഉപകരണങ്ങളായി മാറ്റിയല്ല ക്ഷേമം ഉറപ്പാക്കേണ്ടതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
പിഎംഎവൈ 2.0 നടപ്പാക്കലിനെ രാഷ്ട്രീയവൽക്കരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് അവരുടെ മറുപടി വ്യക്തമാക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കരാറിൽ ഒപ്പുവെക്കാത്തതിന് കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തിയതായും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഗുണഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആശങ്കകളിൽ കേന്ദ്രം ക്രിയാത്മകമായി ഇടപെടണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.










0 comments