ad
Deshabhimani

ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്ന പരാമർശം; ടി ജി മോഹൻദാസിനെതിരെ പരാതി നൽകി എസ്എഫ്ഐ

t g mohandas
വെബ് ഡെസ്ക്

Published on Jul 27, 2026, 03:22 PM | 1 min read

തിരുവനന്തപുരം : നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പരാമർശം നടത്തിയ ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെതിരെ പരാതി. അക്രമത്തിനും കൂട്ടക്കൊലയ്ക്കും ആഹ്വാനം ചെയ്ത ടി ജി മോഹൻദാസിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി എം എ നന്ദനാണ് പരാതി നൽകിയത്.


പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹൻദാസ് പറഞ്ഞത്. വെടിവച്ചാൽ കുറേപ്പേർ മരിക്കുമെന്നും ശവങ്ങൾ ആശുപത്രിയിൽ എത്തിക്കുമെന്നുമായിരുന്നു ടി ജി മോഹൻദാസ് പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു വിവാദ പരാമർശം. ജന്തർ മന്തറിന് ചുറ്റുമുള്ള നാല് കിലോമീറ്റർ കർഫ്യൂ പ്രഖ്യാപിക്കുമെന്നും പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെക്കുമെന്നുമാണ് ആർഎസ്എസ് വക്താവ് പറഞ്ഞത്.


ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സാധാരണ രാഷ്ട്രീയ അഭിപ്രായപ്രകടനമായി കാണാനാവില്ലെന്ന് പരാതിയിൽ പറയുന്നു. പ്രതിഷേധിക്കുന്ന പൗരന്മാരെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്നും ഗുരുതരമായി പരിക്കേൽപ്പിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകൾ രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങളെയും നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനത്തെയും നേരിട്ട് വെല്ലുവിളിക്കുന്നതാണ്.


വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പ്രസ്താവനകൾ രാജ്യത്തെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നേരെയുള്ള പരോക്ഷമായ ഭീഷണിയും അക്രമത്തിന് പ്രേരണ നൽകുന്നതുമാണ്. ടി ജി മോഹൻദാസിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന ആഹ്വാനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home