ad
Deshabhimani

കവർസ്റ്റോറി

രാമക്ഷേത്രം: മോഷ്ടിച്ചത്‌ ‘വിശ്വാസം

 അയോധ്യയിലുള്ള ധരംപഥ്‌ റോഡ്‌
avatar
വി ബി പരമേശ്വരൻ

Published on Jul 27, 2026, 03:59 PM | 6 min read



"രാം മന്ദിർ ചോറോം കോ ഘർ ബനാദിയാ’ (ശ്രീരാമക്ഷേത്രം കള്ളന്മാരുടെ ആവാസ കേന്ദ്രമാക്കി) എന്ന് ഇപ്പോൾ ആരോപിക്കുന്നത് കർപത്രി മഹാരാജാണ്. ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന, കർസേവയിൽ പങ്കെടുത്ത് പരിക്കേറ്റ സന്യാസിമാരിൽ ഒരാളാണ് ഇയാൾ. ചമ്പത്റായ് ഉൾപ്പെടെയുള്ള ട്രസ്റ്റിമാരാണ് ഈ കൊളളയ്‌ക്ക് ഒത്താശ ചെയ്‌തതെന്ന് ഉറച്ചു വിശ്വസിക്കുന്ന സന്യാസി. "വൻ മത്സ്യങ്ങൾ എന്നാണ് വലയിലാകുക’ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. "കൈയ്‌ക്ക് അർബുദബാധയുണ്ടായാൽ വിരൽമാത്രം മുറിച്ചുനീക്കിയതുകൊണ്ട് രോഗശമനം ഉണ്ടാകുമോ’ എന്നുകൂടി അദ്ദേഹം ചോദിക്കുന്നു.

അയോധ്യയിലെ സന്യാസിസമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയതും ചമ്പത്റായിയാണെന്ന് കർപത്രി മഹാരാജ് ആരോപിക്കുകയുണ്ടായി. ശ്രീരാമനിൽ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തിയാണ് ശ്രീരാമജന്മഭൂമി ക്ഷേത്ര തീർഥ ട്രസ്റ്റിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് സ്വാമി ദിലീപ്ദാസും ആരോപിക്കുന്നു. ട്രസ്റ്റിലെ 90 ശതമാനം പേരും അഴിമതിക്കാരാണെന്നും ഭാരതത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അയോധ്യയിലേതെന്നും "ഭാരത് സമാചാറി’ നോട് സംസാരിക്കവെ ദിലീപ്ദാസ് പറഞ്ഞു. മഹാമണ്ഡലേശ്വർ വിഷ്‌ണുദാസും ട്രസ്റ്റി ജനറൽ സെക്രട്ടറി ചമ്പത്റായിയെ സംരക്ഷിക്കുന്ന സംഘപരിവാർ നയത്തിനെതിരെ രംഗത്തുവന്നു.

 അയോധ്യയിലുള്ള ധരംപഥ്‌ റോഡ്‌ അയോധ്യയിലുള്ള ധരംപഥ്‌ റോഡ്‌

എന്നാൽ ഏറ്റവും ശക്തമായ ആക്രമണം നടത്തിയത് നാല് ശങ്കരാചാര്യന്മാരിൽ ഒരാളായ ജ്യോതിർമഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ്.

അയോധ്യയിലേത് ക്ഷേത്രമല്ല, ആർഎസ്എസ് ‐ വിഎച്ച്പി ഓഫീസാണെന്നും പണം കൊയ്യുന്ന ഫാക്ടറിയാണെന്നും അതിനാലാണ് താൻ ഇതുവരെയും അവിടെ ദർശനം നടത്താത്തതെന്നും അദ്ദേഹം തുറന്നടിച്ചു. ഹിന്ദുമതത്തെ സംരക്ഷിക്കാനല്ല മറിച്ച് തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. സംഘപരിവാർ സംഘടനകളെ വ്യാജ ഹിന്ദു സംഘടനകളായാണ് അവിമുക്തേശ്വരാനന്ദ വിശേഷിപ്പിക്കുന്നത്.

ഇന്ത്യക്കാർ സ്വാഭാവികമായും അഴിമതിക്കാരാണോ? നമ്മൾ ശ്രീരാമനെ പോലും വെറുതെ വിട്ടില്ലല്ലോ എന്ന് പരിതപിക്കുകയാണ് ഇന്ത്യൻ ഇംഗ്ലീഷ് നോവലെഴുത്തുകാരനായ ചേതൻ ഭഗത്. "പതിറ്റാണ്ടുകളായി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിനായി ആളുകൾ പോരാടി. അത് പ്രത്യേക രാഷ്‌ട്രീയത്തെ രൂപപ്പെടുത്തി, സമൂഹങ്ങളെ വിഭജിച്ചു, ദേശീയ ശ്രദ്ധ പിടിച്ചുപറ്റി, ആധുനിക ഇന്ത്യയിലെ ഏറ്റവും വൈകാരികമായി ഉയർന്നുവന്ന വിഷയങ്ങളിലൊന്നായി അത് മാറി. രാമജന്മഭൂമി ക്ഷേത്രം ഒടുവിൽ യാഥാർഥ്യമായപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾ ആഘോഷിച്ചു. എന്നാൽ ഈ സ്ഥാപനത്തെ സേവിക്കാൻ ഏൽപ്പിക്കപ്പെട്ട ആളുകൾതന്നെ അതിൽനിന്ന് മോഷ്ടിച്ചിരിക്കാമെന്ന ആരോപണങ്ങളാണ് ഇപ്പോൾ നാം നേരിടുന്നത്. നമ്മൾ രാമനിൽ നിന്ന് തന്നെ മോഷ്ടിച്ചിരിക്കുന്നു’‐ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ ചേതൻ ഭഗത് വിലയിരുത്തി. ഒരു സാധാരണ ഇന്ത്യക്കാരന്റെ, വിശ്വാസിയുടെ വിചാരഗതിയാണ് ചേതൻ ഭഗത് ഇവിടെ വരച്ചിടുന്നത്.

അതായത്, ശ്രീരാമന്റെ പേരിൽ കൊള്ള നടത്തിയ യഥാർഥ പ്രതികളെ രക്ഷിക്കാൻ മോദിയും യോഗിയും ഭാഗവതും നടത്തുന്ന ശ്രമങ്ങൾക്കെതിരെ അയോധ്യാ നിവാസികളും വിശ്വാസിസമൂഹവും രംഗത്തുവരുന്ന കാഴ്‌ചയാണ് കാണാനാകുന്നത്. ഏതാനും ജീവനക്കാരാണ് ഈ കൊള്ള നടത്തിയതെന്ന് പറഞ്ഞ് ചമ്പത്റായിയെയും അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും രക്ഷിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. എന്നാൽ ചമ്പത്റായിയും ട്രസ്റ്റിമാരെ നിയമിച്ച പ്രധാനമന്ത്രി മോദിയും മൗനത്തിലാണ്. മൻമോഹൻ സിങ്ങിനെ മാതാ ബാബയായി ചിത്രീകരിച്ച മോദി, വിവാദം ഉയർന്ന് 40 ദിവസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല.


യോഗി ആദിത്യനാഥ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ട്രസ്റ്റ് അംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഒരാഴ്‌ചത്തെ പ്രാഥമിക അന്വേഷണത്തിന് ശേഷം ജൂൺ 23ന് സമർപ്പിച്ച ഒമ്പത് പേജുള്ള എസ്‌ഐടി റിപ്പോർട്ടിലൂടെ കണ്ണോടിച്ചാൽ ഇത് വ്യക്തമാകും. ആരോപണം ഉയർന്നതിനെ തുടർന്ന് ചമ്പത് റായ്, അനിൽ മിശ്ര എന്നിവർ ട്രസ്റ്റിൽനിന്ന്‌ രാജിവച്ചെങ്കിലും അവർ തന്നെയാണ് ഇപ്പോഴും ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത് എന്ന് ക്ഷേത്ര കൊള്ള വാർത്ത പുറത്തുകൊണ്ടുവന്ന ‘ടോപ്സീക്രട്ട്’ എന്ന ഡിജിറ്റൽ മാധ്യമത്തിലെ അഭിഷേക് കുമാർ ഉപാധ്യായ റിപ്പോർട്ട്‌ ചെയ്‌തു. ചമ്പത്റായ് ഇപ്പോഴും അയോധ്യയിലെ ശ്രീരാമക്ഷേത്ര കോംപ്ലക്‌സിൽ തന്നെ ഉണ്ടെന്നാണ് സന്യാസി സമൂഹംപോലും പറയുന്നത്. ജൂലൈ ആറിന് ചേർന്ന ട്രസ്റ്റ് യോഗം ഇവരുടെ രാജി അംഗീകരിച്ചതായി ട്രഷറർ ഗോവിന്ദ് ദേവ്ഗിരി വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ അക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. അന്വേഷണത്തിൽ ഇവർക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ കഴിയാത്തതിനാൽ രാജി സ്വീകരിക്കേണ്ട എന്നാണ് ട്രസ്റ്റിൽ ഉയർന്ന അഭിപ്രായമെന്ന് നിർമോഹി അഖാഡയിലെ ധീരേന്ദ്രദാസ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ശരിയാണെങ്കിൽ വിഷയം അൽപ്പം തണുത്തുകഴിഞ്ഞാൽ പൂർവാധികം ശക്തിയോടെ ചമ്പത് റായ്‌ തിരിച്ചുവരുമെന്ന സൂചനയാണ് ഇതു നൽകുന്നത്. ചമ്പത്റായ് കുറ്റക്കാരനാണെന്ന് പറഞ്ഞാൽ സംഘപരിവാർ കുറ്റക്കാരാണെന്ന് പറയുന്നതിന് സമാനമാണ്. വിഎച്ച്പി നാഷണൽ വൈസ്‌ പ്രസിഡന്റാണ് ചമ്പത്റായ്‌ എന്നതു മാത്രമല്ല, പ്രധാനമന്ത്രിയുമായി അടുത്ത ബന്ധവും ഇദ്ദേഹത്തിനുണ്ട്. ഒരുവേള പ്രധാനമന്ത്രി മോദിയെ വിഷ്‌ണുവിന്റെ അവതാരപുരുഷനായി വിശേഷിപ്പിച്ചയാളാണ് ചമ്പത്‌റായ് എന്ന കാര്യം മറന്നുപോകരുത്. ഇയാൾ ശിക്ഷിക്കപ്പെട്ടാൽ കൊള്ള പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന ആഖ്യാനവും വരും. അതുകൊണ്ടാണ് ചമ്പത്‌ റായിയെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന്‌ ഒരുങ്ങിയ അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിന്‌ ഒരുങ്ങിയ അയോധ്യ

ഇനി എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട്‌ പരിശോധിക്കാം.കാണിക്കയും സംഭാവനയും എണ്ണിത്തിട്ടപ്പെടുത്തുന്ന സ്റ്റാഫ് അംഗങ്ങളും മേൽനോട്ടക്കാരുമാണ് കൊള്ളയ്‌ക്ക് ഉത്തവാദികളെന്നും കാണിക്കയും സംഭാവനകളായി ലഭിച്ച വിലപിടിപ്പുള്ള വസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ക്ഷേത്ര ട്രസ്റ്റി ഇക്കാര്യത്താൽ ശരിയായ മേൽനോട്ടം വഹിക്കുന്നതിലും സുരക്ഷാസംവിധാനം ഒരുക്കുന്നതിലും വീഴ്‌ച വരുത്തിയെന്നുമാണ് റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ പറയുന്നത്. പണം എണ്ണുന്ന സ്ഥലത്ത് ശക്തമായ നിരീക്ഷണ സംവിധാനമില്ലെന്നും ദേഹപരിശോധന ഉണ്ടായില്ലെന്നും ബാങ്കുമായി ചേർന്നുണ്ടാക്കിയ സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ട്‌ പറയുന്നു.

കൊള്ളയ്‌ക്ക് വഴിയൊരുക്കിയത് നിർദിഷ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാട്ടിയ അലസമനോഭാവമാണെന്നും റിപ്പോർട്ട്‌ പറയുന്നു.

കാണിക്കയും പണവും എണ്ണി തിട്ടപ്പെടുത്തുന്നതിലും സൂക്ഷിക്കുന്നതിലും ഗുരുതര വീഴ്‌ചയുണ്ടായിട്ടുണ്ട്. ഓരോ ഭണ്ഡാരത്തിലെയും പണം മാറ്റിയ പെട്ടികൾക്ക് കൃത്യമായ നമ്പറിടുന്നതിലും അവ എവിടെയാണ് പോകുന്നതെന്ന് നിരീക്ഷിക്കുന്നതിലും ഗുരുതര പാകപ്പിഴകളുണ്ടായി. പണം എണ്ണി ത്തിട്ടപ്പെടുത്തുന്നതിൽ മാത്രമല്ല, സംഭാവനകൾക്ക് കൃത്യമായ റസീറ്റ് നൽകുന്നതിലും ക്ഷേത്ര റെക്കോഡുകളിൽ രേഖപ്പെടുത്തുന്നതിലും പിഴവുണ്ടായി.


ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക്‌ ഓഫ് ഇന്ത്യയും തമ്മിൽ പണവും സംഭാവനയും എണ്ണി തിട്ടപ്പെടുത്തുന്നതിനായി കഴിഞ്ഞവർഷം ഫെബ്രുവരി രണ്ടിന് ഉണ്ടാക്കിയ എസ്ഒപി വ്യക്തമായും പറയുന്നത് എണ്ണിത്തിട്ടപ്പെടുത്തൽ പ്രക്രിയയിൽ സുതാര്യതയും ആധികാരികതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ട്രസ്റ്റിനായിരിക്കുമെന്നാണ്. എണ്ണിത്തിട്ടപ്പെടുത്തുന്ന മുറിയിലേക്ക് കടക്കുന്നവരെയും പുറത്തുപോകുന്നവരെയും പരിശോധിക്കേണ്ട സംവിധാനം ഒരുക്കേണ്ടതും ട്രസ്റ്റാണ്. എന്നാൽ മേൽപ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങളൊന്നുംതന്നെ പിന്തുടർന്നില്ല. കേവലം സാങ്കേതികമായ നടപടിക്രമങ്ങളിലുണ്ടായ വീഴ്‌ചയല്ലെന്നും ബോധപൂർവമായ ശ്രദ്ധക്കുറവിന്റെ ഫലമായാണ് കൊള്ള നടന്നതെന്നും റിപ്പോർട്ട്‌ അടിവരയിടുന്നു. 40 ദിവസത്തെ വീഡിയോ പരിശോധിച്ചതിൽ നിന്നുതന്നെ 70 തവണ കളവ് നടന്നതായി കണ്ടെത്തുകയുണ്ടായി. ചിലർ ധരിച്ച വസ്‌ത്രത്തിനുള്ളിലും കീശയിലും ഷൂവിൽ പോലും പണം ഒളിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതായി എസ്ഐടി റിപ്പോർട്ട്‌ പറയുന്നു. ഏതെങ്കിലുമൊരു ദിവസംമാത്രം നടന്ന സംഭവമല്ല ഇത്. ആവർത്തിക്കപ്പെട്ടു. മൊബൈൽ ഫോണും മറ്റ്‌ വസ്‌തുക്കളും പണം എണ്ണിത്തിട്ടപ്പെടുത്തുന്ന മുറിയിലേക്ക് കൊണ്ടുപോകാൻ ജീവനക്കാരെ അനുവദിക്കുകയുംചെയ്‌തു. ഒരു ദേഹപരിശോധനയും ഇല്ലാതെയാണ് ഇവരെ അകത്തേക്കും പുറത്തേക്കും പോകാൻ അനുവദിച്ചത്. ബയോമെട്രിക് അറ്റൻഡൻസ് രേഖപ്പെടുത്തിയിരുന്നില്ല. ബാങ്കുമായി ഒപ്പുവച്ച എസ്ഒപി നടപ്പിലാക്കുന്നതിൽ ട്രസ്റ്റ് അംഗമായ അനിൽ മിശ്രയ്‌ക്ക് ഗുരുതര വീഴ്‌ചയുണ്ടായി. 15 അംഗ ട്രസ്റ്റിമാരിൽ ആകെ പേരെടുത്ത് പറയുന്ന വ്യക്തി അനിൽ മിശ്രയുടേത്‌ മാത്രമാണ്.കാണിക്കപ്പെട്ടിയുടെ താക്കോൽ ജീവനക്കാരായ ടിന്റു യാദവിന് നൽകിയത് ഗുരുതര വീഴ്‌ചയാണെന്നും റിപ്പോർട്ട്‌ പറയുന്നു.

സുരക്ഷാ സംവിധാനം സ്വകാര്യ കമ്പനിയായ എസ്ഐഎസിനെ ഏൽപ്പിച്ചതിനെയും റിപ്പോർട്ട് വിമർശിക്കുന്നു. ഇപ്പോൾ അറസ്റ്റിലായ എട്ടുപേരുടെ പേരും അവർ ചെയ്‌ത കുറ്റങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ടിൽ ഒരിടത്തുപോലും ചമ്പത് റായിയുടെ പേര് പരാമർശിക്കുന്നില്ല. എന്നാൽ ദിവസവും അരക്കോടിയോളം രൂപ വരുമാനമുള്ള ക്ഷേത്രത്തിൽ അവ എണ്ണി തിട്ടപ്പെടുത്തുന്ന ഇടത്ത് പരമാവധി സുരക്ഷ ഒരുക്കേണ്ടത് ആരുടെ ചുമതലയാണ്? ജീവനക്കാരുടെയും മേൽനോട്ടക്കാരുടേതുമാണോ, അതോ ട്രസ്റ്റിന്റെ പ്രാഥമിക ചുമതലയാണോ ഇത്? ഈ ഉത്തരവാദിത്വത്തിൽനിന്നും ട്രസ്റ്റ് ഒഴിഞ്ഞുമാറുന്നത് എങ്ങനെ? ട്രസ്റ്റിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ചമ്പത് റായിയാണ്. സ്വാഭാവികമായും ഏറ്റവും ഉയർന്ന കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ചമ്പത് റായിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിർവഹിക്കാതെ ശ്രീരാമനെ പോലും കൊള്ള ചെയ്യാൻ അവസരമൊരുക്കിയ കാട്ടുകള്ളന്മാരെ സംരക്ഷിക്കാനാണ് എസ്ഐടി ശ്രമിക്കുന്നത് എന്ന വിമർശനമാണ് ഉയരുന്നത്.


ചമ്പത് റായിയുടെ അറിവില്ലാതെ, സമ്മതമില്ലാതെ വൻതോതിൽ കാണിക്കയും സംഭാവനകളും ചോരില്ലെന്ന ഉറച്ച വിശ്വാസമാണ് അയോധ്യാവാസികൾ പ്രകടിപ്പിക്കുന്നത്. "നമ്മുടെ സ്വന്തം കുട്ടികളാ’യതുകൊണ്ട് സമഗ്രമായ പരിശോധനാ സംവിധാനമോ സുരക്ഷാ സംവിധാനമോ ആവശ്യമില്ലെന്നുവരെ ട്രസ്റ്റികൾ അഭിപ്രായപ്പെട്ടതായി വാർത്ത പുറത്തുവരികയും ചെയ്‌തിട്ടുണ്ട്.

എന്തുകൊണ്ടാണ് സർക്കാർ ആഗ്രഹിക്കുന്നവിധം ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ ഒഴിവാക്കി എസ്ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത് എന്നതിനും അഭിഷേക് ഉപാധ്യായ എന്ന പത്രപ്രവർത്തകൻ പുറത്തുകൊണ്ടുവന്ന റിപ്പോർട്ട് ഉത്തരം നൽകുന്നുണ്ട്. "വഞ്ചനയ്‌ക്കും തിരിമറിക്കും പ്രതിയായി അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ആയോധ്യകൊള്ള അന്വേഷിക്കുന്നത്. രാമക്ഷേത്രം സംബന്ധിച്ച അന്വേഷണം എങ്ങനെ നിഷ്‌പക്ഷമാകും? ഗവൺമെന്റ്‌ എന്തു പറയുന്നോ അതായിരിക്കില്ലേ റിപ്പോർട്ട്...’ എന്ന എക്സിൽ കുറിച്ച ഉപാധ്യായയുടെ വാക്കുകളാണ് ഈ തട്ടിപ്പ് കഥ പുറത്തുകൊണ്ടുവന്നത്. മൂന്നംഗ എസ്ഐടിക്ക് നേതൃത്വം നൽകുന്നത് ലഖ്നൗ ഡിവിഷണൽ കമീഷണറായ വിജയ് വിശ്വാസ് പന്താണ്. 2013 മുതൽ 15 വരെ പടിഞ്ഞാറൻ യുപിയിൽ ഊർജവിതരണ വകുപ്പിൽ പ്രധാന ചുമതല വഹിച്ചപ്പോഴാണ് 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിജയ് വിശ്വാസ് പന്ത് തട്ടിപ്പ് നടത്തിയത്. 2019‐ൽ കാൺപൂർ മജിസ് േട്രറ്റായി പ്രവർത്തിക്കവെയാണ് വിജയ് വിശ്വാസടക്കം 14 ഉദ്യോഗസ്ഥർക്കെതിരെ മീറത്തിലെ പരീഷത്ഗഡ് പൊലീസ് കേസെടുത്തത്. വ്യാജരേഖകൾ ഉണ്ടാക്കി വെസ്‌റ്റേൺ ഇലക്ട്രിസിറ്റി കോർപറേഷനിൽ നിന്നും തനിക്ക് കിട്ടാനുള്ള പണം തട്ടിയെടുത്തുവെന്ന കരാറുകാരൻ ശിവകുമാർ ശർമ നൽകിയ പരാതിയിലായിരുന്നു കേസ്. ഈ കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് മീറത്തിലെ ഡിഎസ്‌പി വിശ്വജ്യോതി റായ് അറിയിച്ചതായി "ദ വയർ’ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചൂർ, കലന്ദി, മുൽഹേദ എന്നീ മൂന്ന് ഗ്രാമങ്ങൾ വൈദ്യുതീകരിക്കുന്നതിന്റെ കരാറാണ് ശർമയ്‌ക്ക് ലഭിച്ചിരുന്നത്. രണ്ട് തവണ പൊലീസ് ഈ കേസ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതി അനുവദിക്കാത്തതാണ് കേസ് തുടരാൻ കാരണം. കളങ്കിതനായ ഒരു ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണ ഫലങ്ങൾ വിശ്വസിക്കാൻ കഴിയുന്നതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.

ഏതായാലും രാമക്ഷേത്രകൊള്ള സുപ്രീം കോടതിയുടെ മുമ്പിലെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ക്ഷേത്ര ട്രസ്റ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. എസ്ഐടി ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ടും സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉന്നത ആർഎസ്എസ്‐ വിഎച്ച്പി നേതാക്കൾ ഉൾപ്പെട്ട ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കരുതെന്നും മറ്റാരും കാണാതിരിക്കാൻ എസ്ഐടി റിപ്പോർട്ട് മുദ്രവച്ച കവറിലായിരിക്കണം പരമോന്നത കോടതിയിൽ സമർപ്പിക്കേണ്ടതെന്നുമുള്ള യോഗി സർക്കാരിന്റെ ആവശ്യം തള്ളിയാണ് ഈ ഉത്തരവ് ഉണ്ടായിട്ടുള്ളത്. യോഗി സർക്കാരിനും കേന്ദ്രസർക്കാരിനും വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത് എന്നതിൽനിന്നും കേന്ദ്രം ഈ വിഷയം ഏറ്റെടുത്തുവെന്ന ആഖ്യാനവും ഉയർന്നിരിക്കുകയാണ്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ കേൾക്കുകയായിരുന്നു സുപ്രീം കോടതി. പരമോന്നത കോടതി ആവശ്യപ്പെട്ട പ്രകാരം രൂപീകരിച്ച ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര കൊള്ള നടന്നത് എന്നതിനാൽ സുപ്രീം കോടതി ഈ കേസ് ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ആയോധ്യ വിഷയത്തിൽ ഇതുവരെ പരമോന്നത കോടതിയുടെ വിധിന്യായങ്ങൾ ഈ പ്രതീക്ഷയ്‌ക്ക് മേൽ സംശയനിഴൽ വീഴ്‌ത്തുന്നുമുണ്ട് .



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home