പത്താം ക്ലാസുകാരനെ കൂട്ടംചേർന്ന് മർദ്ദിച്ചു; ആർത്തുചിരിച്ചും ദൃശ്യങ്ങൾ പകർത്തിയും സഹപാഠികൾ

പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രം
മൂവാറ്റുപുഴ: പത്താം ക്ലാസുകാരനെ സഹപാഠികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയും വീഡിയോ പകർത്തി പ്രചരിക്കുകയും ചെയ്തതായി പരാതി. മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ എന്നാക്രോശിച്ചായിരുന്നു മർദ്ദനം. ഇതിനിടെ അസഭ്യങ്ങളും വിളിച്ചു പറയുന്നുണ്ട്. സംഭവത്തിൽ മൂവ്വാറ്റുപുഴ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ഉൾപ്പെട്ടവർ മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാകണം. ആക്രമണം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റും വ്യക്തമാക്കി.
ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് മർദ്ദിച്ചവരും മർദ്ദനമേറ്റയാളും. വിവിധ ഡിവിഷനുകളിലായാണ് പഠിക്കുന്നത്. ജൂലൈ മാസം 16-ാം തീയതി സ്കൂളിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കം നടന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. സ്കൂൾ വിട്ടതിനു ശേഷം വൈകുന്നേരം നാലരയോടെ പുറത്തുള്ള ഇടവഴിയിൽ വെച്ചായിരുന്നു വിദ്യാർഥി മർദ്ദനത്തിന് ഇരയാക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് വിദ്യാർഥിയെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയതെന്നാണ് വിവരം. പുറത്ത് വന്ന ദൃശ്യങ്ങളിൽ സംഘം വിദ്യാർഥിക്കു ചുറ്റും നടന്നു പരിഹസിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യുന്നത് കാണാം.
ഇതിനിടെ പല തവണ മർദ്ദിക്കുന്നതു പോലെ നടിച്ചു. ഇതിനിടെയാണു കേസിലെ ഒന്നാം പ്രതി വിദ്യാർഥിയുടെ ഇടത്തേ കവിളിൽ ആഞ്ഞിടിക്കുന്നത്. പിന്നാലെ മറ്റുള്ളവരും കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖത്തും തലയിലും അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനുശേഷമാണ് വിദ്യാർഥികൾ ആർത്തു ചിരിക്കുന്നത്. എന്നാൽ, സംഭവത്തിന്റെ വീഡിയോ ആരാണു പകർത്തിയത് എന്നു വ്യക്തമല്ല. എന്നാൽ ആക്രമിച്ച് ആ ദൃശ്യങ്ങൾ പകര്‍ത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വിദ്യാർഥിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.










0 comments