'ആരോഗ്യം വീണ്ടെടുത്ത് വരുന്നു, പിന്തുണച്ച എല്ലാവർക്കും നന്ദി'; സോനം വാങ്ചുക് ആശുപത്രി വിട്ടു

ന്യൂഡൽഹി : ജന്തർ മന്തറിലെ നിരാഹാര സമരത്തെ തുടർന്ന് ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലായിരുന്ന പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രി വിട്ടു. എക്സിലൂടെ വാങ്ചുക് തന്നെയാണ് ഡിസ്ചാർജ് ചെയ്യുന്ന വിവരം അറിയിച്ചത്.
26 ദിവസം നീണ്ട നിരാഹാര സമരത്തിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വാങ്ചുകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട ശേഷം വീട്ടിലേക്ക് പോകുന്നതിന് മുൻപ് രാജ്ഘട്ടിൽ പോവുമെന്ന് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വാങ്ചുക് പറഞ്ഞു. ഒടുവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോവുകയാണ്. പോകുന്നതിന് മുൻപ് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിക്കും. ശേഷം മലനിരകളിലേക്ക് തിരിച്ചുപോകും. ഇപ്പോൾ പതിയെ ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടുണ്ട്. ശരീരം മെച്ചപ്പെട്ടതായി അനുഭവപ്പെടുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി, വാങ്ചുക് പറഞ്ഞു.
നീറ്റ് യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിൽ ജൂലൈ 18 നാണ് സോനം വാങ്ചുക്കിനെ പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപ്തരിയിലേക്ക് കൊണ്ടുപോയത്. 26 ദിവസം നീണ്ട നിരാഹാര സമരത്തെ തുടർന്ന് ഏകദേശം 10 കിലോയോളം ഭാരം കുറയുകയും ആരോഗ്യനില മോശമാവുകയും ചെയ്തിരുന്നു.










0 comments