ad
Deshabhimani

ജന്തർ മന്തറിലെ 'നാഷണൽ ക്രഷ്'; വൈറലായ അഭിനവിന്റെ ഇൻസ്റ്റ അക്കൗണ്ട് കാണാനില്ല

abhinav bisht ig
വെബ് ഡെസ്ക്

Published on Jul 27, 2026, 03:15 PM | 2 min read

ന്യൂഡൽഹി: അധിക്ഷേപമില്ല, വിദ്വേഷ പരാമർശങ്ങളില്ല... ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ജനപങ്കാളിത്തം ട്രെൻഡിങ് റീലുകളിലൂടെ ലക്ഷക്കണക്കിന് ആളുകളിലെത്തിച്ച യുവ കണ്ടന്റ് ക്രിയേറ്റർ അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാനില്ല. സമരവേദിയിലെ ജനപങ്കാളിത്തവും യുവാക്കളുടെ ആവേശവും പകർത്തിയ അഭിനവിന്റെ വീഡിയോകൾ വൻതോതിൽ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. @issac1rl എന്ന അക്കൗണ്ട് തുറക്കുമ്പോൾ പേജ് ലഭ്യമല്ലെന്ന സന്ദേശമാണ് ഇപ്പോൾ കാണുന്നത്.


സമരത്തിനുമുമ്പ് അഭിനവിന് ഏകദേശം അയ്യായിരം ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. ജന്തർ മന്തറിൽനിന്നുള്ള റീലുകൾ വൈറലായതോടെ ഇത് 5.7 ലക്ഷത്തിലധികമായി. നിരവധി വീഡിയോകൾ മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി.


‘മേരെ മെഹ്ബൂബ് ഖയാമത് ഹോഗി’ എന്ന ഗാനത്തിനൊപ്പമുള്ള റീൽ മാത്രം 15 കോടിയിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. ഇതോടെ ‘നാഷണൽ ക്രഷ്’ എന്ന പേരിൽ അഭിനവിനെ ആഘോഷിച്ചുള്ള വാർത്തകളും സമൂഹമാധ്യമ പോസ്റ്റുകളും നിറഞ്ഞു. എന്നാൽ അഭിനവിന്റെ ഉള്ളടക്കത്തിന്റെ രാഷ്ട്രീയപ്രാധാന്യം ഈ ‘ക്രഷ്’ വിശേഷണത്തിനപ്പുറമായിരുന്നു.


സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് ഇൻസ്റ്റഗ്രാമിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന പരാതികൾ ഉയർന്ന സമയത്തായിരുന്നു അഭിനവിന്റെ റീലുകൾ ശ്രദ്ധനേടിയത്. നിരവധി പ്രതിഷേധ വീഡിയോകൾ ‘സെൻസിറ്റീവ് കണ്ടന്റ്’ എന്ന മുന്നറിയിപ്പോടെ മറച്ചുവച്ചതായും റീലുകളുടെ വ്യാപ്തി പെട്ടെന്ന് കുറഞ്ഞതായും ഉപയോക്താക്കളും കണ്ടന്റ് ക്രിയേറ്റർമാരും പരാതിപ്പെട്ടിരുന്നു. ഇതിൽ വ്യക്തത ആവശ്യപ്പെട്ട് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ മെറ്റയ്ക്ക് കത്തയക്കുകയും ചെയ്തു.


ഇത്തരം നിയന്ത്രണങ്ങളെ മറികടന്ന് പ്രക്ഷോഭവും അവിടത്തെ ജനപങ്കാളിത്തവും വേറിട്ട രീതിയിൽ ആളുകളിലേക്കെത്തിക്കാനാണ് വിദ്യാർഥികൾ ശ്രമിച്ചത്. പാട്ടുപാടിയും റീലുകളെടുത്തും അവർ സമാധാനപരമായി സമരത്തിനൊപ്പം നിന്നു.


സമരത്തെക്കുറിച്ച് നീണ്ട പ്രസംഗങ്ങൾ നടത്തുകയോ കേന്ദ്രസർക്കാരിനെതിരായ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉപയോഗിക്കുകയോ ആയിരുന്നില്ല അഭിനവിന്റെ രീതി. നേരത്തേ വൈറലായ റീൽ ട്രെൻഡുകൾ സമരവേദിയിൽ പുനരാവിഷ്‌കരിച്ചു. അതിലൂടെ അവിടത്തെ ജനക്കൂട്ടവും പ്രതിഷേധത്തിന്റെ അന്തരീക്ഷവും തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ നിലനിർത്തി. ഗൗരവമുള്ള പ്രക്ഷോഭത്തെ ജെൻ സി തലമുറയുടെ നർമവും ട്രെൻഡുകളും ചേർത്ത് അവതരിപ്പിച്ച ഈ രീതിക്ക് കൂടുതൽ യുവാക്കളെ സമരത്തിലേക്ക് ആകർഷിക്കാനും കഴിഞ്ഞു.


സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും നേരത്തേ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. സിജെപി വക്താവിന്റെ വാട്‌സാപ്പ് അക്കൗണ്ട് ഓട്ടോമേറ്റഡ് മോഡറേഷൻ സംവിധാനത്തിലെ പിഴവുമൂലമാണ് തടഞ്ഞതെന്നായിരുന്നു മെറ്റയുടെ വിശദീകരണം. പിന്നീട് രണ്ട് അക്കൗണ്ടുകളും പുനഃസ്ഥാപിച്ചു.


എന്നാൽ അഭിനവിന്റെ അക്കൗണ്ട് കാണാതായ സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ല. സമരവാർത്തകളും പൊലീസ് നടപടിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപിക്കുന്നതിനിടെ കണ്ടന്റിന്റെ വ്യാപ്തി നിയന്ത്രിക്കപ്പെട്ടെന്ന പരാതികളും അക്കൗണ്ടുകൾ തടയപ്പെട്ട സംഭവങ്ങളും ഇതിനുമുമ്പേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


കേന്ദ്രസർക്കാരിനെതിരെയും മോദിക്കെതിരെയും അധിക്ഷേപകരമായ പരാമർശങ്ങളൊന്നും ഇല്ലാത്ത ഇത്തരം റീലുകൾപോലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടോയെന്ന ചോദ്യമാണ് അക്കൗണ്ട് കാണാതായതോടെ ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home