ഗുജറാത്തിലെ കുട്ടികൾ സുരക്ഷിതരോ? പോക്സോ കേസുകൾ വർധിക്കുന്നു

പ്രതീകാത്മക എഐ ചിത്രം
അഹമ്മദാബാദ് : കുട്ടികൾക്ക് സുരക്ഷിതരല്ലാത്ത നാടായി വളരുകയാണ് ബിജെപി ഭരിക്കുന്ന മോഡിയുടെ സ്വന്തം നാടായ ഗുജറാത്ത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആശങ്കാജനകമായ വർധനവാണ് രണ്ട് വർഷത്തിനിടെ ഗുജറാത്തിലുണ്ടായത്. പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 32 ശതമാനം വർധനയുണ്ടായെന്നാണ്.
പോക്സോ കേസുകൾ വർധിക്കുന്നതിനാൽ കൃത്യസമയത്ത് ശിക്ഷാനടപടികൾ സ്വീകരിക്കുവാനും കേസ് തീർപ്പാക്കുവാനും കോടതികൾ ബുദ്ധിമുട്ടുകയാണ്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയല്ലാതെ കുറയ്ക്കുന്നതിന് വേണ്ട കർശന നടപടികളൊന്നും തന്നെ ഭരണത്തിലിരിക്കുന്ന ബിജിപി സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ വേഗത്തിൽ നീതി നടപ്പാക്കാനുള്ള സംവിധാനങ്ങളുമില്ല. ആയിരക്കണക്കിന് പോക്സോ കേസുകളാണ് ഗുജറാത്തിലെ കോടതികളിൽ നീതി കാത്തിരിക്കുന്നത്.
വനിതാ - ശിശു വികസന മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച പുതിയ കണക്കുകൾ പ്രകാരം ഓരോ വർഷവും കൂടുതൽ കുട്ടികൾ അതിക്രമങ്ങൾക്ക് ഇരകളാകുന്നു. എന്നാൽ നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കോടതികൾ ഇഴഞ്ഞാണ് നീങ്ങുന്നത്.
2024ൽ കുട്ടികൾക്കെതിരായ 5,394 കുറ്റകൃത്യങ്ങൾ ഗുജറാത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. 2020ൽ 4,075 കേസുകളായിരുന്നെങ്കിൽ 2021ൽ അത് 4,515 ലെത്തി. 2022 ആയപ്പോഴേക്കും 4,964 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു. 2023ൽ 5,083 കേസുകളും, 2024ൽ 5,394 കേസുകളുമായി ഈ കണക്ക് വർധിച്ചു. അതായത് അഞ്ച് വർഷത്തിനിടെ ഏകദേശം 32 ശതമാനം വർധനവ്.
2020ൽ 23,268 പോക്സോ കേസുകളായിരുന്നു ഉണ്ടായിരുന്നത്. 2024ൽ അത് 32,586 കേസുകളായി വർധിച്ചു. ഓരോ വർഷവും കേസുകൾ വർധിക്കുമ്പോൾ, നീതി കാത്തിരിക്കുന്നത് നിരവധി പേരാണ്. തെളിവുകളില്ലാത്താണ് പല കേസുകളും പൂർത്തിയാകാത്തതിന് കാരണം. അതായത് നിയമവ്യവസ്ഥ പരാജപ്പെടുന്നുവെന്ന് ചുരുക്കം.
പോക്സോ നിയമത്തിലെ സെക്ഷൻ 35 പ്രകാരം ഒരു കുട്ടിയുടെ പക്കൽ നിന്ന് 30 ദിവസത്തിനുള്ളിൽ തെളിവ് രേഖപ്പെടുത്തണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. ബിഎൻഎസ്എസ് പ്രകാരം ഗുരുതരമായ പോക്സോ കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നുമുണ്ട്. ഇതൊക്കെ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നടപ്പിലാകുമോ എന്ന ചോദ്യം ബാക്കിയാണ്.
ഗുജറാത്തിൽ നിലവിൽ 24 എക്സ്ക്ലുസീവ് പോക്സോ കോടതികൾ ഉൾപ്പടെ 35 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളും പ്രവർത്തിക്കുന്നുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതി പദ്ധതി പ്രകാരം കേന്ദ്രം ഗുജറാത്തിന് സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. ഇത്രയൊക്കെ കേന്ദ്രസഹായവും സൗകര്യവും ലഭിച്ചിട്ടും കേസുകൾ കുറയ്ക്കുന്നതിലും തീർപ്പാക്കുന്നതിലും സംസ്ഥാനം പിന്നിലാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.










0 comments