പുതിയ മാറ്റങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് കൂടുതൽ സർവീസ്

ന്യൂഡൽഹി : ശീതകാലത്ത് വിമാന സർവീസ് വിപുലീകരിക്കാനും റെട്രോഫിറ്റിങ് നടപടികൾ വേഗത്തിലാക്കാനും എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ റൂട്ടുകളിലേക്കും അധിക സർവീസുകളിലേക്കും വിമാന സർവീസ് എത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2026–27ലെ നോർത്തേൺ വിന്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് നിരവധി പുതിയ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 25 മുതൽ കൊച്ചി–ബാങ്കോക്ക് റൂട്ടിൽ ആഴ്ചയിൽ നാല് സർവീസുകളും, ഒക്ടോബർ 26 മുതൽ മംഗളൂരു–റാസ് അൽ ഖൈമ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളും ആരംഭിക്കും. മുംബൈ–കുവൈത്ത്, അമൃത്സർ–അബുദാബി, ചണ്ഡിഗഢ്–ഷാർജ, വിശാഖപട്ടണം–ബാങ്കോക്ക് റൂട്ടുകളിലും അധിക സർവീസുകളുണ്ടാകും. ചെന്നൈ–സിംഗപ്പൂർ സർവീസ് എയർ ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലേക്ക് മാറ്റും. ഒക്ടോബർ 25 മുതൽ ഈ റൂട്ടിൽ ബോയിങ് 737 മാക്സ് 8 വിമാനങ്ങൾ ദിവസവും രണ്ട് സർവീസുകൾ നടത്തും.
അതേസമയം, വിമാനങ്ങളുടെ കാബിൻ നവീകരണത്തിനായുള്ള റെട്രോഫിറ്റിങ് നടപടികളും വേഗത്തിലാക്കുകയാണ് കമ്പനി. ഗൾഫിലേക്കുള്ള സർവീസുകളിൽ കുറവുണ്ടായതിനെ തുടർന്ന് വിമാനങ്ങൾക്ക് ലഭിച്ച ഒഴിവുസമയം റെട്രോഫിറ്റ് ജോലികൾ വേഗത്തിലാക്കാൻ ഉപയോഗിക്കുകയാണ് കമ്പനി. പുതുക്കിയ സീറ്റുകളും ചാർജിംഗ് സൗകര്യങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക നവീകരണമാണ് ലക്ഷ്യം.
യാത്രക്കാർ കൂടുതലുള്ള ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ശീതകാല ഷെഡ്യൂളിൽ സർവീസ് വർധിപ്പിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം വിമാനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.








0 comments