ad
Deshabhimani

ആകാശത്തിലെ അദൃശ്യ
നദികൾ

atmospheric river ai image

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 13, 2026, 10:16 AM | 2 min read

നമുക്കറിയുന്ന നദികളെല്ലാം കരയിലൂടെ ഒഴുകുന്നവയാണ്. എന്നാൽ, ഭൂമിയിലെ ഏറ്റവും വലിയ നദിയായ ആമസോണിനേക്കാൾ എത്രയോ മടങ്ങ് ജലബാഷ്പവും വഹിച്ചുകൊണ്ട് നമ്മുടെ തലയ്ക്ക് മുകളിലൂടെ അദൃശ്യമായി ഒഴുകുന്ന ചില നദികളുണ്ട്—‘അന്തരീക്ഷ നദികൾ' (Atmospheric Rivers). സമീപകാലത്തായി കേരളത്തിലുണ്ടായ പ്രളയങ്ങളുടെയും അതിതീവ്ര മഴയുടെയും ശാസ്ത്രീയ കാരണങ്ങൾ തിരഞ്ഞുപോകുമ്പോൾ ഭൂപടത്തിൽ തെളിയുന്നത് അന്തരീക്ഷത്തിലൂടെയുള്ള ഇത്തരം കൂറ്റൻ നീരൊഴുക്കുകളാണ്.


ഈർപ്പപ്രവാഹങ്ങൾ


അന്തരീക്ഷത്തിന്റെ താഴ്ന്നതട്ടിലൂടെ വൻതോതിൽ ജലബാഷ്പം വഹിച്ചുകൊണ്ട് നീളത്തിൽ വീതികുറഞ്ഞ പാതകളായി സഞ്ചരിക്കുന്ന ശക്തമായ ഈർപ്പപ്രവാഹങ്ങളെയാണ് കാലാവസ്ഥാ ശാസ്ത്രത്തിൽ ‘അന്തരീക്ഷ നദികൾ' എന്ന് വിളിക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുമ്പോൾ ആവിയാകുന്ന ടൺകണക്കിന് നീരാവിയെ അതിവേഗത്തിലുള്ള കാറ്റുകൾ ഒരൊറ്റ ചാനലിലൂടെ തള്ളിവിടുമ്പോഴാണ് ഇവ രൂപപ്പെടുന്നത്.

തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കാലത്ത് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബിക്കടലിൽ നിന്നും നീരാവി ശേഖരിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് കുതിച്ചെത്തുന്ന ‘സോമാലി ജെറ്റ്' (Somali Jet) എന്ന നീരാവി നിറഞ്ഞ കൂറ്റൻ കാറ്റ് അന്തരീക്ഷനദിയായാണ് പലപ്പോഴും പശ്ചിമഘട്ട മലനിരകളിലേക്ക് പ്രവേശിക്കുന്നത്.


പ്രളയങ്ങൾക്ക് പിന്നിൽ


ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) യിലെ ശാസ്ത്രജ്ഞരുടെ പഠനം പ്രകാരം, 1951 മുതൽ ഇന്ത്യയിലുണ്ടായ വലിയ മൺസൂൺ പ്രളയങ്ങളിൽ അമ്പത് ശതമാനത്തിലധികവും അന്തരീക്ഷനദികളുടെ സാന്നിധ്യം മൂലമാണ്. 2018ൽ കേരളത്തെ നടുക്കിയ പ്രളയം ഒരു സാധാരണ മൺസൂൺ മഴയായിരുന്നില്ല. അറബിക്കടലിന് മുകളിൽ രൂപപ്പെട്ട് പശ്ചിമഘട്ടത്തിലേക്ക് നീണ്ട ഒരു കൂറ്റൻ അന്തരീക്ഷ നദി പ്രളയജലമായി പെയ്തിറങ്ങിയതാണെന്ന് ശാസ്ത്രീയ വിശകലനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രത്തിൽ നിന്ന് അതിവേഗം എത്തിയ ഈർപ്പപ്രവാഹം പശ്ചിമഘട്ട മലനിരകളിൽ തട്ടി പെട്ടെന്ന് ഉയരുകയും ദിവസങ്ങളോളം കേരളത്തിന് മുകളിൽ കേന്ദ്രീകരിച്ച് അതിതീവ്ര മഴയായി പെയ്യുകയുമായിരുന്നു. 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിലും കഴിഞ്ഞ വർഷം വയനാട്ടിലും ഈ വർഷം പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമുണ്ടായ പ്രകൃതി ക്ഷോഭങ്ങൾക്ക് പിന്നിലും ഇത്തരം അദൃശ്യ നദികളുണ്ടെന്നാണ്‌ നിഗമനം.


വർധിക്കുന്ന ഭീഷണി


കാലാവസ്ഥാ വ്യതിയാനം കാരണം വരുംവർഷങ്ങളിൽ അദൃശ്യ നദികളുടെ വ്യാപ്തി വർധിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. അന്തരീക്ഷ താപനില ഓരോ ഡിഗ്രി സെൽഷ്യസ് ഉയരുമ്പോഴും അന്തരീക്ഷത്തിന് ഏകദേശം ഏഴ് ശതമാനം കൂടുതൽ നീരാവി ഉൾക്കൊള്ളാൻ കഴിയും (Clausius- Clapeyron Relation).


അറബിക്കടൽ കടുപ്പത്തിൽ ചൂടുപിടിക്കുന്നതോടെ അന്തരീക്ഷ നദികൾ വഹിക്കുന്ന ജലബാഷ്പത്തിന്റെ സാന്ദ്രത കൂടും. ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിലുള്ള മഴയ്ക്കും (Cloudburst patterns), പെട്ടെന്നുള്ള കൂറ്റൻ പ്രളയങ്ങൾക്കും (Flash Floods) വഴിതുറക്കും.


അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഒഴുക്കും കൃത്യമായി കണക്കാക്കുന്ന Integrated Vapor Transport (IVT) എന്ന ആധുനിക കാലാവസ്ഥ പ്രവചന മോഡലുകൾ വ്യാപകമാക്കുകയാണ്‌ പ്രതിരോധമാർഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home